ജർമൻ ശാപം വീണ്ടും; ബാഴ്‌സലോണ യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്

എല്ലാ മേഖലയിലും ബാഴ്സയെ പിന്നിലാക്കിയ പ്രകടനത്തിലൂടെയാണ് ഫ്രാങ്ക്ഫർട്ട് അർഹിച്ച ജയം സ്വന്തമാക്കിയത്

Update: 2022-04-14 21:51 GMT
Editor : André | By : Web Desk
Advertising

ബാഴ്‌സലോണ: സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജർമൻ ക്ലബ്ബ് എയ്ന്ത്രാക്ട് ഫ്രാങ്ക്ഫർട്ടിനോട് രണ്ടിനെതിരെ മൂന്നു ഗോളിന് തോറ്റ് ബാഴ്‌സലോണ യുവേഫ യൂറോപ്പ ലീഗിൽ നിന്നു പുറത്ത്. എവേ ഗ്രൗണ്ടിൽ നടന്ന ആദ്യപാദത്തിൽ 1-1 സമനില പാലിച്ചിരുന്ന ഷാവി ഹെർണാണ്ടസിന്റെ സംഘത്തിന് സ്വന്തം ഗ്രൗണ്ടിൽ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. മൂന്നു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് ബാഴ്‌സ തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും സമയം അനുകൂലമായില്ല.

തുടർച്ചയായി രണ്ടാം സീസണിലാണ് ബാഴ്സ ജർമനിയിൽ നിന്നുള്ള ടീമിനോട് പരാജയപ്പെട്ട് യൂറോപ്യൻ ടൂർണമെന്റിൽ നിന്ന് പുറത്താവുന്നത്. ഒരു വർഷം മുമ്പ് ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ട് ഗോളിന് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്‌സ പുറത്തായിരുന്നു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലും ബയേൺ ബാഴ്‌സയെ ഇരുപാദങ്ങളിലും തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിയാതായതോടെയാണ് ബാഴ്‌സ യൂറോപ്പയിലെത്തിയത്.

ബാഴ്‌സക്കെതിരെ കൃത്യമായ കണക്കുകൂട്ടലുമായെത്തിയ ഫ്രാങ്ക്ഫർട്ട് മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ മുന്നിലെത്തി. സെറ്റ്പീസിനിടെ ഫ്രാങ്ക്ഫർട്ട് താരത്തെ ബാഴ്‌സ ഡിഫന്റർ എറിക് ഗാർസ്യ വീഴ്ത്തിയപ്പോൾ റഫറി പെനാൽട്ടി അനുവദിച്ചു. കിക്കെടുത്ത ഫിലിപ് കോസ്റ്റിച്ചിന് പിഴച്ചില്ല.

കളി ചൂടാംമുമ്പ് വഴങ്ങിയ ഗോളിന്റെ ആഘാതത്തിൽ നിന്ന് മുക്തരായി ബാഴ്‌സലോണ തങ്ങളുടെ തനത് ശൈലിയിൽ കളിമെനയാൻ തുടങ്ങിയെങ്കിലും ചിട്ടയാർന്ന പ്രതിരോധത്തിലൂടെ സന്ദർശകർ സ്വന്തം ഗോൾമുഖം സംരക്ഷിച്ചു. വലതുവിങ്ങറായി കളി തുടങ്ങിയ ഉസ്മാൻ ഡെംബലെ മികച്ച അവസരങ്ങളുണ്ടാക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്നത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

അതിനിടെ, വേഗതയുള്ള പ്രത്യാക്രമണങ്ങളിലൂടെ ഫ്രാങ്ക്ഫർട്ട് ആതിഥേയരെ വിഷമിപ്പിക്കുകയും ചെയ്തു. 36-ാം മിനുട്ടിൽ അത്തരമൊരു പ്രത്യാക്രമണത്തിനൊടുവിൽ ബോക്‌സിനു പുറത്തുനിന്നുള്ള ലോങ്‌റേഞ്ചറിലൂടെ റാഫേൽ ബോറെ മത്സരത്തിലെ രണ്ടാം ഗോളും നേടി. ഇടവേളക്കു പിരിയുമ്പോൾ ബാഴ്‌സ രണ്ട് ഗോളിന് പിന്നിലായിരുന്നു.

രണ്ടാം പകുതിയിൽ ഫ്രങ്കി ഡിയോങ്ങിനെ കളത്തിലിറക്കി ബാഴ്‌സ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും 67-ാം മിനുട്ടിൽ വീണ്ടും സ്വന്തം വലകുലുങ്ങുന്നതാണ് കണ്ടത്. ബാഴ്‌സ പ്രതിരോധത്തിന്റെ പിഴവ് തുറന്നുകാട്ടി ഇത്തവണ ഗോളടിച്ചത് ഫിലിപ്പ് കോസ്റ്റിച്ച് തന്നെ.

മത്സരത്തിന്റെ അവസാന മിനുട്ടുകളിൽ ബാഴ്‌സ ഉണർന്നു കളിച്ചപ്പോൾ ഇഞ്ച്വറി ടൈമിലെ ലോങ് റേഞ്ചർ ഗോളിലൂടെ സെർജിയോ ബുസ്‌ക്വെസ് പ്രതീക്ഷ പകർന്നു. ഫൈനൽ വിസിലിനു തൊട്ടുമുമ്പ് ലഭിച്ച പെനാൽട്ടി മെംഫിസ് ഡിപേ ലക്ഷ്യത്തിലെത്തിച്ച് സ്‌കോർ 2-3 ആക്കിയെങ്കിലും പിന്നീട് കളിക്കാൻ സമയമുണ്ടായിരുന്നില്ല.

ഒളിംപിക് ലിയോണിനെ എതിരില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തിയ വെസ്റ്റ്ഹാം യുനൈറ്റഡ് ആയിരിക്കും ഫ്രാങ്ക്ഫർട്ടിന് യുവേഫ യൂറോപ്പ സെമിയിൽ എതിരാളി.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News