റൊണാൾഡോക്ക് ഗോൾ നേടാനായില്ല, അൽ നസ്ർ വീണ്ടും തോറ്റു; തുടർച്ചയായ രണ്ടാം തോൽവി

അൽതാവൂനാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ നയിച്ച അൽ നസ്‌റിനെ തോൽപിച്ചത്

Update: 2023-08-19 02:45 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: സൗദി പ്രോ ലീഗിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും അൽ നസ്‌റിന് തോൽവി. അൽതാവൂനാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ നയിച്ച അൽ നസ്‌റിനെ തോൽപിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു താവൂന്റെ വിജയം. സൗദി പ്രോ ലീഗിൽ നസ്‌റിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ അൽ ഇത്തിഫാക്കിനെതിരെയും നസ്ർ തോറ്റിരുന്നു.

ആ മത്സരത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ കളിച്ചിരുന്നില്ല. അറബ് ചാമ്പ്യൻഷിപ്പ് കപ്പിനിടെ പരിക്കേറ്റതിനെ തുടർന്നാണ് റൊണാൾഡോക്ക് ആദ്യ മത്സരം നഷ്ടമായത്. മത്സരത്തിന്റെ 20(ലിയാന്ദ്രെ തവാമ്പ) 90+6(അഹമ്മദ് ബഹുസൈൻ) മിനുറ്റുകളിലായിരുന്നു താവൂന്റെ ഗോളുകൾ. 20ാം മിനുറ്റിലെ ആദ്യ ഗോൾ വീണതിന് പിന്നാലെ സാദിയോ മാനെയും ക്രിസ്റ്റ്യാനൊ റൊണാൾഡോയും അടങ്ങുന്ന മുന്നേറ്റ നിര കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ മടക്കാൻ കഴിഞ്ഞില്ല.

20ാം മിനുറ്റിൽ കോർണർ കിക്കിൽ നിന്നാണ് കാമറൂൺ താരം ലിയാന്ദ്രെ തവാമ്പ, നസ്ർ വലകുലുക്കിയത്. ആദ്യ ഗോൾ നേടിയതിന് പിന്നാലെ താവൂൻ, പ്രതിരോധം കടുപ്പിച്ചു. അഞ്ച് കളിക്കാരാണ് പ്രതിരോധത്തിലേക്ക് ഇറങ്ങിയത്. ഒരു ഗോളിന്റെ ആവേശത്തിൽ ഒന്നാം പകുതിക്ക് പിരിഞ്ഞ താവൂൻ രണ്ടാം പകുതിയിലും ഇതെ തന്ത്രം പയറ്റി. അതില്‍ വിജയിക്കുകയും ചെയ്തു. ഇതിനിടെയാണ് കളി തീരാനിരിക്കെ ഇഞ്ച്വറി ടൈമിൽ ബഹുസയാൻ ഗോൾ നേടുന്നത്. അതോടെ നസ്ർ തീർന്നു.

നസ്‌റിന്റെ സൂപ്പർ താരങ്ങളായ ടാലിസ്‌ക, ബ്രൊസോവിച്ച് എന്നിവരും എതിർമുഖത്ത് സമ്മർദം സൃഷ്ടിച്ചെങ്കിലും സ്വന്തം മൈതാനത്ത് വിജയിച്ച് കയറാൻ കഴിഞ്ഞില്ല. സൗദി ലീഗിൽ ആരാധകർ ഏറെയുളള ടീമാണ് അൽ നസ്ർ. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ സാന്നിധ്യമാണ് ടീമിനെ ആരാധകർക്ക് പ്രിയപ്പെട്ടതാക്കുന്നത്. ലീഗിലെ തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റത് ആരാധകരുടെ വാശിയേയും ബാധിക്കും. മത്സരങ്ങൾ ഇനിയും അധികമുള്ളതിനാൽ പോയിന്റ് നിലയെ ബാധിക്കില്ലെങ്കിലും ആദ്യ രണ്ട് തോൽവികൾ കളിക്കാരുടെ മേൽ സമ്മർദം വർധിപ്പിക്കും.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News