ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ വിറച്ച് ക്രൊയേഷ്യ

മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു..

Update: 2022-11-23 12:19 GMT
Editor : Dibin Gopan | By : Web Desk
Advertising

ദോഹ: നിലവിലെ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ വിറപ്പിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ. ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും കണ്ടെത്താനായില്ലെങ്കിലും വമ്പന്‍ താരനിരയുമായെത്തിയ ക്രൊയേഷ്യക്ക് മുന്നില്‍ മനോഹരമായ മുന്നേറ്റങ്ങളുമായി മൈതാനം നിറഞ്ഞ മൊറോക്കോ കയ്യടി നേടി.

ഗോൾ നേടാൻ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ ആർക്കും വലകുലുക്കാനായില്ല. തുടക്കം മുതൽ ആക്രമിച്ചായിരുന്നു ഇരുടീമുകളും കളിച്ചത്. മത്സരത്തില്‍ ഉടനീളം ക്രൊയേഷ്യൻ പോസ്റ്റിലേക്ക് എട്ട് ഷോട്ടുകൾ മൊറോക്കോ പായിച്ചപ്പോൾ ക്രൊയേഷ്യ അഞ്ച് ഷോട്ടുകളാണ് ഉതിർത്തത്. ആദ്യപകുതിയുടെ അവസാന നിമിഷം ക്രൊയേഷ്യ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ചിനും നിക്കോളാ വ്‌ലാസിക്കിനും ഗോൾനേടാൻ സുവർണ്ണാവസരം കിട്ടിയെങ്കിലും വലകുലുക്കാൻ സാധിച്ചില്ല. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതിൽ ക്രൊയേഷ്യയായിരുന്നു മുന്നില്‍ നിന്നത്. മത്സരത്തില്‍ 65 ശതമാനവും പന്ത് കൈവശം വച്ചത് മൊറോക്കോയായിരുന്നു.

സമനിലയോടെ ഓരോ പോയിന്‍റുമായി ഗ്രൂപ്പ് എഫില്‍ ഇരുടീമുകളും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ലോകകപ്പിൽ ആദ്യമായിട്ടാണ് ക്രൊയേഷ്യയും മൊറോക്കോയും പരസ്പരം ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് 1996ൽ സൗഹൃദ മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് 2-2 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. ഗ്രൂപ്പ് എഫിലെ അടുത്ത പോരാട്ടത്തില്‍ ഇന്ന് രാത്രി ബെല്‍ജിയം കാനഡയെ നേരിടും.  

മുൻ പ്രതിരോധ താരം വാലിഡ് റെഗ്രാഗുയിയെ പരിശീലകനാക്കിയാണ് മൊറോക്കൻ അധികൃതർ ടീം പണിഞ്ഞത്. ചെൽസിയുടെ മധ്യനിരൻ താരം ഹാകിം സിയേച്ചിനെ ടീമിലെത്തിച്ചതാണ് പരിശീലകന്റെ ശ്രദ്ധേയ നീക്കം. ഹാകിമിന്റെ മികവിൽ മൊറോക്ക വൻ പ്രതീക്ഷയാണ് വരും മത്സരങ്ങളില്‍ വെച്ചുപുലർത്തുന്നത്. 


Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News