12 വർഷം മുമ്പ് പോയ നായകൻ വീണ്ടും അവതരിക്കുന്നു; റോണോയുടെ തിരിച്ചുവരവില്‍ യുണൈറ്റഡിന്‍റെ ചെകുത്താൻ കോട്ട ചുവപ്പണിയും
ഫെർഗ്യുവിന്‍റെ പ്രിയ ശിഷ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ബൂട്ടുകെട്ടുന്നത് കാണാന്‍ കണ്ണ് ചിമ്മാതെ കാത്തിരിക്കുകയാണ് ആരാധകര്‍.
യുണൈറ്റഡിന്‍റെ ചെകുത്താൻ കോട്ട ഇന്ന് പതിവിലധികം ചുവപ്പണിയും... പന്ത്രണ്ട് വർഷം മുൻപ് തങ്ങളെ വിട്ട് പോയ നായകൻ ഓൾഡ്ട്രഫോർഡിൽ വീണ്ടും അവതരിക്കുന്നു. ഫെർഗ്യുവിന്‍റെ പ്രിയ ശിഷ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ബൂട്ടുകെട്ടുന്നത് കാണാന്‍ കണ്ണ് ചിമ്മാതെ കാത്തിരിക്കുകയാണ് ആരാധകര്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമെങ്കില്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ രണ്ടാം വരവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് അരങ്ങേറും. രാത്രി ഏഴരയ്ക്കാണ് ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരം. യുണൈറ്റഡിന്‍റെ ചെകുത്താൻ കോട്ട എന്നറിയപ്പെടുന്ന ഓൾഡ് ട്രഫോർഡിലാണ് മത്സരം. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടി റെക്കോർഡിട്ടതിന്റെ പകിട്ടുമായാണ് റൊണാൾഡോ എത്തുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിലും കൊമ്പുകോര്‍ക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ആരാധകരുടെ പ്രിയപ്പെട്ട റോണോ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ മടങ്ങിയെത്തുന്നത്. റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്നാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നക്. റൊണാൾഡോ അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ജഴ്സിയില്‍ ഇറങ്ങുമെന്ന് ഒലെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
റൊണാൾഡോയും കവാനിയും ഗ്രീൻവുഡും മാഞ്ചസ്റ്ററിനായി അറ്റാക്കിങ് പൊസിഷനില്‍ ഇറങ്ങിയേക്കുമെന്നാണ് സൂചനകൾ. മക്ടോമിനയും ഫ്രെഡും ഇന്ന് കളിച്ചേക്കില്ല. മാറ്റിചിനൊപ്പം പോഗ്ബയാണോ വാൻ ഡെ ബീകാകുമോ ഇറങ്ങുക എന്നത് കണ്ടറിയണം. ഡിഫൻസിൽ വരാനെ മഗ്വയർ തന്നെ ആദ്യ ഇലവനില്‍ ഉണ്ടാകും. ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ഇറങ്ങിയപ്പോൾ ലീഡ്സ് യുണൈറ്റഡിനെ തകർക്കാൻ ഒലെയുടെ ടീമിനായിരുന്നു. ഇതും ടീമിന് ആത്മവിശ്വാസം പകരും