'വലിയ ഉയരങ്ങളിലെത്തിയിട്ടും ഞാന്‍ മുംബൈക്കായി കളിച്ചിരുന്നു'; ഇഷാനും ശ്രേയസിനുമെതിരായ നടപടിയില്‍ സച്ചിന്‍
'ബി.സി.സി.ഐ പ്രാദേശിക ക്രിക്കറ്റിനും തുല്യ പ്രാധാന്യം കൊടുക്കുന്നത് ഏറെ പ്രശംസനീയമാണ്'
ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ താരങ്ങള്‍ രഞ്ജി കളിക്കാന്‍ തിരിച്ചെത്തുമ്പോള്‍ കളിനിലവാരം മെച്ചപ്പെടുകയേ ഉള്ളൂ എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ബി.സി.സി.ഐ നിര്‍ദേശങ്ങള്‍ അവഗണിച്ച് രഞ്ജി കളിക്കാന്‍ തയ്യാറാവാതിരുന്ന ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യറേയും കരാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയ നടപടിയിലാണ് സച്ചിന്‍റെ പ്രതികരണം. ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന കാലത്തും താന്‍ മുംബൈക്കായി കളത്തിലിറങ്ങാറുണ്ടായിരുന്നു എന്ന് സച്ചിന്‍ പറഞ്ഞു.
'ഇന്ത്യൻ ടീമിൽ ഇടംനേടിയ താരങ്ങൾ രഞ്ജി കളിക്കാൻ തിരിച്ചെത്തുമ്പോൾ അതവരുടെ കളിനിരവാരം മെച്ചപ്പെടുത്തുകയേ ഉള്ളൂ. ചിലപ്പോൾ അവര്‍ അവരുടെ പുതിയ കഴിവുകൾ കണ്ടെത്തുന്നതും അങ്ങനെയായിരിക്കാം. എന്റെ കരിയറിൽ അവസരം കിട്ടുമ്പോഴൊക്കെ മുംബൈക്കായി കളിക്കാൻ പോവാറുണ്ടായിരുന്നു. മികച്ച താരങ്ങൾ പ്രാദേശിക ടൂർണമെന്റുകളിലും പാഡ് കെട്ടിയിറങ്ങുമ്പോൾ അവരുടെ ടീമുകളേയും ആരാധകർ ഇഷ്ടപ്പെടാൻ തുടങ്ങും. അങ്ങനെ ടൂര്‍ണമെന്‍റുകളുടെ പ്രചാരമേറും. ബി.സി.സി.ഐ പ്രാദേശിക ക്രിക്കറ്റിനും തുല്യ പ്രാധാന്യം കൊടുക്കുന്നത് ഏറെ പ്രശംസനീയമാണ്''- സച്ചിന്‍ കുറിച്ചു.
രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കാന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ നേരത്തേ തന്നെ വടിയെടുത്തിരുന്നു. രഞ്ജി കളിക്കാതെ ഐപിഎല്ലിനായി തയാറെടുക്കുന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായാണ് ബിസിസിഐ രംഗത്തെത്തിയത്. ദേശീയ ടീമില്‍ ഇല്ലാത്ത താരങ്ങൾ എത്ര സീനിയറായാലും രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശമാണ് ബിസിസിഐ പുറപ്പെടുവിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഇഷാനും അയ്യരും രഞ്ജി കളിക്കാനില്ലെന്ന് തീരുമാനിച്ചത്.
പരിക്കൊന്നുമില്ലാതിരുന്നിട്ടും സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിന്റെ രഞ്ജി ടീമിൽ കളിക്കാൻ ഇഷാൻ കിഷൻ തയാറായിരുന്നില്ല. പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദേശം പോലും അവഗണിച്ചായിരുന്നു 25 കാരന്റെ പെരുമാറ്റം. ഇതോടെയാണ് കർശന നിർദേശവുമായി ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ചിലർ ഇപ്പോഴേ ഐപിഎൽ മോഡിലാണെന്ന് ബിസിസിഐ കുറ്റപ്പെടുത്തി.
ശ്രേയസ് അയ്യറും രഞ്ജിയില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടുവേദനയുള്ളതിനാൽ കളിക്കാൻ സാധിക്കില്ലെന്നായിരുന്നു താരം പറഞ്ഞത്. രഞ്ജി ക്വാർട്ടർ പോരാട്ടത്തിൽ മുംബൈക്കായി ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശ്രേയസ് നടുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. എന്നാല്‍ താരത്തിന് പരിക്കുകളൊന്നുമില്ലെന്നും ഫിറ്റ്‌നസ് വീണ്ടെടുത്തതായും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ബി.സി.സി.ഐക്ക് റിപ്പോർട്ട് നൽകി. ഇന്ത്യൻ ടീം വിട്ടതിന് ശേഷം താരത്തിന് മറ്റ് പരിക്കുകളൊന്നുമുണ്ടായിട്ടില്ല എന്ന് ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ സ്‌പോർട്‌സ് ആൻഡ് സയൻസ് മെഡിസിൻ വിഭാഗം മേധാവി നിതിൻ പട്ടേൽ അയച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.