കുതിച്ചു കയറി ആഴ്‌സനൽ, താളം കണ്ടെത്തി സിറ്റി; പ്രീമിയർ ലീഗിൽ കിരീട പോരാട്ടം മുറുകുന്നു
പോയന്റ് ടേബിളിൽ ഒന്നാമതുള്ള ലിവർപൂളുമായുള്ള വ്യത്യാസം രണ്ട് പോയന്റാക്കി കുറക്കാനും മുൻ ചാമ്പ്യൻമാർക്കായി.
ലണ്ടൻ: ആദ്യം കുതിച്ചും പിന്നീട് കിതച്ചും വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയും പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് ആഴ്‌സനൽ. ഇന്നലെ ലിവർപൂളിനെതിരായ നിർണായക മത്സരത്തിലെ വിജയമാണ് ഗണ്ണേഴ്‌സിന് കരുത്തായത്. പോയന്റ് ടേബിളിൽ ഒന്നാമതുള്ള(51) ലിവർപൂളുമായുള്ള വ്യത്യാസം രണ്ട് പോയന്റാക്കി കുറക്കാനും മുൻ ചാമ്പ്യൻമാർക്കായി. സീസൺ തുടക്കത്തിൽ മങ്ങിയെങ്കിലും കംബാക് നടത്തി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും കിരീട പോരാട്ടത്തിലേക്ക് മടങ്ങിയെത്തി.
ലിവർപൂൾ,ആഴ്‌സനലിനേക്കാൾ രണ്ട് മത്സരം കുറവ് കളിച്ച സിറ്റിക്ക് നിലവിൽ 46 പോയന്റുണ്ട്. അടുത്ത രണ്ട് മത്സരവും വിജയിക്കാനായാൽ ഒന്നാംസ്ഥാനത്തേക്കുയരാനും പെപ് ഗ്വാർഡിയോള സംഘത്തിന് സാധിക്കും. 46 പോയന്റുമായി ആസ്റ്റൺ വില്ലയും 44 പോയന്റുമായി ടോട്ടനവും നാലും അഞ്ചും സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ സ്ഥിരതയോടെ കളിച്ചാൽ ആറാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് പോലും(38) ചാമ്പ്യൻപട്ടത്തിലേക്ക് ഓടികയറാം.
അത്യന്തം ആവേശകരമായ മാച്ചിൽ സ്വന്തം തട്ടകത്തിൽ ചെമ്പടയെ വീഴ്ത്താനായത് ഗണ്ണേഴ്‌സിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. 14ാം മിനിറ്റിൽ ബുക്കായോ സാക്കയിലൂടെയാണ് മുന്നിലെത്തിയത്. 67ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനലിയും 90+2 മിനിറ്റിൽ പകരക്കാരൻ ലിയാൻഡ്രോ ട്രൊസാഡും ലിവറിനായി നിറയൊഴിച്ചു. ഗബ്രിയേലിന്റെ സെൽഫ് ഗോളിലാണ് (45+3) ലിവർപൂളിന് ആശ്വാസഗോൾ വന്നത്. കളിയുടെ തുടക്കം മുതൽ മികച്ച പ്രകടനം പുറത്തെടുത്ത ആഴ്‌സനൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ലിവർപൂളിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 88ാം മിനിറ്റിൽ പ്രതിരോധതാരം കൊനാട്ട ചുവപ്പ് കാർഡ് കണ്ട് പുറത്തായതും വിർജിൽ വാൻഡെകിന്റെ പിഴവുകളും സന്ദർശകർക്ക് തിരിച്ചടിയായി. ബ്രസീലിയൻ ഗോൾകീപ്പർ അലിസെൻ ബക്കറിനും മറക്കാനാഗ്രഹിക്കുന്നതായി ഇന്നലത്തെ മത്സരം.