രഞ്ജി ട്രോഫി ഫൈനലിലും സെഞ്ച്വറി; സിദ്ദു മൂസൈവാല സ്‌റ്റൈലിൽ ആഘോഷിച്ച് സർഫറാസ് ഖാൻ

സീസണിലെ ഏറ്റവും മികച്ച റൺ വേട്ടക്കാരനായ സർഫറാസ് 81 ശരാശരിയിൽ ആയിരം റൺസ് നേടാനടുത്തിരിക്കുകയാണ്

Update: 2022-06-23 16:08 GMT
Advertising

രഞ്ജി ട്രോഫി ടൂർണമെൻറിൽ തുടർച്ചയായ മൂന്നു സെഞ്ച്വറികൾക്ക് ശേഷം ഫൈനലിലും സെഞ്ച്വറി നേടിയത് കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ സ്‌റ്റൈലിൽ ആഘോഷിച്ച് സർഫറാസ് ഖാൻ. മിന്നും ഫോം തുടരുന്ന 24കാരനായ മുംബൈയുടെ മധ്യനിര ബാറ്റർ ഫൈനലിൽ മധ്യപ്രദേശിനെതിരെയാണ് സെഞ്ച്വറി കണ്ടെത്തിയത്.

ഒന്നാം ഇന്നിങ്‌സിൽ 374 റൺസ് ടോട്ടൽ കണ്ടെത്താൻ സർഫറാസ് ഖാൻ നേടിയ 134 റൺസാണ് മുംബൈ ഇന്നിങ്‌സിന് കരുത്തായത്. സിദ്ദുവിന്റെ ഗാനങ്ങളുടെ ആരാധകനാണ് താനെന്ന് കളിക്കളത്തിൽ അദ്ദേഹത്തിന്റെ സിഗ്‌നേച്ചർ സ്റ്റപ്പുകളിലൂടെ സന്തോഷം പ്രകടിപ്പിച്ച സർഫറാസ് പിന്നീട് പറഞ്ഞു.


തന്റെ സെഞ്ച്വറി നേട്ടം പിതാവും കോച്ചുമായ നൗഷാദ് ഖാന് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിനപ്പുറം മറ്റൊരു ജീവിതമില്ലാത്ത അദ്ദേഹം തന്നോടും സഹോദരനും മുംബൈ താരവുമായ മുഷീറിനോടും എത്ര കടുത്ത രീതിയിലാണ് പെരുമാറിയതെന്ന് മുംബൈ ക്രിക്കറ്റ് നിരീക്ഷിക്കുന്നവർക്ക് അറിയാമെന്നും സർഫറാസ് പറഞ്ഞു.

തന്റെ നേട്ടത്തിന്റെ സ്വപ്‌നങ്ങളെല്ലാം താനും പിതാവും ഒന്നിച്ചു കണ്ടതാണെന്നും 2000 റൺസിലധികം നേടിയ തന്റെ തിരിച്ചുവരവ് പിതാവുള്ളതിനാലായിരുന്നുവെന്നും താരം പറഞ്ഞു. സീസണിലെ ഏറ്റവും മികച്ച റൺ വേട്ടക്കാരനായ സർഫറാസ് 81 ശരാശരിയിൽ ആയിരം റൺസ് നേടാനടുത്തിരിക്കുകയാണ്.

248ന് 5 എന്ന നിലയിലാണ് മുംബൈ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. മധ്യപ്രദേശിനായി ഗൗരവ് യാദവ് നാലും അനുഭവ് അഗർവാൾ മൂന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 123 റൺസ് എടുത്തിട്ടുണ്ട്.

Sarfraz Khan celebrates his century in the style of Punjabi singer Sidhu Moose Wala

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News