ഫലസ്തീൻ സമാധാന സന്ദേശം പ്രദർശിപ്പിക്കുന്നതിന് വിലക്ക്; ഐസിസി ഇരട്ടത്താപ്പ് വ്യക്തമാക്കി ഉസ്മാൻ ഖ്വാജ
ഗസ ഐക്യദാർഢ്യസന്ദേശം പ്രദർശിപ്പിക്കുന്നതിൽ നിന്ന് ആദ്യ ടെസ്റ്റിലും താരത്തെ വിലക്കിയിരുന്നു. ഇതോടെ കറുത്ത ആംബാൻഡ് ധരിച്ചാണ് ഖ്വാജ ഇറങ്ങിയത്.
മെൽബൺ: പാക്കിസ്താനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശവും അടയാളവും വിലക്കിയ ഐസിസി നടപടിക്കെതിരെ ആസ്‌ത്രേലിയൻ ഓപ്പണർ ഉസ്മാൻ ഖ്വാജ രംഗത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ചത്. ചൊവ്വാഴ്ച നടക്കുന്ന പാക്കിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ തന്റെ ബാറ്റിലും ഷൂസിലും പ്രാവിന്റെയും ഒലിവ് ശാഖയുടേയും ചിത്രം പ്രദർശിപ്പിക്കുന്നതിന് ഉസ്മാൻ ഖ്വാജ അനുമതി നേടിയിരുന്നു. എന്നാൽ ഐസിസി ഇക്കാര്യം നിരാകരിച്ചു. ഇതോടെയാണ് ഐസിസി പുലർത്തുന്ന ഇരട്ടത്താപ്പ് സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടിയത്.
ഗസ ഐക്യദാർഢ്യസന്ദേശം പ്രദർശിപ്പിക്കുന്നതിൽ നിന്ന് ആദ്യ ടെസ്റ്റിലും ഐസിസി താരത്തെ വിലക്കിയിരുന്നു. ഇതോടെ കറുത്ത ആം ബാൻഡ് ധരിച്ചാണ് ഖ്വാജ ഇറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താരത്തെ പിന്തുണച്ച് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രംഗത്തെത്തുകയും ചെയ്തു.
സഹതാരമായ മർനസ് ലബുഷെയിന്റെ ബാറ്റിലുള്ള കഴുകനും ബൈബിൾവാക്യവും ദക്ഷിണാഫ്രിക്കൻ താരം നിക്കോളാസ് പുരാന്റെ ബാറ്റിലുള്ള മതചിഹ്നവും ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിന്റെ ബാറ്റിലുള്ള ഓം ചിഹ്നവും അനുവദിച്ചു നൽകിയ ഐസിസി നടപടിയെയാണ് താരം സമൂഹമാധ്യമങ്ങളിൽ വിമർശിച്ചത്. സംഭവത്തിൽ ഉസ്മാൻ ഖ്വാജയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പാക്കിസ്താനെതിരായ രണ്ടാംടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 38 റൺസുമായി ഡേവിഡ് വാർണറും 42 റൺസെടുത്ത് ഉസ്മാൻ ഖ്വാജയവുമാണ് പുറത്തായത്.