ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം; ജയിച്ചാൽ ഇന്ത്യക്ക്‌ പരമ്പര

ഇന്ത്യൻ നായകൻ രോഹിത് ശർമ നാന്നൂറാം അന്താരാഷ്ട്ര മത്സരത്തിനാണിറങ്ങുന്നതെന്ന പ്രത്യേകതയും ഈ ടെസ്റ്റിനുണ്ട്

Update: 2022-03-12 02:26 GMT
Advertising

ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സ് വിജയം നേടിയ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം തോൽക്കാതിരുന്നാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. കാര്യമായി ഒന്നും ചെയ്യാനാകാതെപോയ ശ്രീലങ്കയെ മൊഹാലിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വരിഞ്ഞുമുറുക്കിയിരുന്നു. മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ വിജയമായിരുന്നു ടീം നേടിയിരുന്നത്. ബംഗളൂരുവിലെ ഫലത്തിലും കാര്യമായ മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യൻ നായകൻ രോഹിത് ശർമ നാന്നൂറാം അന്താരാഷ്ട്ര മത്സരത്തിനാണിറങ്ങുന്നതെന്ന പ്രത്യേകതയും ഈ ടെസ്റ്റിനുണ്ട്. മായങ്ക് അഗർവാൾ തന്നെയാകും ഓപ്പണിങിൽ രോഹിത്തിന്റെ പങ്കാളിയായി എത്തുക. ഹനുമ വിഹാരി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവർ മധ്യനിരയിൽ കളിക്കും. കഴിഞ്ഞ കളിയിലെ താരം രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവർക്കൊപ്പം കുൽദീപിന്റെ പകരക്കാരനായെത്തിയ അക്‌സർ പട്ടേലും ഓൾറൗണ്ടറായി ടീമിലുണ്ടാകും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ മൂവരും തിളങ്ങുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ബുംറയും ഷമിയുമാകും ടീമിലെ പേസർമാർ. മറുവശത്തുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യയെ വീഴ്ത്തണമെങ്കിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. പതും നിസംഗയും നിരോഷൻ ഡിക്‌വെല്ലയും ആദ്യ മത്സരത്തിൽ അർധസെഞ്ച്വറി നേടിയിരുന്നു. ബൗളിങിൽ സുരങ്ക ലക്മൽ മാത്രമാണ് പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം നടത്തിയത്. കാര്യമായ മാറ്റങ്ങളോടെയാകും ശ്രീലങ്കൻ നിര കളത്തിലിറങ്ങുക.

ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 222 റൺസിനും ഇന്ത്യ ജയിച്ചിരുന്നു. മത്സരത്തിൽ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ ലങ്കയെ തകർത്തത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിങ്സിൽ 400 റൺസ് ഫോളോ ഓണിനിറങ്ങിയ ലങ്കയെ 178 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിനും നാല് വിക്കറ്റ് നേടി. 81 പന്തിൽ നിന്ന് 51 റൺസെടുത്ത നിരോഷ ഡിക്വെല്ലയാണ് രണ്ടാം ഇന്നിങ്സിൽ ലങ്കയുടെ ടോപ് സ്‌കോറർ.

നേരത്തെ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 574 റൺസിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്കെതിരേ ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 174 റൺസിൽ അവസാനിച്ചിരുന്നു. ഇതോടെ 400 റൺസിന്റെ കൂറ്റൻ ലീഡ് നേടിയ ഇന്ത്യ ലങ്കയെ ഫോളോ ഓൺ ചെയ്യിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിലെ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെ അഞ്ച് വിക്കറ്റും വീഴ്ത്തിയ ജഡേജയാണ് ഒന്നാം ഇന്നിങ്‌സിൽ ലങ്കയെ തകർത്തത്. 228 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതമാണ് ജഡേജ 175 റൺസെടുത്തത്. ഇതോടെ ഏഴാമനായിറങ്ങി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്ത താരമായി ജഡേജ മാറി. ഇതിഹാസതാരം കപിൽദേവിന്റെ റെക്കോഡാണ് മറികടന്നത്. 13 ഓവറിൽ 41 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് പിഴുതത്.



Second Test against Sri Lanka begins today; If India wins, will get Series

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News