ഫുൾഹാമിനെ നാലടിയിൽ വീഴ്ത്തി സിറ്റി; ആഴ്‌സനലിനെ മറികടന്ന് തലപ്പത്ത്

ജോസ്‌കോ ഗ്വാർഡിയോൾ ഇരട്ടഗോളുമായി (13,71)തിളങ്ങി. ഫിൽഫോഡനും (59), ജൂലിയൻ അൽവാരസുമാണ് (90+6) മറ്റു സ്‌കോറർമാർ.

Update: 2024-05-11 14:02 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: പ്രീമിയർലീഗിലെ നിർണായക മത്സരത്തിൽ ഫുൾഹാമിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ജോസ്‌കോ ഗ്വാർഡിയോൾ ഇരട്ടഗോളുമായി (13,71)തിളങ്ങി. ഫിൽഫോഡനും (59), ജൂലിയൻ അൽവാരസുമാണ് (90+6) മറ്റു സ്‌കോറർമാർ. ജയത്തോടെ 85 പോയന്റുമായി ആഴ്‌സനലിനെ മറികടന്ന് സിറ്റി ഒന്നാമതെത്തി. സ്വന്തം തട്ടകമായ ക്രവെൻ കോട്ടേജിൽ നടന്ന മത്സരത്തിൽ ഒരുഘട്ടത്തിൽപോലും സിറ്റിക്ക് മേൽ ആധിപത്യം പുലർത്താൻ ഫുൾഹാമിനായില്ല. 4-2-3-1 ഫോർമേഷനിൽ എർലിങ് ഹാളണ്ടിനെ ഏക സ്‌ട്രൈക്കറാക്കിയാണ് പെപ് ഗ്വാർഡിയോള ടീമിനെ വിന്യസിച്ചത്.

പ്രതിരോധ താരം ഗ്വാർഡിയോളിനെ വിങ്ബാക്കായി കളിപ്പിച്ച കോച്ചിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. അതിവേഗ കുതിപ്പിലൂടെ ഫുൾഹാം ബോക്‌സിലേക്ക് ഇരമ്പിയെത്തിയ താരം 13ാം മിനിറ്റിൽ ആതിഥേയർക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. കെവിൻ ഡിബ്രുയിനെയുടെ അസിസ്റ്റിൽ മികച്ച ഷോട്ടിലൂടെ വലകുലുക്കി. ഒരുഗോൾ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ച സിറ്റി രണ്ടാം പകുതിയിൽ കൂടുതൽ അപകടകാരികളായി.

59ാം മിനിറ്റിൽ ഫിൽഫോഡൻ ചാമ്പ്യൻ ക്ലബിനായി രണ്ടാം ഗോൾനേടി. സീസണിലെ 17ാം ഗോളാണ് ഇംഗ്ലീഷ് താരം സ്വന്തമാക്കിയത്. 71ാം മിനിറ്റിൽ വീണ്ടും ഗ്വാർഡിയോള വലകുലുക്കി. ബെർണാഡോ സിൽവയുടെ അസിസ്റ്റിലാണ് രണ്ടാം ഗോൾനേടിയത്. ഇതോടെ ഏഴ് മത്സരങ്ങളിൽ നിന്നായി താരം നേടുന്ന നാലാം ഗോളായി. ഇഞ്ചുറി സമയം ലഭിച്ച പെനാൽറ്റികൂടി ലക്ഷ്യത്തിലെത്തിച്ച് സിറ്റി ഫുൾഹാമിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. ആൽവരസിനെ ബോക്‌സിൽ ഫുൾഹാം ഡിഫൻഡർ ഇസാ ഡിയോപ് വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. രണ്ടാം മഞ്ഞകാർഡ് ലഭിച്ച ഫുൾഹാം താരം അവസാന മിനിറ്റിൽ മൈതാനംവിട്ടു. കിക്കെടുത്ത അർജന്റീനൻ താരം അനായാസം പന്ത് വലയിലാക്കി. തകർപ്പൻ ജയത്തോടെ പ്രീമിയർലീഗിൽ രണ്ട് മത്സരം ബാക്കിനിൽക്കെ സിറ്റി കിരീടത്തിനോട് കൂടുതൽ അടുത്തു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News