ചാമ്പ്യൻസ് ലീഗ്; വമ്പൻമാർ പ്രീക്വാർട്ടറിൽ
നിർണായക മത്സരത്തിൽ ബാഴ്സലോണ ബെൻഫിക്കയോട് ഗോൾ രഹിത സമനില വഴങ്ങി
ചാമ്പ്യൻസ്‍ ലീഗിൽ വമ്പൻ ക്ലബുകൾ പ്രീക്വാർട്ടറിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക്, ചെൽസി, യുവന്റസ് എന്നീ ക്ലബുകളാണ് പ്രീക്വാർട്ടറിലെത്തിയത്. നിർണായക മത്സരത്തിൽ ബാഴ്സലോണ ബെൻഫിക്കയോട് ഗോൾ രഹിത സമനില വഴങ്ങി. അവസാന മത്സരത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ നേരിടേണ്ട ബാഴ്സയ്ക്ക് മുന്നേട്ടുള്ള പോക്ക് ദുഷ്ക്കരമാണ്.
പരിശീലകൻ ഒലെയെ പുറത്താക്കിയ ശേഷം ആദ്യമായി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യറയലിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ജയിച്ചത്. ഈ ജയത്തോടെ 10 പോയിന്റുമായി യുണൈറ്റഡ് പ്രീക്വാർട്ടർ ഉറപ്പിച്ചു. വിയ്യറയൽ ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ്.
ആദ്യ പകുതിയിൽ വിയ്യറയലിന്റെ ആധിപത്യമായിരുന്നു. ഡിഹിയയുടെ രണ്ട് മികച്ച സേവുകൾ വേണ്ടി വന്നു യുണൈറ്റഡിനെ രക്ഷിക്കാൻ. രണ്ടാം പകുതിയിൽ റഷ്‌ഫോർഡിനെയും ബ്രൂണോയെയും ഇറക്കിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്തി തുടങ്ങിയത്. ബ്രൂണോയുടെ പാസിൽ നിന്ന് സാഞ്ചോയ്ക്ക് കിട്ടിയ അവസരം ഗോളെന്ന് ഉറച്ചു എങ്കിലും മികച്ച സേവിലൂടെ വിയ്യറയൽ കീപ്പർ റുലി സാഞ്ചോയെ തടഞ്ഞു.
78-ാം മിനിറ്റിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്. ഗോൾകീപ്പർ റൂളി നൽകിയ പന്ത് ഫ്രഡ് റാഞ്ചിയെടുത്ത് എത്തിച്ചത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക്.... ഗോൾവല കീറിമുറിക്കുന്ന ഷോട്ടുകൾ പായിക്കാറുള്ള റൊണോ ഇത്തവണ റൂളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലെത്തിച്ചു. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ യുണൈറ്റഡിനെ രക്ഷിക്കുന്നതിന്റെ ആവർത്തനമായിരുന്നു ഈ ഗോൾ. ഈ ചാമ്പ്യൻസ് ലീഗിലെ റൊണാൾഡോയുടെ ആറാം ഗോളും
അവസാന നിമിഷങ്ങളിൽ ലീഡ് ഇരട്ടിയാക്കാൻ യുണൈറ്റഡിന് അവസരങ്ങൾ ലഭിച്ചു. 89-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു. സാഞ്ചോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളാണിത്.
യുവന്റസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് നിലവിലെ ജേതാക്കളായ ചെൽസി പ്രീക്വാർട്ടർ ടിക്കറ്റുറപ്പിച്ചത്. ദയനീയമായി പരാജയപ്പെട്ടെങ്കിലും യുവന്റസും പ്രീക്വാർട്ടറിലെത്തി.