'ടി20 ലോകകപ്പ് ടീമില്‍ നിന്ന് കോഹ്‍ലിയെ ഒഴിവാക്കൂ'; അഗാര്‍ക്കറിനോട് മൈക്കില്‍ വോന്‍
ടി 20 ക്രിക്കറ്റില്‍ കോഹ്‍ലിയുടെ റണ്‍ റേറ്റുമായി ബന്ധപ്പെട്ടുയരുന്ന വിമര്‍ശനങ്ങള്‍ സമീപകാലത്ത് വ്യാപകമായിട്ടുണ്ട്
ജൂണിൽ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ വിരാട് കോഹ്ലിയുണ്ടാവുമോ? ഐ.പി.എല്ലിൽ മികച്ച ഫോമിൽ കളിക്കുന്ന കോഹ്ലി ഉറപ്പായും ടീമിലുണ്ടാവുമെന്ന് ഒരേ സ്വരത്തിൽ പറയുന്നു ആരാധകർ. കോഹ്ലിയെ ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കരുതെന്ന് നേരത്തേ തന്നെ ഇന്ത്യൻ നായകൻ രോഹിത് ശർമയും അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ കോഹ്ലിയെ ഒരു കാരണവശാലും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കരുത് എന്ന് പറയുകയാണ് മുൻ ഇംഗ്ലീഷ് നായകൻ മൈക്കിൽ വോൻ. കോഹ്ലിയെയും രാഹുലിനേയും ഒഴിവാക്കി മറ്റു രണ്ട് പേർക്ക് അവസരം കൊടുത്താൽ അത് ധീരമായ തീരുമാനമായിരിക്കും എന്ന് വോൻ പറഞ്ഞു.
'ധീരമായ തീരുമാനമെടുക്കാൻ ഭയക്കരുത് എന്നാണ് അഗാർക്കറിനോട് എനിക്ക് പറയാനുള്ളത്. വിരാട് കോഹ്ലിയും കെ.എൽ രാഹുലും ഇല്ലാത്ത ടീമാണ് മികച്ചതെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ആ തീരുമാനം എടുക്കാൻ തയ്യാറാവണം'- വോന്‍ പറഞ്ഞു. ടി 20 ക്രിക്കറ്റില്‍ കോഹ്‍ലിയുടെ റണ്‍ റേറ്റുമായി ബന്ധപ്പെട്ടുയരുന്ന വിമര്‍ശനങ്ങള്‍ സമീപകാലത്ത് വ്യാപകമായിട്ടുണ്ട്. ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ്പ് തലയിലുണ്ടെങ്കിലും താരത്തിന്‍റെ സ്ലോ ബാറ്റിങ്ങ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറിയാണ് വിരാട് കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ കുറിച്ചത്. 67 പന്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. 2009 ൽ ഡെക്കാൺ ചാർജേഴ്‌സിനെതിരെ മനീഷ് പാണ്ഡേ മാത്രമാണ് ഐ.പി.എൽ ചരിത്രത്തിൽ സെഞ്ച്വറിക്കായി 67 പന്തുകൾ നേരിട്ടിട്ടുള്ളത്.
2010 ൽ ഡൽഹിക്കെതിരെ 66 പന്തിൽ നൂറിലെത്തിയ ഡേവിഡ് വാർണറും 2011 ൽ കൊച്ചി ടസ്‌കേഴ്സിനെതിരെ ഇത്ര തന്നെ പന്തുകളിൽ സെഞ്ചുറി കുറിച്ച സച്ചിൻ ടെണ്ടുൽക്കറുമാണ് കോഹ്ലിക്ക് പിന്നിൽ. കോഹ്ലിയെ ട്രോളി രാജസ്ഥാൻ റോയൽസും രംഗത്തെത്തി. '200 ലധികം റൺസ് നേടേണ്ട ഇന്നിങ്സിൽ 184 മികച്ച സ്‌കോറാണ്' എന്നാണ് ഒരൽപം പരിഹാസത്തിൽ രാജസ്ഥാൻ കുറിച്ചത്. യുസ്വേന്ദ്ര ചാഹലിന്റെ ചിത്രം പങ്കുവച്ചായിരുന്നു രാജസ്ഥാന്റെ കുറിപ്പ്. മത്സരത്തിൽ നാലോവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ചാഹൽ ബാംഗ്ലൂറിന്റെ റ്ണ്ണൊഴുക്ക് തടയുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. ഐ.പി.എൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഇതോടെ ചഹൽ മുന്നിലെത്തി.
