നൈജീരിയയോട് തോറ്റ് അർജന്റീന അണ്ടർ20 ലോകകപ്പിൽ നിന്ന് പുറത്ത്‌

ആതിഥേയ രാജ്യം എന്ന നിലക്കാണ് അര്‍ജന്റീന ലോകകപ്പിനെത്തുന്നത്. ഇന്തോനേഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് മാറ്റിയതോടെ ആയിരുന്നു ആതിഥേയരായി കളിക്കാൻ യോഗ്യത നേടിയത്.

Update: 2023-06-01 07:51 GMT
Editor : rishad | By : Web Desk
അണ്ടര്‍20 ലോകകപ്പില്‍ അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ നിന്നും
Advertising

ബ്യൂണസ്ഐറിസ്: ആതിഥേയരായ അർജന്റീനയെ 2-0ന് തകർത്ത് നൈജീരിയ അണ്ടര്‍20 ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം പകുതിയില്‍ പിറന്ന രണ്ട് ഗോളുകളാണ് ഹാവിയന്‍ മഷറാനോ പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ വഴിമുടക്കിയത്. ഇബ്രാഹിം ബെജി മുഹമ്മദ്, റിൽവാനു ഹാലിരു സാർകി എന്നിവരാണ് നൈജീരിയക്കായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.

ഗോൾ രഹിതമായ ആദ്യ പകുതി, അർജന്റീനിയൻ ആരാധകരാൽ തിങ്ങിനിറഞ്ഞ സാൻ ജ്യുവൻ സ്റ്റേഡിയം, നൈജീരിയക്ക് ആദ്യ പകുതി കടുപ്പമേറിയതായിരുന്നു. എന്നാൽ ആർപ്പുവിളിക്കുന്ന അർജന്റീനയൻ ആരാധകരെ നിശബ്ദരാക്കി 61ാം മിനുറ്റിൽ നൈജീരിയയുടെ ഗോൾ.

ഇമ്മാനുവൽ ഉമേയുടെ തകർപ്പൻ പാസിൽ നിന്ന് ഇബ്രാഹിം ബെജി മുഹമ്മദ് ആണ് ഗോള്‍ നേടിയത്. ഗോൾകീപ്പർ ഫെഡറിക്കോ ഗെർത്ത് ഗോമസിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പകരക്കാരനായി വന്ന ഹാലിരു സാർക്കിയാണ് നൈജീരിയയുടെ ലീഡ് ഇരട്ടിയാക്കിയത്. ഇഞ്ച്വറി ടൈമില്‍ സഹ പകരക്കാരനായ വിക്ടർ എലെറ്റുവാണ് ഗോള്‍ നീക്കത്തിന് തുടക്കമിട്ടത്.

ഡിഫൻഡർ അഗസ്റ്റിൻ ജിയെ മറികടന്ന് വിക്ടർ എലെറ്റുവാ പന്ത് ക്രോസ് ചെയ്യുന്നു, ഡൈവിങ് ഹെഡറിലൂടെ സാര്‍കിയുടെ മനോഹര ഫിനിഷിങ്. ക്വാർട്ടർ ഫൈനൽ എതിരാളി ആരായിരിക്കുമെന്ന് അറിയാൻ ഇക്വഡോറും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാഴാഴ്ചത്തെ മത്സരഫലത്തിനായി കാത്തിരിക്കുകയാണ് നൈജീരിയ. ആതിഥേയ രാജ്യം എന്ന നിലക്കാണ് അര്‍ജന്റീന ലോകകപ്പിനെത്തുന്നത്. ഇന്തോനേഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് മാറ്റിയതോടെ ആയിരുന്നു ആതിഥേയരായി കളിക്കാൻ യോഗ്യത നേടിയത്. 2023ലെ സൗത്ത് അമേരിക്കൻ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുന്നതിൽ അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.  


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News