ഐസിസി ടെസ്റ്റ് റാങ്കിങിൽ വീണ്ടും നേട്ടം കൊയ്ത് ജയ്‌സ്വാൾ; ഒന്നാം സ്ഥാനം നിലനിർത്തി ബുംറ

ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ ഒന്നാമത് തുടരുന്നു.

Update: 2024-03-06 10:38 GMT
Editor : Sharafudheen TK | By : Web Desk
Advertising

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങിൽ ഇന്ത്യൻ യുവ ഓപ്പണർ യശസ്വി  ജയ്‌സ്വാളിന് നേട്ടം. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 10ാം  സ്ഥാനത്തേക്കാണെത്തിയത്. ആദ്യമായാണ് ജയ്‌സ്വാൾ ആദ്യ പത്തിൽ ഇടം പിടിക്കുന്നത്. എട്ടാമതുള്ള വിരാട് കോഹ്‌ലി മാത്രമാണ് യുവതാരത്തിന് മുന്നിലുള്ള ഏക ഇന്ത്യൻ താരം. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ  രോഹിത് ശർമ 11-ാം സ്ഥാനത്തുണ്ട്. ദീർഘകാലമായി കളത്തിന് പുറത്താണെങ്കിലും ഋഷഭ് പന്ത് 14ാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസണാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടാമതും ആസ്‌ത്രേലിയൻ താരം സ്റ്റീവ് സ്മിത്ത് മൂന്നാമതുമാണ്. ഡാരൻമിച്ചൽ (4), ബാബർ അസം (5), ഉസ്മാൻ ഖ്വാജ (6), ദിമുത് കരുണരത്‌നെ (7) എന്നിവരുടെ സ്ഥാനത്തിന് മാറ്റമില്ല.

ബൗളർമാരുടെ റാങ്കിങിൽ ആദ്യ രണ്ടിലും ഇന്ത്യൻ താരങ്ങളാണ്. പേസർ ജസ്പ്രിത് ബുംറ ഒന്നാമത് തുടരുമ്പോൾ ആർ അശ്വിൻ രണ്ടാമതുണ്ട്. കഗിസോ റബാഡയാണ് പിന്നിൽ. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജോഷ് ഹേസൽവുഡ് നാലാമതെത്തി. ഓസ്ട്രേലിയയുടെ സഹതാരം പാറ്റ് കമ്മിൻ അഞ്ചാം സ്ഥാനത്തേക്ക് വീണു. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഓസീസിന്റെ തന്റെ നതാൻ ലിയോൺ ആറാമതെത്തി. ഒരു സ്ഥാനം നഷ്ടമായ രവീന്ദ്ര ജഡേജ ഏഴാമതാണ്. പ്രഭാത് ജയസൂര്യ (ശ്രീലങ്ക), ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്), കെയ്ൽ ജെയ്മിസൺ (ന്യൂസിലൻഡ്) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ.

ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ  ഒന്നാമത് തുടരുന്നു. എട്ട് വരെയുള്ള സ്ഥാനങ്ങളിൽ മാറ്റമൊന്നുമില്ല. അശ്വൻ രണ്ടാമതും അക്സർ പട്ടേൽ അഞ്ചാം സ്ഥാനത്തുമുണ്ട്. ഏകദിന റാങ്കിങിൽ പാക് താരം ബാബർ അസം ഒന്നാം  സ്ഥാനം നിലനിർത്തി. ഇന്ത്യയുടെ മൂന്ന് താരങ്ങളാണ് തൊട്ടു പിന്നിലുള്ളത്. ശുഭ്മാൻ ഗിൽ (2), വിരാട് കോഹ്‌ലി (3), രോഹിത് ശർമ്മ (4) സ്ഥാനത്ത് തുടരുന്നു. അടുത്തിടെ ബിസിസിഐ വാർഷിക കരാറിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യർ 12ാം സ്ഥാനത്ത് നിൽക്കുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News