ഒളിമ്പിക്സ് ഫുട്ബോൾ: സ്പെയിൻ-ഫ്രാൻസ് ഫൈനൽ
പാരിസ്: ഒളിമ്പിക്സ് പുരുഷ ഫുട്ബോളിലെ കലാശപ്പോരിൽ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടും. 40 വർഷത്തിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സ് ഫൈനലിനാണ് സ്വന്തം മണ്ണിൽ ഫ്രാൻസ് ഒരുങ്ങുന്നത്. നിലവിലെ വെള്ളി മെഡൽ ജേതാക്കളായ സ്പെയിൻ 1992ന് ശേഷമുള്ള ആദ്യ സ്വർണമാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുന്നത്.
സെമിയിൽ ശക്തരായ മൊറോക്കോ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് സ്പാനിഷ് പട ഫൈനൽ ഉറപ്പിച്ചത്. ഒരു ഗോളിന് പിന്നിട്ട ശേഷം ഉണർന്നെണീറ്റ സ്പാനിഷ് പട 66ാം മിനുറ്റിൽ ഫെർമിൻ ലോപ്പസിലൂടെ ആദ്യ ഗോൾ നേടി. ഒടുവിൽ 85ാം മിനുറ്റിൽ ജ്വാൻലുവിലൂടെ രണ്ടാം ഗോളും നേടി സ്പെയിൻ വിജയമുറപ്പിക്കുകയായിരുന്നു.
രണ്ടാം സെമിയിൽ ഈജിപ്ത് വിറപ്പിച്ചെങ്കിലും അതിഗംഭീരമായി ഫ്രാൻസ് തിരിച്ചുവരികയായിരുന്നു. 62ാം മിനുറ്റിൽ മഹ്മൂദ് സബർ നേടിയ ഗോളിൽ മുന്നിലെത്തിയ ഈജിപ്തിനെതിരെ യ്വാൻ മറ്റേറ്റ 83ാം മിനുറ്റിൽ ഫ്രാൻസിന് സമനില നൽകി. ഇതോടെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 99ാം മിനുറ്റിൽ രണ്ടാം ഗോളും നേടി മറ്റേറ്റ ഫ്രാൻസിന് വിജയ പ്രതീക്ഷ നൽകി. ഇതിനിടയിൽ രണ്ടാം മഞ്ഞക്കാർഡുമായി ഒമർ ഫയദ് പുറത്തുപോയത് ഈജിപ്തിന് തിരിച്ചടിയായി. ഒടുവിൽ 108ാം മിനുറ്റിൽ മൈക്കൽ ഒലിസിന്റെ ഗോളിൽ ഫ്രാൻസ് ജയം ഉറപ്പിക്കുകയായിരുന്നു. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ മൊറോക്കോയും ഈജിപ്തും വ്യാഴാഴ്ച ഏറ്റുമുട്ടും.