രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിൽ 39 റൺസ്; യുവിയുടെ റെക്കോർഡ് തകർത്ത് വിസ്സർ- വീഡിയോ

ട്വന്റി 20 ലോകകപ്പ് സബ് റീജ്യണൽ ഈസ്റ്റ് ഏഷ്യ- പസഫിക് യോഗ്യത ഗ്രൂപ്പിലെ മത്സരത്തിലാണ് സമാവോ ബാറ്റർ അത്ഭുത പ്രകടനം പുറത്തെടുത്തത്.

Update: 2024-08-20 11:23 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിൽ കൂടുതൽ റൺസെന്ന യുവരാജ് സിങിന്റെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു. ഒരോവറിൽ 39 റൺസ് നേടിയാണ് സമാവോ താരം ദാരിയൂസ് വിസ്സർ ചരിത്രനേട്ടം കൈവരിച്ചത്. 2007 പ്രഥമ ടി20 ലോകകപ്പിൽ സ്റ്റുവർട്ട് ബോർഡ് എറിഞ്ഞ ഓവറിലെ ആറു പന്തും ഗ്യാലറിയിലെത്തിച്ചാണ് (36 റൺസ്) യുവി റെക്കോർഡ് സ്വന്തമാക്കിയത്.

 ട്വന്റി 20 ലോകകപ്പ് സബ് റീജ്യണൽ ഈസ്റ്റ്  ഏഷ്യ- പസഫിക് യോഗ്യത ഗ്രൂപ്പിലെ മത്സരത്തിലാണ് സമാവോ ബാറ്റർ അത്ഭുത പ്രകടനം പുറത്തെടുത്തത്.  പസഫിക് ദ്വീപ് രാജ്യമായ വനൗതുവിന്റെ നളിൻ നിപികോയുടെ ഓവറിലാണ് 39 റൺസ് നേടിയത്. മത്സരത്തിന്റെ 15ാം ഓവറിലായിരുന്നു മാസ്മിരിക ബാറ്റിങ്. ഓവറിൽ നളിൻ മൂന്ന് നോബോൾ കൂടി എറിഞ്ഞതോടെയാണ് 39 റൺസായത്. ഒരു പന്ത് ഡോട്ട്‌ബോളായെങ്കിലും ഫ്രീഹിറ്റ് സിക്‌സർ പറത്തിയാണ് 39ലെത്തിയത്. (6,6,1 നോബോൾ, 6,0,1 നോബോൾ, 7നോബോൾ, 6). കളിയിൽ 14 സിക്‌സർ സഹിതം വിസ്സർ 62 പന്തിൽ 132 റൺസാണ് സ്‌കോർ ചെയ്തത്. അഞ്ചാമത്തെ ഏറ്റവും ഉയർന്ന ടി20 സ്‌കോറുമായിത്. മാച്ചിൽ സമാവോ പത്ത് റൺസ് വിജയം സ്വന്തമാക്കി.

യുവരാജിന് പുറമെ വിൻഡീസ് താരങ്ങളായ കീറൻ പൊള്ളാർഡ്, നിക്കോളാസ് പുരാൻ, നേപ്പാൾ താരം ദീപേന്ദ്രസിങ് അയ്‌റി എന്നിവരും ഒരോവറിൽ 36 റൺസ് നേടിയിരുന്നു. ഇന്ത്യ താരങ്ങളായ രോഹിത് ശർമയും റിങ്കു സിങും ചേർന്ന് ഈ വർഷം അഫ്ഗാനിസ്ഥാനെതിരെ നടന്ന ടി20യിലും 36 റൺസ് അടിച്ചെടുത്തിരുന്നു. 

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News