നെറ്റ്‌സിൽ ബുംറക്ക് മുന്നിൽ പതറി കോഹ്‌ലി; ഔട്ടായത് നാല് തവണ
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടിന്നിങ്‌സിലുമായി 23 റൺസാണ് താരം നേടിയത്.
കാൺപൂർ: ബംഗ്ലാദേശിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ നെറ്റ്‌സിൽ കഠിന പരിശീലനത്തിൽ വിരാട് കോഹ്‌ലി. പേസർ ജസ്പ്രീത് ബുംറയുടെ പന്തുകളെ നിരന്തരം നേരിട്ട താരത്തിന് പക്ഷെ മികവിലേക്കുയരാനായില്ല. നാല് തവണയാണ് ബുംറയുടെ പന്തുകളെ പ്രതിരോധിക്കാനാവാതെ കോഹ്‌ലി ഔട്ടായത്. ചെന്നൈ ചെപ്പോക്കിൽ നടന്ന ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ആറും രണ്ടാം ഇന്നിങ്‌സിൽ 17 റൺസുമാണ് നേടിയത്. സ്വന്തം മണ്ണിൽ ഈ വർഷം കോഹ്‌ലിയുടെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ താരം ഇറങ്ങിയിരുന്നില്ല. ആദ്യ ഇന്നിംഗ്‌സിൽ പേസർ ഹസൻ മഹ്‌മൂദിൻറെ പന്തിൽ പുറത്തായ 35 കാരൻ രണ്ടാം ഇന്നിംഗ്‌സിൽ മെഹ്ദി ഹസൻ മിറാസിന്റെ പന്തിലും പുറത്തായിരുന്നു.
ഇന്നലെ കാൺപൂരിൽ നടന്ന പരിശീലനത്തിൽ ബുമ്രയ്‌ക്കെതിരെ ട്രേഡ് മാർക്ക് കവർ ഡ്രൈവ് കളിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും പിന്നീട് താളംതെറ്റുകയായിരുന്നു. രണ്ട് പന്തുകൾ കഴിഞ്ഞ് ബുംറയുടെ ഓഫ് സ്റ്റംപിന് പുറത്തേക്കുള്ള പന്ത് ഷോട്ടിന് ശ്രമിച്ച താരത്തിന് എഡ്ജ് കുടുങ്ങി. ബുംറ ലൈനും ലെങ്ത്തും മാറ്റി മിഡിൽ ആൻഡ് ലെഗ് സ്റ്റംപ് ലൈനിൽ എറിഞ്ഞപ്പോഴും പതറി. പിന്നീട് രവിചന്ദ്ര അശ്വിനും അക്‌സർ പട്ടേലും കുൽദീപ് യാദവും ബൗൾ ചെയ്യുന്ന രണ്ടാം നെറ്റ്‌സിലെത്തിയപ്പോൾ സ്പിന്നർമാർക്കെതിരെ ഇൻസൈഡ് ഔട്ട് ഷോട്ട് കളിക്കാനുള്ള ശ്രമവും വിജയിച്ചില്ല. തുടർന്ന് എക്‌സറിന്റെ ഓവറിൽ ക്ലീൻബൗൾഡുമായി. പേസിൽ സ്പിന്നിലും ഒരേപോലെ കോഹ്‌ലി പരാജയപ്പെടുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ആസ്‌ത്രേലിയക്കെതിരെ ബോർഡർ-ഗവാസ്‌കർ ട്രോഫിയടക്കം വരാനിരിക്കെ വിരാട് വേഗത്തിൽ ഫോമിലേക്കെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.