ഇരട്ട ഗോളുമായി അഗ്വേറോ വിടപറഞ്ഞു; ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്
നിർണായക വിജയവുമായി ലിവർപൂൾ മൂന്നാം സ്ഥാനം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കി, ലെസ്റ്ററും വെസ്റ്റ്ഹാമും യൂറോപ്പക്ക്
സീസണിലെ അവസാന മത്സരത്തിൽ ഇരട്ടഗോൾ നേടി അർജന്റീന താരം സെർജിയോ അഗ്വേറോ ഇംഗ്ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയോട് വിടപറഞ്ഞു. എവർട്ടനെതിരെ 5-0 ന് ജയിച്ച മത്സരത്തിൽ രണ്ടാം പകുതിയിൽ കളത്തിലെത്തിയ 33 കാരൻ 71, 76 മിനുട്ടുകളിൽ ഗോളടിച്ചാണ് 10 വർഷത്തിലേറെ നീണ്ട തന്റെ ഇംഗ്ളീഷ് കരിയറിന് അന്ത്യം കുറിച്ചത്. അടുത്ത സീസൺ മുതൽ അദ്ദേഹം ബാഴ്സലോണക്കു വേണ്ടിയാവും കളിക്കുക.
നേരത്തെ തന്നെ ലീഗ് കിരീടം ഉറപ്പിച്ച സിറ്റി വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഫൈനൽ ഡേയിൽ സ്വന്തം ഗ്രൗണ്ടിൽ വെന്നിക്കൊടി നാട്ടിയത്. ക്രിസ്റ്റൽ പാലസിനെതിരെ രണ്ടു ഗോളിന്റെ നിർണായക വിജയവുമായി ലിവർപൂൾ ടേബിളിൽ മൂന്നാം സ്ഥാനം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കി.
മികച്ച പ്രകടനവുമായി മുൻനിര ടീമുകൾക്ക് വെല്ലുവിളി ഉയർത്തിയ ലെസ്റ്ററിന് അവസാന ദിനം പിഴച്ചു. ടോട്ടനം ഹോട്ട്‌സ്പറിനോട് രണ്ടിനെതിരെ നാലു ഗോളിന് തോറ്റ അവർക്ക് അഞ്ചാം സ്ഥാനത്തേ ഫിനിഷ് ചെയ്യാൻ കഴിഞ്ഞുള്ളൂ. ആസ്റ്റൺവില്ലയോട് തോറ്റെങ്കിലും ചെൽസിക്ക് ലെസ്റ്ററിന്റെ തോൽവി അനുഗ്രഹമായി. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി ടീമുകളാവും അടുത്ത സീസണിൽ ഇംഗ്ലണ്ടിൽ നിന്ന് ചാമ്പ്യൻസ് ലീഗ് കളിക്കുക. ലെസ്റ്ററും ആറാം സ്ഥാനക്കാരായ വെസ്റ്റ്ഹാം യുനൈറ്റഡും യൂറോപ്പ ലീഗ് കളിക്കും.
എവർട്ടനെതിരെ 11 മിനുട്ടിൽ ദിബ്രുയ്നെയാണ് സിറ്റിയുടെ ആദ്യഗോൾ നേടിയത്. അഞ്ചു മിനുട്ടിന് ശേഷം ഗബ്രിയേൽ ജെസ്യൂസ് ലീഡയർത്തി. രണ്ടാം പകുതി തുടങ്ങി എട്ടുമിനുട്ടിനുള്ളിൽ ഫിൽ ഫോഡൻ സ്‌കോർ 3-0 ആക്കി വലചലിപ്പിച്ചു.
കളി ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കളത്തിലെത്തിയ അഗ്വേറോ മനോഹരമായ ഡ്രിബ്ലിങ്ങിൽ ഗോളിയെ കബളിപ്പിച്ചാണ് തന്റെ ആദ്യ ഗോൾ നേടിയത്. പ്രതിരോധക്കാർക്കിടയിൽ നിന്നുള്ള തകർപ്പൻ ഹെഡ്ഡറിലൂടെ തന്റെ രണ്ടാം ഗോളും താരം കണ്ടെത്തി.
ഇരുപകുതികളിലായി ഇരട്ട ഗോൾ നേടിയ സാദിയോ മാനെയുടെ മികവിലാണ് ലിവർപൂൾ നിർണായക മത്സരം ജയിച്ചു കയറിയത്. തോറ്റിരുന്നെങ്കിൽ, മുൻ ചാമ്പ്യന്മാരായ അവർ അടുത്ത സീസണിൽ യൂറോപ്പ കളിക്കേണ്ടി വന്നേനെ.