ഫിൽഫോഡന് ഡബിൾ; ഡർബി ത്രില്ലറിൽ സിറ്റിക്ക് ആധികാരിക ജയം
തലപ്പത്തുള്ള ലിവർപൂളുമായുള്ള പോയന്റ് വ്യത്യാസം ഒരുപോയന്റാക്കി കുറക്കാനും ജയത്തോടെ സിറ്റിക്കായി
ലണ്ടൻ: ഒരുഗോളിന് പിന്നിൽ നിന്നശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. സ്വന്തം തട്ടകമായ ഇത്തിഹാദിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാരുടെ ജയം. ആതിഥേയർക്കായി ഫിൽ ഫോഡൻ(56,80) ഇരട്ടഗോൾനേടി. എർലിങ് ഹാളണ്ട്(90+1)സ്‌കോർ ചെയ്തു. യുണൈറ്റഡിനായി മാർക്കസ് റാഷ്‌ഫോർഡ്(8) ആശ്വാസഗോൾ നേടി. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ സിറ്റി ആദ്യാവസാനം എതിരാളികൾക്ക് മേൽ മേധാവിത്വം പുലർത്തി. മാർക്കസ് റാഷ്‌ഫോർഡിന്റെ വ്യക്തിഗത മികവിലാണ് ചെകുത്താൻമാർ ആദ്യ ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസിൽ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ഇംഗ്ലീഷ് താരം ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ഉയിർത്ത അത്യുഗ്രൻ വലംകാലൻ ഷോട്ട് ഗോൾകീപ്പർ എഡർസനെ കാഴ്ചക്കാരനാക്കി വലയിൽ വിശ്രമിച്ചു. എന്നാൽ തുടരെ തുടരെ അക്രമിച്ചെത്തിയ സിറ്റി നീക്കത്തെ ഗോൾകീപ്പർ ആന്ദ്രെ ഒനാനെയുടെ ഉജ്ജ്വല സേവുകളിലൂടെയാണ് സന്ദർശകർ പ്രതിരോധിച്ചത്. ആദ്യ പകുതിയിൽ 12 കോർണർ കിക്കുകളാണ് സിറ്റിക്ക് ലഭിച്ചത്.
ആതിഥേയരുടെ ഹൈലൈൻ നീക്കങ്ങൾക്കെതിരെ രണ്ടാം പകുതിയിലും പ്രതിരോധത്തിലൂന്നി കളിക്കാനാണ് യുണൈറ്റഡ് ശ്രമിച്ചത്. എന്നാൽ 56ാം മിനിറ്റിൽ റാഷ്‌ഫോർഡ് നേടിയതിന് സമാനമായ ഗോളിലൂടെ ഫിൽ ഫോഡൻ സമനില പിടിച്ചു. ബോക്‌സിനു പുറത്തുനിന്നുതിർത്ത ബുള്ളറ്റ്‌ഷോട്ട് ഒനാനയെ മറികടന്ന് വലയിൽകയറി. സമനില നേരിട്ടിട്ടും കളിയിൽ മാറ്റം വരുത്താൻ എറിക്ടൻ ഹാഗ് തയാറായില്ല. കൗണ്ടർ അറ്റാക്കിലൂടെ ഗോൾനേടുകയെന്ന തന്ത്രമായിരുന്നു ആവിഷ്‌കരിച്ചത്.
ഇതിനായി ആന്റണിയെ രണ്ടാം പകുതിയിൽ കളത്തിലിറക്കിയെങ്കിലും കളി ഗതിയ്ക്ക് മാറ്റമുണ്ടായില്ല. 80ാം മിനിറ്റിൽ വലതുവിങിലൂടെയുള്ള മുന്നേറ്റത്തിൽ സിറ്റി നിർണായക ഗോൾ നേടി. കെവിൻ ഡിബ്രുയിനെയിൽ നിന്ന് ലഭിച്ച പന്തുമായി കുതിച്ച ജൂലിയൻ ആൽവരസ് ബോക്‌സിനുള്ളിൽ ഫിൽഫോഡനെ ലക്ഷ്യമാക്കി പന്ത് മറിച്ച്‌നൽകി. യുണൈറ്റഡ് താരങ്ങളേയും ഗോൾകീപ്പർ ഒനാനയേയും നിഷ്പ്രഭമാക്കി വലയിലേക്ക് തഴുതിയിട്ട് ഇംഗ്ലണ്ട് യുവതാരം രണ്ടാം ഗോൾകുറിച്ചു. ഇഞ്ചുറി സമയത്തിന്റെ ആദ്യമിനിറ്റിൽ എർലിങ് ഹാളണ്ടിലൂടെ ഗോൾ നേടി ചാമ്പ്യൻ ക്ലബ് മറ്റൊരു ഡെർബി കൂടി സീൽ ചെയ്തു. പ്രീമിയർലീഗിൽ തലപ്പത്തുള്ള ലിവർപൂളുമായുള്ള പോയന്റ് വ്യത്യാസം ഒരു പോയന്റാക്കി കുറക്കാനും ജയത്തോടെ സിറ്റിക്കായി. യുണൈറ്റഡ് ആറാംസ്ഥാനത്ത് തുടരുന്നു.