സഞ്ജു സാംസൺ നായകൻ; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമായി
സഞ്ജുവിന് പുറമെ സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവരെയെല്ലാം ഉൾപ്പെടുത്തി 17 അംഗ സ്‌ക്വാർഡാണ് കെ.സി.എ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് 17 അംഗ സ്‌ക്വാർഡ് പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയിൽ കേരളത്തെ നയിച്ച സച്ചിൻ ബേബി, ഓൾറൗണ്ടർ ജലജ് സക്‌സേന, ബേസിൽ തമ്പി, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ് കുന്നുമ്മൽ ഉൾപ്പെടെ പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തി. മൂന്ന് പേരെ ട്രാവലിങ് റിസർവ്വായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 23നാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കമാകുക. ഗ്രൂപ്പ് ഇയിൽ ആദ്യ മത്സരത്തിൽ സർവീസസാണ് എതിരാളി. സർവീസസിന് പുറമെ ശക്തരായ മഹാരാഷ്ട്ര, മുംബൈ, ആന്ധ്ര പ്രദേശ് എന്നിവരേയും കേരളം നേരിടും. നാഗാലൻഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ച്വറിയടക്കം നേടി ഉജ്ജ്വല ഫോമിലുള്ള സഞ്ജുവിന്റെ സാന്നിധ്യം കേരളത്തിന് വലിയ ആത്മവിശ്വാസം നൽകും. ഇതോടൊപ്പം രഞ്ജി ട്രോഫിയിൽ ടീം നടത്തിവരുന്ന മികച്ച പ്രകടനം മുഷ്താഖ് അലി ട്രോഫിയിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. മാസങ്ങൾക്ക് മുൻപ് നടന്ന കേരള ക്രിക്കറ്റ് ലീഗിൽ മിന്നും പ്രകടനം നടത്തിയ സൽമാൻ നിസാർ ഉൾപ്പെടെയുള്ള താരങ്ങളുടെ സാന്നിധ്യവും കരുത്തേകും.
ആഭ്യന്തര ക്രിക്കറ്റിൽ നടക്കുന്ന ട്വന്റി 20 മത്സരമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി. ഇന്ത്യക്ക് ഇനി ജനുവരിയിൽ മാത്രമാണ് ടി20 മത്സരമുള്ളത്. അതിനാൽ സഞ്ജുവിന് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അവസരമുണ്ടാകും. കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങൾക്കിടെ സഞ്ജു അടിച്ചെടുത്തത് മൂന്ന് ടി20 സെഞ്ചുറികളാണ്. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ മൂന്ന് സെഞ്ചുറികൾ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ കളിക്കാരൻ എന്ന നേട്ടവും താരം സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ ടീമിന്റെ നായകനായി ശ്രേയസ് അയ്യറെ നേരത്തെ നിശ്ചയിച്ചിരുന്നു. അജിൻക്യ, രഹാനെ, ഷർദുൽ ഠാക്കൂർ ഉൾപ്പെടെയുള്ള താരങ്ങളും ടീമിലുണ്ട്. ബംഗാൾ ടീമിൽ മുഹമ്മദ് ഷമി ഇടംപിടിക്കുമെന്നും റിപ്പോർട്ടുണ്ട്