നോബോളാകുമെന്ന് തിരിച്ചറിഞ്ഞ് സ്മിത്തിന്റെ സിക്‌സർ; സെഞ്ച്വറി
തന്ത്രപ്രധാനമായൊരു നീക്കമായിരുന്നു സ്മിത്തിന്റെത്. നോബോളാണെന്ന് അറിഞ്ഞുള്ള നീക്കം
മെല്‍ബണ്‍: ഏഷ്യാകപ്പില്‍ അഫ്ഗാനിസ്തനെതിരെയായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. രണ്ടര വര്‍ഷത്തിലേറെ നീണ്ട സെഞ്ചുറി വരള്‍ച്ചയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ അവസാനിപ്പിച്ചത്. ഇപ്പോഴിതാ ആസ്ട്രേലിയയുടെ മുന്‍ നായകനും സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ചിരിക്കുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം.
മത്സരത്തിനിടെ സ്മിത്തിന്റെ സെഞ്ച്വറിക്കും പ്രത്യേകതയുണ്ടായിരുന്നു. തന്ത്രപ്രധാനമായൊരു നീക്കമായിരുന്നു സ്മിത്തിന്റെത്. നോബോളാണെന്ന് അറിഞ്ഞുള്ള നീക്കം. അത് സിക്സറ്‍ പറത്തുകയും ചെയ്തു. ജിമ്മി നീഷാം എറിഞ്ഞ 38-ാം ഓവറിലായിരുന്നു സംഭവം. രണ്ടാം പന്ത് സ്‌ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സ്മിത്ത് സിക്‌സറിന് പറത്തി. പവര്‍പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അനുവദിച്ചതിലും കൂടുതല്‍ ഫീല്‍ഡര്‍മാര്‍ ഉണ്ടായിരുന്നു. ഇത് മനസിലാക്കി സ്മിത്ത് വമ്പനടിക്ക് മുതിരുകയായിരുന്നു.
സിക്‌സറിന് തൊട്ടുപിന്നാലെ സ്മിത്ത് ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. മത്സരത്തില്‍ 131 പന്തില്‍ നിന്ന് ഒരു സിക്‌സും 11 ഫോറുമടക്കം 105 റണ്‍സാണ് സ്മിത്ത് നേടിയത്.