എന്നാൽ മത്സര ശേഷം കോഹ്ലി പിച്ചിനെയാണ് പഴിച്ചത്. ജയ്പൂരിലെ പിച്ച് ബാറ്റർമാരെ കബളിപ്പിക്കുന്നതായിരുന്നു എന്നും അത് കൊണ്ടാണ് വലിയ ഷോട്ടുകൾക്ക് മുതിരാതിരുന്നത് എന്നുമായിരുന്നു കോഹ്ലിയുടെ പ്രതികരണം.'സ്പിന്നർമാരുടെ പന്തുകളുടെ വേഗത മനസ്സിലാകുന്നുണ്ടായിരുന്നില്ല. അതിങ്ങനെ ഏറിയും കുറഞ്ഞുമിരുന്നു. സാഹചര്യത്തിന് അനുസരിച്ചാണ് ഞാൻ ബാറ്റ് വീശിയത്'- കോഹ്ലി പറഞ്ഞു.
ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്‌കോർ പിറന്ന ടൂർണമെന്റ്. അത് ചേസ് ചെയ്ത ടീം 246 റൺസ് വരെയെത്തി. ഇതേ ടൂർണമെന്റിൽ മറ്റൊരു ടീം 273 റൺസ് വരെ അടിച്ചെടുക്കുന്നു. ടി20 യിൽ 200 സർവസാധാരണമായ സ്‌കോറായിക്കൊണ്ടിരിക്കേ 183 കൂറ്റൻ സ്‌കോറാണെന്ന് കരുതിയോ കോഹ്ലി എന്ന് ചോദിക്കുകയാണ് വിമർശകർ. പ്രത്യേകിച്ച് രാജസ്ഥാനെ പോലെ മികച്ചൊരു ടീമിനെതിരെ. ടീമിലെ കൂറ്റനടിക്കാരൊക്കെ പരാജയപ്പെടുമ്പോൾ കോഹ്ലി സ്ട്രൈക്ക് റൈറ്റ് ഉയർത്തണമായിരുന്നു എന്നാണ് മത്സര ശേഷം മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് പ്രതികരിച്ചത്. പാകിസ്താൻ പേസർ ജുനൈജദ് ഖാനും കോഹ്‌ലിയെ ട്രോളി രംഗത്തെത്തി. ഐ.പി.എല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറിക്ക് അഭിനന്ദനങ്ങൾ എന്നാണ് ജുനൈദ് കുറിച്ചത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഐ.പി.എൽ വ്യക്തികത നേട്ടങ്ങളിൽ കോഹ്ലി ബഹുദൂരം മുന്നിലാണ്. ടൂർണമെൻറിൻറെ ചരിത്രത്തിൽ തൻറെ എട്ടാം സെഞ്ച്വറിയാണ് സവായ് മാൻസിങ് സ്റ്റേഡിയത്തിൽ കോഹ്‌ലി ഇന്നലെ കുറിച്ചത്. മറ്റൊരാളും ഈ നേട്ടത്തില് കോഹ്‌ലിക്ക് മുന്നിൽ ഇല്ല. ഐ.പി.എൽ ഈ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് താരം. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളുമടക്കം 316 റൺസെടുത്ത കോഹ്ലിയുടെ തലയിൽ തന്നെയാണ് ഓറഞ്ച് ക്യാപ്പ്.