റൊണാൾഡോയെ ബയർ ലെവർക്യൂസണിലെത്തിക്കാൻ ശ്രമമെന്ന് സൗദി മാധ്യമ പ്രവർത്തകൻ

Update: 2024-05-12 13:57 GMT
Editor : safvan rashid | By : Sports Desk
Advertising

ഓരോ വർഷവും ട്രാൻസ്ഫർ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇതിൽ ചിലത് ശരിയാകാറുമുണ്ട്.ഇക്കുറിയും കാട്ടുതീപോലെ ഒരു അഭ്യൂഹം പരക്കുന്നുണ്ട്. അത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലായതിനാൽ തന്നെ ആകാംക്ഷ ഏറെയാണ്.

സൗദി മാധ്യമപ്രവർത്തകനായ മുതബ് ബിൻ അബ്ദുല്ലയാണ് ക്രിസ്റ്റ്യ​​ാനോയുടെ കൂടുമാറ്റത്തെക്കുറിച്ച് ഒരു അഭ്യൂഹം ഉയർത്തിവിട്ടത്. ജർമനിയിൽ തേരോട്ടം നടത്തുന്ന ബയർ ലെവർക്യൂസന്റെ പരിശീലകൻ സാബി അലോൺസോ റൊണാൾഡോയുമായി കരാർ ഒപ്പിടാൻ നിർദേശം നൽകിയെന്നായിരുന്നു ആ ട്വീറ്റ്. തൊട്ടുപിന്നാലെ ലോകമെമ്പാടുമുള്ള പല സ്​പോർട്സ് മാധ്യമങ്ങളും സമാന അഭ്യൂഹം വാർത്തയാക്കി. നേരത്തേ റൊണാൾഡോയെ ഒരു പോർച്ചുഗീസ് ക്ലബ് നോട്ടമിടുന്നുണ്ടെന്നും ഇതേ മാധ്യമ പ്രവർത്തകൻ പറഞ്ഞിരുന്നു.

പ്രായം 39 ആയെങ്കിലും സൗദി ലീഗിൽ റൊ​ണാൾഡോ ഉജ്ജ്വലമായി പന്തുതട്ടുന്നുണ്ട്. സീസണിൽ അൽഹിലാലിനായി 41 ഗോളുകളും 12 അസിസ്റ്റുകളുമാണ് ആ കാലിൽ നിന്നും പിറന്നത്. ഇതിൽ പല​ ഗോളുകളും അയാളിൽ ഇനിയും യൗവനം ബാക്കിയുണ്ടെന്ന ലോകത്തോട് ഉറച്ചുവിളിച്ചുപറയുന്നവയാണ്. 32 ഗോളുകളുമായി ലീഗിലെ ടോപ്പ് സ്കോറർ കൂടിയാണ് അദ്ദേഹം.

അടുത്തവർഷത്തെ ചാമ്പ്യൻസ് ലീഗിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന ലെവർക്യൂസണ് നിർണായകമത്സരങ്ങളിൽ കരുത്തുപകരാൻ റൊണാൾഡോക്കാകുമെന്ന് സാബി വിശ്വസിക്കുന്നതായാണ് വാർത്തകൾ. എന്നാൽ അൽനസറുമായുള്ള റൊണാൾഡോയുടെ കരാർ ഒരു വർഷം കൂടി ശേഷിക്കുന്നുണ്ട്. 2025 സമ്മർ വരെ അത് തുടരും. അതുകൊണ്ടുതന്നെ ലെവർക്യൂസൺ റൊണാൾഡോയെ വാങ്ങുകയാണെങ്കിൽ അൽനസറിന് വലിയ തുകനൽകേണ്ടി വരും. ​39 വയസ്സായ ​റോണോക്കായി ഇത്രയും തുകമുടക്കുമോ എന്നത് ഒരു വലിയ പ്രതിസന്ധിയാണ്.

എന്തായാലും ഈ വാർത്ത ലോകമെമ്പാടുമുള്ള റൊണാൾഡോ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്. 2016ൽ സാബി ബയേൺ മ്യൂണിക്കിനായി കളിക്കുന്ന സമയത്ത് റൊണാൾഡോയെപ്പോലെ ഒരു താരം വേണമെന്ന് പറഞ്ഞതും ആരാധകർ ഷെയർ ചെയ്യുന്നു. സാബിയും റോണോയും സാന്റസിയാഗോ ബെർണബ്യൂവിൽ തീർത്ത മാന്ത്രിക രാവുകളും ആരാധകരുടെ മനസ്സിലുണ്ട്. 2009ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് റൊണാൾഡോയും സാബിയും റയലിലെത്തിയത്. 94 മില്യൺ യൂറോയെന്ന വമ്പൻ തുക റോണോക്ക് നൽകിയപ്പോൾ 34.5 മില്യൺ യൂറോയാണ് സാബിക്ക് നൽകിയിരുന്ന്. കക്ക, കരിം​ ബെൻസിമ എന്നീ അതികായരും അതേ ട്രാൻസ്ഫറിൽ തന്നെയാണ് റയലിലെത്തിയത്. സാബിയും റൊണാ​ൾഡോയും റയലിനൊപ്പം 208 മത്സരങ്ങളിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്.

സൗദി ലീഗ് റൊണാൾഡോയെപ്പോലൊരു താരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം യൂറോപ്പിലേക്ക് തന്നെ മടങ്ങി വരണമെന്നും പലരും ഉപദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ റൊണാൾഡോ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. സൗദി ലീഗ് ഫ്രഞ്ച് ലീഗിനേക്കാൾ താഴ്ന്നതല്ല. ഫ്രഞ്ച് ലീഗിൽ രണ്ടോ മൂന്നോ ടീമുകൾ മാത്രമാണ് മികച്ച നിലവാരത്തിലുള്ളത്. പക്ഷേ സൗദി ലീഗ് കുറച്ചകൂടി മത്സരക്ഷമതയുള്ളതാണ്. എന്റെ അനുഭവത്തിലാണ് ഞാനിത് പറയുന്നത്. റൊണാൾഡോ പറഞ്ഞതിങ്ങനെയാണ്.

ജർമനിയിലാകട്ടെ, ഇത് ലെവർക്യൂസന്റെ കാലമാണ്. അപരാജിതമായ 49 മത്സരങ്ങളുമായി യൂറോപ്പ്യൻ ചരിത്രത്തന്നെ അവർ കീറിമുറിച്ചിരക്കുന്നു. ഹോഫ്മാനും അമിനെ അദ്‍ലിയുമെല്ലാം തകർക്കുന്ന ലെവർക്യൂസന്റെ മുന്നേറ്റനിരയിൽ ​സാക്ഷാൽ റോണായും എത്തുമോ? കാത്തിരിക്കാം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News