''ആദ്യമായാണ് ഒരു ഗോൾ 10 തവണ ആവർത്തിച്ച് കാണുന്നത്''; മെസിയെ വാനോളം പുകഴ്ത്തി കോച്ച്

ന്യൂയോര്‍ക്ക് റെഡ്ബുൾസിനെതിരെ 89 ാം മിനിറ്റിലാണ് മെസിയുടെ വണ്ടര്‍ ഗോള്‍ പിറന്നത്.

Update: 2023-08-30 09:50 GMT
Advertising

നീണ്ട ഇടവേളക്ക് ശേഷമാണ് മേജര്‍ ലീഗ് സോക്കറില്‍  ഇന്‍റര്‍ മയാമി വിജയവഴിയില്‍ തിരിച്ചെത്തിയത്. ന്യൂയോര്‍ക്ക് റെഡ്ബുൾസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മയാമി തകര്‍ത്തത്. മയാമിക്കായി പകരക്കാരനായിറങ്ങിയ സൂപ്പര്‍ താരം ലയണല്‍ മെസി ഈ മത്സരത്തിലും വലകുലുക്കി.  89 ാം മിനിറ്റിലാണ്  മെസിയുടെ വണ്ടര്‍ ഗോള്‍ പിറന്നത്. 

ബാഴ്‌സലോണയിൽ മെസിയുടെ സഹതാരമായിരുന്ന സെർജിയോ ബുസ്‌കറ്റ്സ് ആണ് ഗോളിന് തുടക്കമിടുന്നത്. ബുസ്‌കറ്റസ് ബോക്‌സിലേക്ക് നൽകിയ പന്ത് അക്രോബാറ്റിക് ഡ്രൈവിലൂടെ മെസിയിലേക്ക് മറിച്ചത് ജോര്‍ഡി ആല്‍ബ. പന്ത് ബോക്‌സിലേക്ക് തൊടുക്കാന്‍ പാകപ്പെടുത്തുന്നതിനിടെ റെഡ്ബുൾ പ്രതിരോധം മെസിയെ വളയുന്നു.

എന്നാൽ ഡിഫൻഡർമാര്‍ക്കിടയിലൂടെ ആരും കാണാത്തൊരു വിടവ് കണ്ടെത്തി മെസി പന്ത് നീക്കി.പന്തിലേക്ക് സഹതാരം ബെഞ്ചമിൻ ക്രമാച്ചിയുടെ മുന്നേറ്റം . ബെഞ്ചമിൻ ഷോട്ട് ഉതിർക്കുമെന്ന് കരുതിയവർക്ക് തെറ്റി. താരം മെസിക്ക് തന്നെ പന്ത് മറിക്കുന്നു. ബെഞ്ചമിന്റെ നീക്കം മുന്നില്‍കണ്ടുള്ള മെസിയുടെ പെര്‍ഫക്ട് റണ്‍ ബോക്സിനടുത്തേക്ക്. ഈ സമയം മെസിയെ മാർക്ക് ചെയ്യാൻ റെഡ്ബുൾ താരങ്ങളാരും ഉണ്ടായിരുന്നില്ല. മെസിയുടെ അതിസുന്ദര ഫിനിഷിങിൽ പന്ത് പോസ്റ്റിന്റെ വലത് മൂലയിൽ. മയാമി ജയമുറപ്പിച്ചു. ഇന്‍റര്‍ മയാമിയിൽ ചേർന്നതിന് ശേഷം മെസിയുടെ പതിനൊന്നാമത് ഗോളായിരുന്നു അത്. 

ഈ ഗോളിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇന്‍റര്‍ മയാമി പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ. ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഒരു ഗോള്‍ പത്ത് തവണ ആവര്‍ത്തിച്ച് കാണുന്നത് എന്ന് മാര്‍ട്ടിനോ പറഞ്ഞു. 

''ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു ഗോള്‍ പത്ത് തവണ ആവര്‍ത്തിച്ച് കാണുന്നത്. മെസി ക്രെമാച്ചിക്ക് ആ പാസ് നൽകിയത് എങ്ങനെയാണ് എന്നും അത് തിരിച്ച് വാങ്ങി ഗോളാക്കിയത് എങ്ങനെയാണ് എന്നും എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല''- മാര്‍ട്ടിനോ പറഞ്ഞു. 

മയാമിക്കായി ഒമ്പത് മത്സരത്തില്‍ കളത്തിലിറങ്ങിയ ലിയോ ഒറ്റ മത്സരത്തിലാണ് ഇതുവരെ വലകുലുക്കാതെ പോയത്. അടിച്ചതൊക്കെ പൊന്നും വിലയുള്ള ഗോളുകള്‍. ചരിത്രത്തിലാദ്യമായി ക്ലബ്ബിന്‍റെ ഷെല്‍ഫിലേക്ക് ഒരു ട്രോഫിയെത്തിയത് ലിയോ മാജിക്കിലൂടെയാണ്. ലീഗ്സ് കപ്പിലെ മികച്ച താരവും ടോപ് സ്കോററുമൊക്കെ മെസ്സി തന്നെയായിരുന്നു. ടൂർണമെന്റിൽ പത്ത് ഗോളുകളാണ് ലിയോ അടിച്ച് കൂട്ടിയത്.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News