ജയ്‌സ്വാളും ഗില്ലുമല്ല; ആർ.പി സിങ് ഇന്ത്യയുടെ ഭാവി കാണുന്നത് ഈ യുവതാരത്തിൽ...
22 പന്തുകളെ നേരിട്ടുവെങ്കിലും തിലക് വര്‍മ്മ ക്രീസിൽ നിന്ന സമയം എതിരാളികളെ വിറപ്പിക്കാൻ കഴിഞ്ഞിരുന്നു.
മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റങ്കെിലും ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇപ്പോഴിതാ ടി20യിൽ ഇന്ത്യയുടെ യുവതാരമായി ആര് എത്തും എന്നതിനക്കുറിച്ച് ചർച്ചകൾ സജീവമാകുന്നു.
ശുഭ്മാൻ ഗില്ല് മുതൽ യശസ്വി ജയ്‌സ്വൾ വരെ ഇന്ത്യയുടെ ഭാവി താരമാകാൻ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ മുൻ ഇന്ത്യൻ താരം ആർ.പി സിങിന്റെ അഭിപ്രായം വന്നിരിക്കുന്നു. തിലക് വർമ്മയാണ് ഇന്ത്യയുടെ ഭാവിതാരം എന്ന് പറയുകയാണ് ആർ.പി സിങ്. വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യടി20 പരമ്പരയിലായിരുന്നു താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നത്.
22 പന്തുകളിൽ 39 റൺസ് നേടിയ താരം വരവറിയിക്കുകയും ചെയ്തു. 22 പന്തുകളെ നേരിട്ടുവെങ്കിലും ക്രീസിൽ നിന്ന സമയം എതിരാളികളെ വിറപ്പിക്കാൻ താരത്തിനായിരുന്നു.
ആര്‍.പി സിങിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഇന്ത്യയുടെ യുവതാരമായി അദ്ദേഹത്തെ വിശേഷിപ്പിക്കാൻ എനിക്കാവും. മധ്യനിരയിൽ ഒരു ഇടംകയ്യൻ ബാറ്ററെയാണ് എല്ലാവരും നോക്കിയിരുന്നത്. തിലക് വർമ്മയെ അവിടേക്ക് പരിഗണിക്കാം. സിക്‌സർ പറത്തിക്കൊണ്ടാണ് താരം ടി20 തന്റെ അക്കൗണ്ട് തുറന്നത്. എക്‌സ്ട്രാ കവറിലൂടെയുള്ള ആ സിക്‌സർ മനോഹരമായിരുന്നു, എളുപ്പത്തിൽ ഒരാൾക്ക് അതിന് സാധിക്കില്ല'- ആർ.പി സിങ് പറഞ്ഞു.
ആഗസ്റ്റ് ആറ് ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടി20. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ ടി20യിൽ ചെറിയ സ്‌കോറായിരുന്നുവെങ്കിലും ടീം ഇന്ത്യ തോറ്റത് എല്ലാവരെയും ഞെട്ടിച്ചു. മാച്ച് വിന്നിങ് ഇന്നിങ്‌സ്(കളി ജയിപ്പിക്കാൻ പോന്ന പ്രകടനം) പുറത്തെടുക്കാൻ ഇന്ത്യൻ ബാറ്റിങ് നിരയിലെ ആർക്കും കഴിഞ്ഞിരുന്നില്ല.