യുവരാജ്ഞിക്ക് ജഴ്‌സി വേണം; ഒപ്പിട്ടു നൽകി ഗാവി

ലോകകപ്പിൽ സ്‌പെയിനിനായി ഗോൾ കണ്ടെത്തിയ പ്രായം കുറഞ്ഞ കളിക്കാരനാണ് ഗാവി

Update: 2022-11-29 08:30 GMT
Editor : abs | By : Web Desk
Advertising

ഈ ലോകകപ്പിൽ സ്‌പെയിനിൽനിന്നുള്ള ടീനേജ് സെൻസേഷനാണ് പതിനെട്ടുകാരനായ ഗാവി. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ ഗോൾ നേടിയ ഗാവി, 1958ന് ശേഷം വിശ്വമേളയിൽ ഗോൾ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി മാറി. ജർമനിക്കെതിരെയുള്ള മത്സരത്തിൽ ടീം ഒരു ഗോളിന് മുമ്പിൽ നിൽക്കെ 66-ാം മിനിറ്റിൽ കോച്ച് ലൂയി എന്റികെ താരത്തെ തിരികെ വിളിക്കുകയായിരുന്നു.

കളി പുരോഗമിക്കവെ, കളിക്കു പുറത്തുനടന്ന ഒരു നീക്കത്തിന്റെ പേരിലാണ് ഗാവി ഇപ്പോൾ സ്‌പെയിനിലെ മാധ്യമങ്ങളിൽ നിറയുന്നത്. താരത്തോടുള്ള ആരാധന മൂത്ത് സ്‌പെയിനിന്റെ യുവരാജകുമാരി, 17കാരിയായ ലീനർ ഗാവിയുടെ ജഴ്‌സി ഒപ്പിട്ടു വാങ്ങി എന്ന് ഫുട്‌ബോൾ മാധ്യമമായ ഡയറിയോ എഎസ് റിപ്പോർട്ടു ചെയ്യുന്നു. മകൾക്കു വേണ്ടി അച്ഛൻ ഫിലിപ്പെ ആറാമൻ രാജാവ് സ്‌പെയിൻ ഡ്രസിങ് റൂമിൽ നേരിട്ടെത്തിയാണ് ജഴ്‌സി സ്വീകരിച്ചത്. ഖത്തർ അമീർ ഷെയ്ഖ് തമീം അൽഥാനിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നേതാവാണ് ഫിലിപ്പെ ആറാമൻ.

ഖത്തറിലെ ആദ്യ മത്സരത്തിൽ നേടിയ വിജയത്തിൽ അഭിനന്ദനം അറിയിക്കാനാണ് രാജാവ് സ്‌പെയിൻ ഡ്രസ്സിങ് റൂമില്‍ നേരിട്ടെത്തിയത്. മത്സരത്തിൽ അഞ്ചാം ഗോൾ നേടിയ ഗാവി രാജാവിന് ഒപ്പിട്ട ജഴ്‌സി സമ്മാനിക്കുകയായിരുന്നു. ഇതിന്റെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 



ലോകകപ്പിൽ സ്‌പെയിനിനായി ഗോൾ കണ്ടെത്തിയ പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് ഗാവി. 2006ൽ യുക്രൈനെതിരെ ഗോൾ നേടിയ സെസ്‌ക് ഫാബ്രിഗസിന്റെ റെക്കോർഡാണ് താരം മറികടന്നത്. അന്ന് 19 വയസ്സായിരുന്നു ഫാബ്രിഗസിന്. 'ഞാൻ സന്തോഷവാനാണ്. എന്നാൽ മത്സരത്തിൽ ടീം വിജയിച്ചു എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം' - തന്റെ നേട്ടത്തെ കുറിച്ച് ഗാവി മാധ്യമങ്ങളോടു പറഞ്ഞു. 2021 നവംബറിലാണ് ഗാവി സ്‌പെയിൻ ദേശീയ ടീമിനായി അരങ്ങേറിയത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കു വേണ്ടി ബൂട്ടു കെട്ടുന്ന താരം ക്ലബിന്റെ യൂത്ത് അക്കാഡമി ലാ മാസിയയിൽ നിന്നാണ് കളി പഠിച്ചത്.

ദക്ഷിണ വെയിൽസിലെ യുഡബ്ല്യൂസി അറ്റ്‌ലാന്റിക് കോളജ് വിദ്യാർത്ഥിയാണ് ലീനർ. രണ്ടു വർഷത്തെ ഐബി ഡിപ്ലോമ കോഴ്‌സിനായി 2021 ഫെബ്രുവരി പത്തിനാണ് ഇവർ കോളജിൽ അഡ്മിഷനെടുത്തത്. സ്പെയിന്‍ രാജ്ഞി ലെറ്റിസിയയുടെ രണ്ടാമത്തെ മകളാണ്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News