സഞ്ജു പുറത്ത്? യശസ്വി ജയ്‌സ്വാൾ അകത്ത്? രണ്ടാം ടി20യിലെ സാധ്യതാ ഇലവൻ ഇങ്ങനെ...
ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണം ഇന്ത്യക്ക് മാറ്റേണ്ടതിനാൽ കെട്ടുറപ്പുള്ള ടീമിനെത്തന്നെ ഹാർദിക് പാണ്ഡ്യക്ക് ഇറക്കേണ്ടി വരും
ഗയാന: വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ടി20 ഇന്ന് ഗയാനയിൽ നടക്കുമ്പോൾ ഇന്ത്യയുടെ അന്തിമ ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത. ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണം ഇന്ത്യക്ക് മാറ്റേണ്ടതിനാൽ കെട്ടുറപ്പുള്ള ടീമിനെത്തന്നെ ഹാർദിക് പാണ്ഡ്യക്ക് ഇറക്കേണ്ടി വരും. ഇന്ത്യ തോറ്റ ആദ്യ ടീമിൽ നിന്നും മാറ്റങ്ങളുണ്ടാകാനാണ് സാധ്യത.
അതിൽ പ്രധാനമായും പറഞ്ഞുകേൾക്കുന്നത് സഞ്ജുവിനെക്കുറച്ചാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ സഞ്ജുവിനെ മാറ്റി യുവതാരം യശസ്വി ജയ്‌സ്വാളിന് അവസരം കൊടുക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ യശസ്വി കളിക്കുന്നത് ഓപ്പണിങ് സ്ഥാനത്താണ്. നിലവിൽ കിഷൻ- ശുഭ്മാൻ ഗിൽ സഖ്യത്തിൽ ഇന്ത്യ ദീർഘകാലം പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ഇവരിലൊരാളെ മാറ്റി ജയ്‌സ്വാളിനെ ആ സ്ഥാനക്ക് കൊണ്ടുവരാനാകും. അങ്ങനെ വന്നാൽ സഞ്ജുവിന്റെ സ്ഥാനത്തേക്ക് ഗില്ലോ കിഷനോ വരും.
ആദ്യ മത്സരത്തിൽ സഞ്ജു ഫിനിഷർ റോളിലേക്കാണ് എത്തിയിരുന്നതെങ്കിലും താരത്തിന്റെ 'ഫീൽഗുഡ്' എന്ന് പറയുന്നത് മൂന്നാം സ്ഥാനത്താണ്. എന്നാൽ സഞ്ജുവിനെ മാറ്റില്ലെന്നും യശസ്വിയുടെ അരങ്ങേറ്റം വൈകുമെന്ന റിപ്പോർട്ടുകളും സജീവമാണ്. ഇല്ലാത്ത റൺസിന് വേണ്ടിയാണ് സഞ്ജു ആദ്യ മത്സരത്തിൽ പുറത്താകുന്നത്. താരം ആത്മവിശ്വസത്തോടെ ബാറ്റേന്തുന്നതിനിടെയായിരുന്നു ആ റൺഔട്ട് വരുന്നത്. അതിനാൽ തന്നെ അവസരങ്ങൾ സഞ്ജു ഇനിയും അർഹിക്കുന്നുണ്ട്. അതിനാൽ തന്നെ കടുത്തൊരു തീരുമാനം ഹാർദിക്കിന് എടുക്കാനും ആകില്ല.
സ്പിന്നർമാരെ അകമഴിഞ്ഞു സഹായിക്കുന്ന പിച്ചാണ് ഗയാനിയിലേതും. പേസ് ബൗളിങ് ഡിപാർട്‌മെന്റിൽ ഉംറാൻ മാലികിന് അവസരം ലഭിച്ചേക്കും. പേസർമാരായി അർഷദീപ് സിങ്, മുകേഷ് കുമാർ എന്നിവരാണ്. രണ്ട് വിക്കറ്റ് വീഴ്ത്തി അർഷദീപ് തിളങ്ങിയിരുന്നു. അക്‌സർ പട്ടേൽ, യൂസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ തന്നെയാകും സ്പിൻ ഡിപാർട്‌മെന്റ് നിയന്ത്രിക്കുക. ഇവരില്‍ മാറ്റത്തിന് സാധ്യതയില്ല. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതെ ഇലവനെത്തന്നെ വിന്‍ഡീസ് ഇറക്കിയേക്കും.
ഇന്ത്യൻ ടീം സാധ്യതാ ഇലവൻ ഇങ്ങനെ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ)സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(നായകൻ), അക്‌സർ പട്ടേൽ, സഞ്ജു സാംസൺ, കുൽദീപ് യാദവ്, യൂസ് വേന്ദ്ര ചാഹൽ, അർഷദീപ് സിങ്, മുകേഷ് കുമാർ