സഞ്ജു മടങ്ങിയെത്തും; സിംബാബ്‌വെക്കെതിരെ മൂന്നാം ടി20യിൽ അടിമുടി മാറ്റം

ധ്രുവ് ജുറേലിന് പകരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമ്പോൾ ഓപ്പണിങ് റോളിലേക്ക് യശസ്വി ജയ്‌സ്വാളും മടങ്ങിയെത്തും

Update: 2024-07-09 14:26 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ടി20യിൽ അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയ ഇന്ത്യൻ യുവനിര രണ്ടാം മാച്ചിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പരമ്പരയിലെ മൂന്നാം അങ്കം നാളെ ആരംഭിക്കാനിരിക്കെ ടീമിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്. ലോകകപ്പ് കിരീടം നേടിയ ടീം നാട്ടിലെത്താൻ വൈകിയതിനാൽ സഞ്ജു സാംസൺ, ശിവം ദുബെ, യശസ്വി ജയ്‌സ്വാൾ എന്നിവർ ആദ്യ രണ്ട് മാച്ചിൽ കളിച്ചിരുന്നില്ല. ഇവർ തിരിച്ചെത്തുന്നതോടെ നിലവിലെ ഇലവനിൽ കളിച്ച താരങ്ങൾ മാറിനിൽക്കേണ്ടിവരും.

  രണ്ടാം മാച്ചിൽ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ ഓപ്പണറുടെ റോളിൽ തുടരും. ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയ ശുഭ്മാൻഗിൽ വൺഡൗൺ പൊസിഷനിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. പകരം യശസ്വി ജയ്‌സ്വാൾ ഇന്നിങ്‌സ് ഓപ്പൺ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. ഗിൽ മൂന്നിലേക്ക് മാറുന്നതോടെ ഋതുരാജ് ഗെയിക്‌വാദിന്റെ സ്ഥാനം തെറിച്ചേക്കും. നാലാം നമ്പറിൽ റിയാൻ പരാഗിന് വീണ്ടും അവസരം നൽകിയാൽ അഞ്ചാമനായാകും സഞ്ജു സാംസൺ മടങ്ങിയെത്തുക.

 വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലാകും രാജസ്ഥാൻ നായകനായി വഴിമാറേണ്ടിവരിക. റിങ്കു സിംഗ് ഫിനിഷറായി തുടരുമ്പോൾ ഓൾറൗണ്ടർമാരായി ദുബെയോ വാഷിങ്ടൺ സുന്ദറോ കളിക്കും. സ്‌പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയി തുടരുമ്പോൾ പേസറായി മുകേഷ് കുമാറിനോ ഖലീൽ അഹമ്മദിനോ പകരം തുഷാർ ദേശ്പാണ്ഡെക്ക് അവസരം ലഭിച്ചേക്കും. ആവേശ് ഖാൻ മൂന്നാം ടി20യിലും ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നിലവിൽ 1-1 സമനിലയിലാണ്. ആദ്യ മത്സരത്തിൽ ദയനീയ തോൽവി വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ ഇന്ത്യ 100 റൺസ് ജയവുമായി ശക്തമായി തിരിച്ചടിച്ചിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News