"അയാളെ ഇനിയും ടീമില്‍ വച്ചിരിക്കണോ"; രാജസ്ഥാന്‍ റോയല്‍സിനോട് മുന്‍ ഇന്ത്യന്‍ താരം
"കഴിഞ്ഞ മൂന്ന് വർഷം നമ്മൾ അയാളിൽ കാണാത്ത എന്തോ ഒന്ന് രാജസ്ഥാൻ അയാളിൽ കാണുന്നുണ്ട്''
രാജസ്ഥാൻ റോയൽസിന്‍റെ ഇന്ത്യൻ യുവതാരം റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതിരുന്ന പരാഗ് ഈ സീസണിലും ഫോമില്ലായ്മ തുടരുകയാണ്. ഇതിനെത്തുടര്‍ന്നാണ് മഞ്ജരേക്കറുടെ പ്രതികരണം. ഐ.പി.എൽ മെഗാതാരലേലത്തിൽ 3.8 കോടി മുടക്കിയാണ് രാജസ്ഥാൻ പരാഗിനെ ടീമിലെത്തിച്ചത്.
"കഴിഞ്ഞ രണ്ട് സീസണിൽ പരാഗിന്‍റെ ബാറ്റിംഗ് ആവറേജ് 11 ആണ്. 110 നടുത്താണ് അവന്‍റെ സ്‌ട്രൈക്ക് റൈറ്റ്. എന്നിട്ടും രാജസ്ഥാൻ അവനെ 3.8 കോടി എന്ന വലിയ തുക മുടക്കി ടീമിലെത്തിച്ചു. കഴിഞ്ഞ മൂന്ന് വർഷം നമ്മൾ അയാളിൽ കാണാത്ത എന്തോ ഒന്ന് രാജസ്ഥാൻ അയാളിൽ കാണുന്നുണ്ട്''- മഞ്ജരേക്കർ പറഞ്ഞു.
ഈ സീസണിൽ നിരവധി തവണ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയിട്ടും പരാഗിന് ഇതു വരെ ഫോം കണ്ടെത്താനായിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 9 പന്തില്‍ 12, മുംബൈ ഇന്ത്യന്‍സിനെതിരെ 4 പന്തില്‍ 5, ലക്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 4 പന്തില്‍ 8, ഗുജറാത്തിനെതിരെ 16 പന്തില്‍ 18 എന്നിങ്ങനെയാണ് പരാഗിന്‍റെ ഈ സീസണിലെ പ്രകടനങ്ങള്‍.
രാജസ്ഥാൻ റോയൽസിൽ തന്നെയാണ് പരാഗ് ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. 17ാം വയസ്സിൽ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ച താരം ആ സീസണിൽ അർധ സെഞ്ച്വറി നേടി ഐ.പി.എല്ലിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് തന്‍റെ പേരിലാക്കിയിരുന്നു.
summary - something They Have Seen In Him, Which We Haven't Seen In 3 Years" – Sanjay Manjrekar Questions RR's Backing Of Riyan Parag In IPL