ഓൾഡ് ട്രാഫോഡിൽനിന്ന് ക്രിസ്റ്റ്യാനോയുടെ ഭീമൻ ചുമർചിത്രം നീക്കംചെയ്ത് യുനൈറ്റഡ്
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും കോച്ച് എറിക് ടെൻ ഹാഗിനും എതിരെ ക്രിസ്റ്റ്യാനോ തുറന്നടിച്ചിരുന്നു
ലണ്ടൻ: പിയേഴ്‌സ് മോർഗനുമായുള്ള വിവാദ അഭിമുഖത്തിലെ തുറന്നുപറച്ചിലിനു പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭീമൻ ചുമർചിത്രം നീക്കംചെയ്ത് മാഞ്ചസ്റ്റർ യുനൈറ്റഡ്. ക്ലബിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫിഡിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ചുമർചിത്രമാണ് നീക്കിയിരിക്കുന്നത്. എന്നാൽ, ക്ലബിനും കോച്ച് എറിക് ടെൻ ഹാഗിനും എതിരായ കടുത്ത പരാമർശങ്ങളെ തുടർന്നല്ല നടപടിയെന്നാണ് അറിയുന്നത്.
റഗ്ബി ലീഗ് വേൾഡ് കപ്പ് ഫൈനലിന് വേദിയാകുന്നത് ഓൾഡ് ട്രാഫോഡാണ്. ശനിയാഴ്ചയാണ് വനിതാ-പുരുഷ കലാശപ്പോരാട്ടം നടക്കുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.15ന് ആസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലാണ് വനിതാ ഫൈനൽ. വൈകീട്ട് നാലിന് ആസ്ട്രലേിയയും സമോവയും തമ്മിൽ പുരുഷ ഫൈനലും നടക്കും.
മത്സരത്തിന്റെ പരസ്യചിത്രം സ്ഥാപിക്കാനുള്ളതിനാലാണ് ക്രിസ്റ്റ്യാനോയുടെ ചുമർചിത്രം നീക്കംചെയ്തത്. ലോകപ്രശസ്തരായ ഏഴാം നമ്പർ താരങ്ങളുടെ ചിത്രമാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. ഡേവിഡ് ബെക്കാം, ബ്രയാൻ റോബ്‌സൻ എന്നിവരുടെയെല്ലാം ചിത്രങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇതും നീക്കംചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലായിരുന്നു ക്രിസ്റ്റിയാനോ ക്ലബിനും ടെൻഹാഗിനും എതിരെ തുറന്നടിച്ചത്. മകൾക്ക് അസുഖം ബാധിച്ച സമയത്തുപോലും യുനൈറ്റഡ് മാനേജ്‌മെന്റ് തന്നെ വിശ്വാസത്തിലെടുത്തില്ലെന്നും ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ വേണ്ട പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്നും അഭിമുഖത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ടെൻ ഹാഗ് തന്നെ ക്ലബിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും താരം ആരോപിച്ചു.
അഭിമുഖത്തിനു പിന്നാലെ ക്രിസ്റ്റ്യാനോയെ ഇനി മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിപ്പിക്കേണ്ടതില്ലെന്ന നിലപാടെടുത്തിരിക്കുകയാണ് എറിക് ടെൻ ഹാഗ്. ലോകകപ്പ് കഴിഞ്ഞ് ക്ലബ് സീസൺ പുനരാരംഭിക്കുമ്പോൾ താരത്തെ ടീമിൽ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മോർഗനുമായുള്ള അഭിമുഖത്തിന്റെ ബാക്കിഭാഗം കൂടി കണ്ട ശേഷമായിരിക്കും നടപടിയെന്നാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുള്ളത്.
Summary: Manchester United have decided to remove a mural that features Cristiano Ronaldo on the side of Old Trafford