ബാഴ്‍സലോണക്ക് സമനില, കീരീട പ്രതീക്ഷ മങ്ങുന്നു
ആദ്യ പകുതിയിൽ 2-0ന് മുന്നിട്ട് നിന്നതിന് ശേഷമാണ് ബാഴ്‌സലോണ 3-3ന് സമനിലയിൽ കുടുങ്ങിയത്
ലാ ലീഗ കിരീട പോരാട്ടത്തിൽ നിലനിലനിൽക്കാൻ വിജയം അനിവാര്യമായിരുന്നു ബാഴ്‌സലോണ ലെവന്റെയോട് സമനില വഴങ്ങി. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടുകയായിരുന്നു. ആദ്യ പകുതിയിൽ 2-0ന് മുന്നിട്ട് നിന്നതിന് ശേഷമാണ് ബാഴ്‌സലോണ 3-3ന് സമനിലയിൽ കുടുങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ മെസ്സിയുടെ ഗോളില്‍ ബാഴ്‌സലോണ മുന്നിലെത്തി. പെഡ്രിയിലൂടെ ബാഴ്‌സലോണ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ രണ്ടാം പകുതിയിൽ ലെവന്റെ ഗോൺസാലോ മേലേറൊയിലൂടെ ആദ്യ ഗോൾ നേടുകയും തുടർന്ന് മോറൽസ് ലെവന്റെക്ക് സമനില നേടികൊടുക്കുകയുമായിരുന്നു.
എന്നാൽ അധികം വൈകാതെ തന്നെ ഉസ്മാനെ ഡെമ്പലെയുടെ ഗോളിൽ ബാഴ്‌സലോണ വീണ്ടും ലീഡ് എടുത്തെങ്കിലും മത്സരം അവസാനിക്കാൻ 8 മിനിറ്റ് ബാക്കി നിൽക്കെ സെർജിയോ ലിയോൺ ലെവന്റെക്ക് സമനില ഗോൾ നേടികൊടുക്കുകയായിരുന്നു.
നിലവിൽ 36 മത്സരങ്ങൾ കളിച്ച ബാഴ്‌സലോണ 76 പോയിന്റുമായി ലാ ലീഗയിൽ രണ്ടാം സ്ഥാനത്താണ്. ബാഴ്‌സലോണയെക്കാൾ ഒരു മത്സരം കുറച്ചുകളിച്ച അത്‍ലറ്റികോ മാഡ്രിഡ് 77 പോയിന്റുമായി ഒന്നാം സ്ഥാനത്തും 35 മത്സരങ്ങളിൽ നിന്നും 75 പോയിന്റുള്ള റയൽ മാഡ്രിഡ് ലാ ലിഗ പട്ടികയിൽ മൂന്നാം സ്ഥാനത്തുമാണ്