ക്രൊയേഷ്യക്കെതിരെ കഴിഞ്ഞ ലോകകപ്പിൽ അർജൻറീന നേരിട്ടത് 3-0 തോൽവി
ഇതുവരെ സെമിഫൈനലിൽ പരാജയപ്പെട്ടിട്ടില്ലെന്നത് നീലപ്പടക്ക് ആശ്വാസം പകരുന്നതാണ്
ഖത്തറിലെ ഫിഫ ലോകകപ്പിൽ ആദ്യ സെമിഫൈനലിനിറങ്ങുന്ന അർജൻറീനക്ക് അത്ര ശുഭകരമല്ല ക്രൊയേഷ്യക്കെതിരെയുള്ള കഴിഞ്ഞ മത്സര ചരിത്രം. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയുമായി മെസ്സിപ്പട ഏറ്റുമുട്ടിയപ്പോൾ 3-0 തോൽവിയായിരുന്നു ഫലം. ആന്റേ റെബിക്, ലൂക്ക മോഡ്രിച്ച്, ഇവാൻ റെകിറ്റിച്ച് എന്നിവരാണ് അന്ന് ക്രോട്ട് പടക്കായി വല കുലുക്കിയത്. തുടർന്നും മികച്ച പ്രകടനം നടത്തിയ അവർ ആദ്യമായി ലോകകപ്പ് ഫൈനലിലുമെത്തിയിരുന്നു. റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഇരുടീമുകളുമുണ്ടായിരുന്നത്.
2006ലും 2014ലുമായി നടന്ന സൗഹൃദ മത്സരങ്ങളിൽ ഇരുടീമുകളും ഓരോ മത്സരങ്ങളിൽ വിജയിക്കുകയായിരുന്നു. ലോകകപ്പിലും ഇതേ രീതിയിലാണ് മത്സര ഫലം. 2018ൽ അർജൻറീന പരാജയപ്പെട്ടപ്പോൾ 1998ൽ എതിരില്ലാത്ത ഒരു ഗോളിന് ലാറ്റിനമേരിക്കൻ കരുത്തർ വിജയിച്ചിരുന്നു.
ഇന്ന് വിജയിച്ച് ആറാമത് ലോകകപ്പ് ഫൈനലിൽ കയറാനാണ് അർജൻറീനയുടെ പരിശ്രമം. ഇതിന് മുമ്പ് എട്ടു ഫൈനലുകളിൽ കളിച്ച ജർമനിയാണ് ഇക്കാര്യത്തിൽ ടീമിന് മുമ്പിലുള്ളത്. ഇതുവരെ സെമിഫൈനലിൽ പരാജയപ്പെട്ടിട്ടില്ലെന്നത് നീലപ്പടക്ക് ആശ്വാസം പകരുന്നതാണ്. 2014ൽ നെതർലൻഡ്‌സിനെ തോൽപ്പിച്ചാണ് ടീം ഒടുവിൽ ഫൈനലിൽ കളിച്ചത്.
2018ൽ ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യ വീണ്ടും അതേ പ്രകടനം കാഴ്ചവെക്കാനൊരുങ്ങുകയാണ്. ഇത്തവണയും ഫൈനലിലെത്തിയാൽ ആ നേട്ടം കൊയ്യുന്ന നാലാം യൂറോപ്യൻ രാജ്യമായി അവർ മകറും. ഇതിന് മുമ്പ് ഇറ്റലി(1934, 1938), നെതർലൻഡ്‌സ് (1974, 1978), ജർമനി (1982, 1986, 1990) എന്നിവയാണ് തുടർച്ചയായി ഫൈനലിലെത്തിയ ഇതര ടീമുകൾ. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പുറത്താക്കിയ ക്രൊയേഷ്യ സെമിയിൽ അർജൻറീനക്കെതിരെയും ഇറങ്ങുകയാണ്. ഇത്തരത്തിൽ മുമ്പ് ജർമനി മാത്രമാണ് കളിച്ചിട്ടുള്ളത്.
യൂറോപ്യൻ എതിരാളികൾക്കെതിരെ അർജൻറീന ഏറ്റവുമൊടുവിൽ കളിച്ച ഏഴു മത്സരങ്ങളിൽ ഒന്ന് മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നീലപ്പട വിജയിച്ചത്. യൂറോപ്യൻ ടീമുകൾക്കെതിരെയുള്ള മൂന്നു മത്സരങ്ങൾ സമനിലയായിരുന്നു. ഇന്ന് ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12.30നാണ് അർജൻറീന -ക്രൊയേഷ്യ മത്സരം നടക്കുന്നത്. 2014ൽ ഗോൾഡൻ ബോൾ ജേതാവായ ലയണൽ മെസിയും 2018ലെ ജേതാവായ മോഡ്രിച്ചും ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നുവെന്ന കൗതുകവുമുണ്ട്. അർജൻറീന 4-4-2 ഫോർമാറ്റിലും ക്രൊയേഷ്യ 4-3-3 ഫോർമാറ്റിലുമാണ് കളിക്കുന്നത്.
ടീം ലൈനപ്പുകൾ
അർജൻറീന
മാർട്ടിനെസ്, മൊളീന, റൊമീരോ, ഒട്ടമെൻഡി, തഗ്‌ലിയാഫികോ, പരേഡെസ്, ഡീ പോൾ, മാക് അല്ലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, മെസി(ക്യാപ്റ്റൻ), അൽവാരസ്.
ക്രൊയേഷ്യ
ലിവാകോവിച്ച്, പെരിസിച്ച്, ലോവ്‌റെൻ, കോവാസിച്ച്, ക്രാമറിസിച്ച്, മോഡ്രിച്ച്(ക്യാപ്റ്റൻ), ബ്രോസോവിച്ച്, പാസാലിച്ച്, സോസാ, ഗവാർഡിയോൾ, ജുറാനോവിച്ച്.
മെസിക്ക് നേടാൻ നേട്ടങ്ങളനവധി
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് ഇന്ന് മെസിക്ക് നേടാനാകും. 24 മത്സരങ്ങൾ കളിച്ച താരത്തിന് ലോതർ മത്തേവൂസിന്റെ 25 മത്സരങ്ങളെന്ന നേട്ടത്തിനൊപ്പം എത്താനാകും. ക്യാപ്റ്റനായി മെസി 18 മത്സരങ്ങളാണ് കളിച്ചത്. റഫാ മാർക്വസും ഈ നേട്ടത്തിൽ മെസിക്കൊപ്പമുണ്ട്. 16 മത്സരങ്ങൾ കളിച്ച മറഡോണയാണ് ഇവർക്ക് പിറകിലുള്ളത.
ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച റെക്കോഡ് പൗളോ മൾഡീനിയുടെ പേരിലാണ്. 2217 മിനുട്ടാണ് താരം കളിച്ചിട്ടുള്ളത്. ഇന്നത്തെ മത്സരം അധിക സമയത്തേക്ക് നീങ്ങിയാൽ മെസിക്ക് ഈ റെക്കോഡ് മറികടക്കാനാകും. 2014 മിനുട്ടുകളാണ് മെസി നിലവിൽ കളിച്ചത്. അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി.
Argentina faced a 3-0 defeat against Croatia in the last World Cup