ബിഗ്ബാഷിൽ സ്മിത്തിന്റെ വെടിക്കെട്ട് തുടരുന്നു: ഇത്തവണ 33 പന്തിൽ 66
തുടർച്ചയായ രണ്ട് സെഞ്ച്വറികൾക്ക് ശേഷം അർദ്ധ സെഞ്ച്വറിയാണ് അവസാന മത്സരത്തിൽ സ്മിത്ത് നേടിയത്
സിഡ്‌നി: ബിഗ്ബാഷ് ലീഗിൽ മുൻ ആസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന്റെ വെടിക്കെട്ട് പ്രകടനം അവസാനിക്കുന്നില്ല. തുടർച്ചയായ രണ്ട് സെഞ്ച്വറികൾക്ക് ശേഷം അർദ്ധ സെഞ്ച്വറിയാണ് അവസാന മത്സരത്തിൽ സ്മിത്ത് നേടിയത്. ഹൊബർട്ട് ഹരികെയ്ൻസിനെതിരായ മത്സരത്തിൽ സിഡ്‌നി സിക്‌സേഴ്‌സ് താരമായ സ്മിത്ത് നേടിയത് 66 റൺസ്.
അതും 33 പന്തുകളിൽ. നാല് ഫോറും ആറ് സിക്‌സറുകളും അടക്കമായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. 22 പന്തിലാണ് സ്മിത്ത് അർദ്ധ സെഞ്ച്വറി പിന്നിട്ടത്. ഓപ്പണറുടെ റോളിലാണ് സമിത്ത് ബൗളർമാരെ തലങ്ങുംവിലങ്ങും പായിച്ചത്. 101(56), 125*(66) & 66(33) എന്നിങ്ങനെയാണ് സ്റ്റീവ് സ്മിത്തിന്റെ ബിഗ്ബാഷ് ലീഗിലെ അവസാന മൂന്ന് ഇന്നിങ്സുകള്‍.
ടെസ്റ്റ്-ഏകദിന ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റർ എന്ന നിലയ്ക്കാണ് സ്മിത്ത് ഇപ്പോൾ അറിയപ്പെടുന്നതെങ്കിൽ ടി20യിലെ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകുകയാണ് താരം.
സിഡ്‌നി തണ്ടേര്‍സിന് എതിരായ മത്സരത്തിലായിരുന്നു സ്മിത്തിന്റെ രണ്ടാം സെഞ്ച്വറി. 56 പന്തില്‍ സെഞ്ച്വറിയിലെത്തിയ സ്‌മിത്ത് 66 പന്തില്‍ അഞ്ച് ഫോറും 9 സിക്‌സും സഹിതം 125* റണ്‍സുമായി പുറത്താവാതെ നിന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു സ്മിത്ത് തകര്‍ത്ത് കളിച്ചത്. നേരത്തെ, അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെയും സ്മിത്ത് ഉജ്വല സെഞ്ച്വറി നേടിയിരുന്നു. 56 പന്തില്‍ 101 റണ്‍സാണ് ആ മത്സരത്തില്‍ നേടിയത്. അതേസമയം ഇതുവരെ വെറും മൂന്ന് മത്സരങ്ങളില്‍ നിന്നായി 131 ശരാശരിയിലും 175.83 സ്ട്രൈക്ക് റേറ്റിലും 261 റണ്‍സാണ് സ്മിത്ത് നേടിയത്.
സ്മിത്തിന് ടി20ക്രിക്കറ്റ് വഴങ്ങില്ലെന്ന വിമര്‍ശനങ്ങള്‍ ഒരു ഭാഗത്ത് നില്‍ക്കവെയാണ് ബാറ്റുകൊണ്ട് മറുപടി പറയുന്നത്. വരുന്ന ഐപിഎലില്‍ സ്മിത്ത് ഒരു ടീമിന്റെയും ഭാഗമല്ല.