'ഭൂതകാലത്തെ തെറ്റുകൾ ആവർത്തിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു'; വിടാതെ ഉസ്മാൻ ഖവാജ
ആസ്‌ട്രേലിയ-പാകിസ്താൻ ടെസ്റ്റിനിടെ ഖവാജയുടെ ഷൂവിലെ സന്ദേശങ്ങൾ അടങ്ങിയ ബാനർ ഉയർത്തിയ ആരാധകരെ പെർത്തിലെ സ്റ്റേഡിയത്തിൽനിന്ന് പുറത്താക്കിയിരുന്നു
മെൽബൺ: ഫലസ്തീൻ ഐക്യദാർഢ്യ വിവാദത്തില്‍ നിലപാട് ആവർത്തിച്ച് ആസ്‌ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ഖവാജ. എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയുണ്ടെന്ന് താരം പറഞ്ഞു. ഭൂതകാലത്തെ തെറ്റുകൾ ആവർത്തിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുകയാണെന്നും മെച്ചപ്പെട്ടൊരു ഭാവിക്കായി എല്ലാവർക്കും ഒന്നിച്ചുപോരാടാണെന്നും ഖവാജ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വിവാദമായ ഷൂവിന്റെ ചിത്രങ്ങളടക്കം പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ''പോയ വാരം എന്നെ പിന്തുണയ്ക്കുകയും സ്‌നേഹം പകരുകയും ചെയ്ത നിങ്ങൾക്കെല്ലാം നന്ദി. എല്ലാം ശ്രദ്ധയിലുണ്ട്. വിലപ്പെട്ടതൊന്നും അത്ര എളുപ്പമല്ലല്ലോ.. ഭൂതകാലത്തെ തെറ്റുകൾ ആവർത്തിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നുവെന്നാണു ചരിത്രം തെളിയിക്കുന്നത്. എന്നാലും, മെച്ചപ്പെട്ടൊരു ഭാവിക്കായി നമുക്ക് ഒന്നിച്ചുനിന്നു പോരാടാം.''ഖവാജ കുറിച്ചു.
പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുമുന്നോടിയായായിരുന്നു വിവാദങ്ങൾ. ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ചുള്ള സന്ദേശങ്ങളടങ്ങിയ ഷൂ ധരിച്ച് കളിക്കാൻ താരം നേരത്തെ താൽപര്യമറിയിച്ചിരുന്നു. എന്നാൽ, ഐ.സി.സി ഇടപെട്ട് ഇതു തടയുകയായിരുന്നു. രാഷ്ട്രീയ, മത, വംശീയ ഉള്ളടക്കങ്ങൾ കളിക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് ഐ.സി.സി ചട്ടമുണ്ടെന്നു കാണിച്ചാണു നടപടി. ഖവാജയുടെ ഷൂവിലെ സന്ദേശങ്ങൾ അടങ്ങിയ ബാനർ ഉയർത്തിയ ആരാധകരെ പെർത്തിലെ സ്റ്റേഡിയത്തിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.
എല്ലാ ജീവിതവും തുല്യമാണെന്നും സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നുമുള്ള സന്ദേശങ്ങൾ അടങ്ങിയ ഷൂവാണു വിവാദങ്ങളിലേക്കു നയിച്ചത്. ഐ.സി.സി നിർദേശം താരം അനുസരിച്ചെങ്കിലും നിലപാടിൽനിന്നു പിന്നോട്ടില്ലെന്നു പിന്നീട് വ്യക്തമാക്കി. ജൂതന്റെയും മുസ്‌ലിമിന്റെയും ഹിന്ദുവിന്റെയുമെല്ലാം ജീവിതത്തിന് ഒരേ വിലയാണ്. ശബ്ദമില്ലാത്തവരുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയാണു താൻ ശബ്ദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു മാനവികമായ ആഹ്വാനമാണ്. മറിച്ചുള്ള തരത്തിലാണു നിങ്ങൾ കാണുന്നതെങ്കിൽ അതു നിങ്ങളുടെ കുറ്റമാണെന്നും ഉസ്മാൻ ഖവാജ പറഞ്ഞു.
നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വീണ്ടും താരം ആവർത്തിച്ചു. മുൻപ് ചില താരങ്ങളുടെ ഭാഗത്തുനിന്ന് ഇതുപോലുള്ള നടപടികളുണ്ടായിട്ടും ഐ.സി.സി ഒന്നും ചെയ്തിട്ടില്ലെന്നും അതിനാൽ തനിക്കെതിരായ നടപടി അന്യായമാണെന്നും ഖവാജ വ്യക്തമാക്കി. ഐ.സി.സി നടപടിയോടുള്ള പ്രതിഷേധമെന്നോണം നഗ്‌നപാദനായാണ് കഴിഞ്ഞ ദിവസം ഒരു ചാനലിന് താരം അഭിമുഖം നൽകിയത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. എക്കാലവും അതേ നിലപാടായിരിക്കും. എന്നാൽ, അതോടൊപ്പം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മുൻപ് ചിലതൊക്കെ ഐ.സി.സി അനുവദിച്ചിട്ടുണ്ട്. ചില കളിക്കാർ ഇങ്ങനെ പലതും ചെയ്തിട്ടും ഐ.സി.സി തടഞ്ഞിട്ടില്ല. അതുകൊണ്ട് ഈ സമയത്ത് അവർ എനിക്കെതിരെ വന്നത് അന്യായമായാണു തോന്നുന്നതെന്നും ഉസ്മാൻ ഖവാജ കൂട്ടിച്ചേർത്തു.
Summary: ''History shows we are doomed to repeat the mistakes of our past'': Usman Khawaja thanks for supporters in Palestine solidarity shoe controversy