ഡിബ്രുയിനെ മാജികിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
സിറ്റി തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ മാർച്ച് ഏഴിനാണ് രണ്ടാംപാദ മത്സരം.
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഡാനിഷ് ക്ലബ് കോപ്പൻഹേഗനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കീഴടക്കിയത്. ഗോളടിച്ചും അടിപ്പിച്ചും സിറ്റിക്കായി കെവിൻ ഡ്രിബ്രുയിനെ മിന്നും പ്രകടനം നടത്തി. കോപൻഹേഗൻ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ ഡ്രിബ്രുയിനെ(10), ബെർണാഡോ സിൽവ(45), ഫിൽ ഫോഡൻ(90+2) എന്നിവർ സിറ്റിക്കായി വലകുലുക്കിയപ്പോൾ മാഗ്നസ് മാറ്റ്‌സണിലൂടെ(34) ആതിഥേയർ ആശ്വാസഗോൾ നേടി. സിറ്റി തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ മാർച്ച് ഏഴിനാണ് രണ്ടാംപാദ മത്സരം.
കളിയിലുടനീളം പന്തടക്കത്തിലും ഷോട്ട് എടുക്കുന്നതിലുമെല്ലാം ഗ്വാർഡിയോള സംഘമായിരുന്നു മുന്നിൽ. 13 തവണയാണ് നീലപട ലക്ഷ്യത്തിലേക്ക് പന്തടിച്ചത്. ഒറ്റതവണയാണ് കോപൻഹേഗൻ എതിർബോക്‌സിലേക്ക് ഷോട്ടുതിർത്തത്. മികച്ച പാസിങ് ഗെയിമിലൂടെയാണ് ഡിബ്രുയിനെ ആദ്യ ഗോൾ നേടിയത്. ബോക്‌സിലേക്ക് ഫിൽഫോഡൻ നൽകിയ പന്ത് സ്വീകരിച്ച് മുന്നേറിയ ബെൽജിയം താരം പ്രതിരോധതാരങ്ങൾക്കിടയിലെ ചെറിയ വിടവിലൂടെ ഗോൾ കണ്ടെത്തി. സിറ്റി ഗോൾകീപ്പർ എഡേർസണിന്റെ പിഴവിലൂടെ ആതിഥേയർ സമനില ഗോൾ കണ്ടെത്തി. എന്നാൽ ഇതിന് അധികം ആയുസുണ്ടായില്ല.
45ാം മിനിറ്റിൽ ഡിബ്രുയിനെ മാജിക് വീണ്ടും കളിക്കളത്തിൽ കണ്ടു. പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുന്നേറിയ താരം സിൽവയെ ലക്ഷ്യമാക്കി പന്തുമറിച്ച് നൽകി. അനായാസം വലയിലാക്കി സിറ്റിക്ക് ലീഡ് സമ്മാനിച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഫിൽഫോഡനലിലൂടെ സിറ്റി മൂന്നാം ഗോളും നേടി ക്വാർട്ടറിലേക്കുള്ള പ്രതീക്ഷ വർധിപ്പിച്ചു. കളിയിലുടനീളം കളത്തിലുണ്ടായിട്ടും സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിന് ചലനമുണ്ടാക്കാനായില്ല.