വിനീഷ്യസിനേക്കാൾ റോഡ്രിക്ക് എത്ര വോട്ട് ലീഡ്?; ബാലൺ ദോർ വോട്ട് നില പുറത്ത്
പാരിസ്: സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ ബാലൺ ദോർ 2024ലെ വോട്ട് നില പുറത്തുവിട്ടു. മികച്ച പുരുഷ താരത്തിനുള്ള അവാർഡ് നേടിയ സ്പാനിഷ് താരം റോഡ്രിക്ക് 1170 പോയന്റാണ് ലഭിച്ചത്. രണ്ടാമതെത്തിയ വിനീഷ്യസ് ജൂനിയറിന് 1129 വോട്ടുകളും ലഭിച്ചു.
ആകെ 6,633 പോയന്റാണുള്ളത്. 99 രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകരാണ് വോട്ടിങ്ങിൽ പങ്കെടുത്തത്. മുൻഗണനാ ക്രമത്തിലാണ് വോട്ട് ചെയ്യുക. ഒന്നാമതായി രേഖപ്പെടുത്തിയ വോട്ടിന് 15 പോയന്റും രണ്ടാം വോട്ടിന് 12ഉം പോയന്റും മൂന്നാം വോട്ടിന് എട്ട് പോയന്റും വീതമാണ് ലഭിക്കുക. തുടർന്നുള്ള വോട്ടുകൾക്ക് യഥാക്രമം ഏഴ്, അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന് ക്രമത്തിലാണ് പോയന്റുകൾ കണക്കാക്കുന്നത്.
917 പോയന്റുള്ള ജൂഡ് ബെല്ലിങ്ഹാം മൂന്നാമതും 550 പോയന്റുള്ള ഡാനി കർവഹാൽ നാലാമതുമെത്തി. എർലിങ് ഹാളണ്ടിന് 432 വോട്ടും കിലിയൻ എംബാപ്പെക്ക് 420ഉം ലൗത്താരോ മാർട്ടിനസിന് 402 പോയന്റും ലമീൻ യമാലിന് 383 വോട്ടും ലഭിച്ചു.
49 പേർ റോഡ്രിക്ക് ഒന്നാം വോട്ട് നൽകിയപ്പോൾ വിനീഷ്യസിന് 35 പേരാണ് ഒന്നാം വോട്ട് നൽകിയത്. അവസാന നിമിഷം വരെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന വിനീഷ്യസ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ആരാധകരെ നിരാശരാക്കിയിരിക്കുന്നു. ഇതോടെ വിനിയടക്കം റയല്‍ മാഡ്രിഡില്‍ നിന്ന് ഒരു പ്രതിനിധികളും പുരസ്കാരദാനച്ചടങ്ങില്‍ പങ്കെടുത്തില്ല. റോഡ്രിക്ക് പുരസ്കാരം സമ്മാനിക്കുന്ന വേളയിൽ വിനിയുടെ പേര് സദസില്‍ മുഴങ്ങിയിരുന്നു.