'ചിലപ്പോൾ അവസരം ലഭിക്കാനായി കാത്തിരിക്കേണ്ടി വരും'; സഞ്ജുവിനെ തഴഞ്ഞതിൽ ധവാൻ
സഞ്ജുവിനെ മൂന്നാം ഏകദിനത്തിൽ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിന് എതിരെ അവസാന ഏകദിനത്തിലും സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിൽ നായകൻ ശിഖർ ധവാന്റെ പ്രതികരണം. 'ചിലപ്പോൾ അവസരം ലഭിക്കാനായി കാത്തിരിക്കേണ്ടി വരും' എന്നാണ് ധവാൻ മത്സര ശേഷം പ്രതികരിച്ചത്.
റിഷഭ് പന്ത് തുടരെ പരാജയപ്പെട്ടിട്ടും അവസരം നൽകുന്നതിന് എതിരെ വിമർശനം ശക്തമായി നിൽക്കുമ്പോഴാണ് ധവാന്റെ പ്രതികരണം. ''സഞ്ജു ലഭിക്കുന്ന അവസരങ്ങളിലെല്ലാം വളരെ നന്നായാണ് കളിക്കുന്നത്. എന്നാൽ ചിലപ്പോൾ നമുക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. കാരണം മറ്റ് കളിക്കാർ മികവ് കാണിച്ചിട്ടുണ്ടാവും'', ധവാൻ പറഞ്ഞു.
പന്ത് ഒരു മാച്ച് വിന്നറാണ് .അതിനാൽ മോശം ഫോമിൽ നിൽക്കുമ്പോൾ പന്തിനെ നമ്മൾ പിന്തുണയ്ക്കേണ്ടതുണ്ട്. ആരാണ് നമ്മുടെ മാച്ച് വിന്നർ എന്നതിൽ വ്യക്തമായ ചിത്രം ഉണ്ടായിരിക്കണം. നമ്മുടെ വിശകലനങ്ങളും തീരുമാനങ്ങളും ഇതിനെ ആശ്രയിച്ചായിരിക്കും എന്നും ധവാൻ പറഞ്ഞു.
അതേസമയം, സഞ്ജുവിനെ മൂന്നാം ഏകദിനത്തിൽ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു. 'റിഷഭ് പന്ത് ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നു, വൈറ്റ്ബോൾ ക്രിക്കറ്റിൽ നിന്ന് അദ്ദേഹത്തിന് ഇടവേള ആവശ്യമാണ്. സഞ്ജുവിന് വീണ്ടും അവസരം നിഷേധിച്ചിരിക്കുന്നു. മികച്ച ബാറ്ററാണെന്ന് തെളിയിക്കാൻ സഞ്ജുവിന് ഐ.പി.എല്ലിനായി കാത്തിരിക്കാം'- ഇങ്ങനെ പോകുന്നു ശശി തരൂരിന്റെ വാക്കുകൾ.
രണ്ട് വൈറ്റ്ബോൾ ഫോർമാറ്റിലുമായി അവസാന 9 ഇന്നിങ്സിൽ 10, 15, 11, 6, 6, 3, 9, 9, 27 എന്നിങ്ങനെയാണ് റിഷഭ് പന്തിന്റെ സ്‌കോർ. എന്നാൽ സഞ്ജു കഴിഞ്ഞ മാസം നടന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ തിളങ്ങിയിരുന്നു. ന്യൂസിലൻഡിന് എതിരായ ആദ്യ ഏകദിനത്തിൽ 36 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്.