ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാർ പുതുക്കാതെ ലൂണ
മൂന്നു വർഷത്തെ കരാറാണ് താരത്തിന് മുമ്പിൽ ബ്ലാസ്റ്റേഴ്‌സ് വച്ചിട്ടുള്ളത്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ നീട്ടാതെ സൂപ്പർ താരം അഡ്രിയാൻ ലൂണ. പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് മാർക്കസ് മർഗൽഹൗയാണ് ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. മൂന്നു വർഷത്തെ കരാറാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ താരത്തിന് മുമ്പിൽ ബ്ലാസ്റ്റേഴ്‌സ് വച്ചിട്ടുള്ളത്.
പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലാണ് ലൂണ. ഈ സീസൺ മുഴുവൻ താരത്തിന് പുറത്തിരിക്കേണ്ടി വരും. റിക്കവറിയുടെ ഭാഗമായി ഇപ്പോൾ ഇന്ത്യയിലുള്ള താരം പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം കാണാനെത്തിയിരുന്നു. സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസിനൊപ്പമാണ് താരം കളി കണ്ടിരുന്നത്. മത്സരത്തിൽ മൂന്നിനെതിരെ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. കേരള ടീമിന്‍റെ ആദ്യ ഹോം തോല്‍വിയായിരുന്നു ഇത്.
മാർച്ചിൽ ലൂണ ടീമിനൊപ്പം ചേരുമെന്നാണ് ഹെഡ് കോച്ച് ഇവാൻ വുകുമമോവിച്ച് അറിയിച്ചിട്ടുള്ളത്. എന്നാല്‍ കളത്തിലുണ്ടാകില്ല. ഐഎസ്എല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു ഇവാൻ ടീമിന്റെ തന്ത്രങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. താരത്തിന് പരിക്കേറ്റതോടെ അതിനു മാറ്റം വരുത്താൻ കോച്ച് നിർബന്ധിതനായി. അത് ടീമിന്റെ പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്തു.
ലൂണയ്ക്ക് പകരമായി ലിത്വാനിയൻ സ്‌ട്രൈക്കർ ഫെദോർ സെർനിച്ചിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുള്ളത്. പഞ്ചാബ് എഫ്‌സിക്കെതിരെ താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും കളിയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ താരത്തിനായില്ല. വെള്ളിയാഴ്ച ചെന്നൈയിൻ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.