'ബെൻസേമ ആരോഗ്യവാനായിരുന്നു'; ഫ്രഞ്ച് പരിശീലകനെ പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തൽ
ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപസിനെ ലക്ഷ്യമിട്ടാണ് ജസീരിയുടെ വിമർശനം.
പാരിസ്: ലോകകപ്പ് നോക്കൗണ്ട് റൗണ്ട് മുതൽ കളിക്കാമായിരുന്നിട്ടും കരീം ബെൻസേമയെ പരിക്കിന്റെ പേരിൽ പെട്ടെന്ന് മടക്കി അയക്കുകയായിരുന്നുവെന്ന് താരത്തിന്റെ ഏജന്റ്. ''ഞാൻ മൂന്ന് സ്‌പെഷ്യലിസ്റ്റുകളുമായി സംസാരിച്ചിരുന്നു. അവരെല്ലാം പറഞ്ഞത് ക്വാർട്ടർ ഫൈനൽ മുതൽ ബെൻസേമ ഫിറ്റാവുമെന്നാണ്. ബെഞ്ചിലെങ്കിലും ഇരുത്താമായിരുന്നു. എന്തിനാണ് നിങ്ങൾ അദ്ദേഹത്തോട് പെട്ടെന്ന് മടങ്ങാൻ നിർദേശിച്ചത്?''-ബെൻസേമയുടെ ഏജന്റായ കരീം ജസീരി ട്വീറ്റ് ചെയ്തു.
Je pose ça là mais avant ça j'ai consulté 3 spécialistes qui confirment le diagnostic que @Benzema aurait pu être apte à partir des 1/8 éme pour au moins être sur le banc ! Pourquoi lui avoir demandé de partir si vite ? pic.twitter.com/wtOHhDeDVW
— Karim Djaziri (@KDjaziri) December 26, 2022
ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപസിനെ ലക്ഷ്യമിട്ടാണ് ജസീരിയുടെ വിമർശനം. ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പരിശീലനത്തിനിടെ ബെൻസേമക്ക് പരിക്കേറ്റത്. അദ്ദേഹത്തെ മടക്കി അയച്ചെങ്കിലും പകരക്കാരനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെ നോക്കൗട്ട് റൗണ്ട് മുതൽ ബെൻസേമ കളിക്കുമെന്ന റിപ്പോർട്ടുകൾ വന്നു. താരം പരിശീലനവും തുടങ്ങി. എന്നാൽ, നിലവിലെ സംഘത്തെ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യം മാത്രമാണ് ഇപ്പോൾ തന്റെ ചിന്തയിലെന്നായിരുന്നു ബെൻസേമയെ കുറിച്ച് ചോദിച്ചപ്പോൾ ദെഷാംപ്‌സിന്റെ മറുപടി.
ഫ്രാൻസ് ഫൈനലിലെത്തിയതോടെ കലാശപ്പോരാട്ടത്തിൽ ബെൻസേമ കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതുമുണ്ടായില്ല. ലോകകപ്പ് സമാപിച്ചതിന് പിന്നാലെ താരം അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കുന്നതായും പ്രഖ്യാപിച്ചു.