'ഞാൻ മാർക്കസ് റാഷ്‌ഫോർഡ്, 23 വയസ്സ്, കറുത്തവൻ'; വംശീയാധിക്ഷേപത്തിൽ പ്രതികരിച്ച് താരം

"വിവരിക്കാൻ എനിക്ക് വാക്കുകളില്ല. 55 വർഷത്തിന് ശേഷമായിരുന്നു ആ ഫൈനൽ. ഒരു പെനാൽറ്റി. അതു ചരിത്രമായിരുന്നു. എനിക്കിപ്പോൾ മാപ്പു പറയാനേ ആകുന്നുള്ളൂ"

Update: 2021-07-13 07:57 GMT
Editor : abs | By : Web Desk
Advertising

ലണ്ടൻ: യൂറോ കപ്പ് ഫൈനലിന് ശേഷം തനിക്കെതിരെ ഉയർന്ന വംശീയ അധിക്ഷേപങ്ങളില്‍ പ്രതികരിച്ച് ഇംഗ്ലണ്ട് ഫുട്‌ബോൾ താരം മാർക്കസ് റാഷ്‌ഫോർഡ്. 23 വയസ്സുള്ള കറുത്തവനാണ് എന്ന് പറഞ്ഞ താരം തന്റെ അസ്തിത്വത്തിൽ അഭിമാനിക്കുന്നു എന്നും കൂട്ടിച്ചേർത്തു. ഫൈനലിലെ ഷൂട്ടൗട്ടിൽ പെനാൽറ്റി പാഴാക്കിയതിൽ ആരാധകരോട് മാപ്പു ചോദിക്കുന്നതായും സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം കുറിച്ചു.

'എവിടെ തുടങ്ങണമെന്ന് പോലും എനിക്കറിയില്ല. ഈ സമയത്ത് എന്റെ വികാരങ്ങൾ എങ്ങനെ വാക്കുകളായി പകർത്തണമെന്നും നിശ്ചയമില്ല. എനിക്ക് ബുദ്ധിമുട്ടേറിയ സീസണായിരുന്നു ഇത്. ഷൂട്ടൗട്ടിൽ എടുത്ത കിക്കിന്റെ ഫലം ഞാൻ ആഗ്രഹിച്ചതായിരുന്നില്ല. ഉറക്കത്തിൽ പോലും ഞാൻ പെനാൽറ്റിയിൽ സ്‌കോർ ചെയ്യാറുണ്ട്. എന്തു കൊണ്ട് അന്നതിനായില്ല? അത് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. 55 വർഷത്തിന് ശേഷമായിരുന്നു ആ ഫൈനൽ. ഒരു പെനാൽറ്റി. അതു ചരിത്രമായിരുന്നു. എനിക്കിപ്പോൾ മാപ്പു പറയാനേ ആകുന്നുള്ളൂ' - റാഷ്‌ഫോർഡ് കുറിച്ചു.

'ഈ വേനൽ എന്റെ ജീവതത്തിലെ ഏറ്റവും മികച്ച ക്യാമ്പുകളിൽ ഒന്നായിരുന്നു. നിങ്ങൾ എല്ലാവരും അതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്. നമ്മൾ ഉണ്ടാക്കിയ സഹോദരബന്ധം തകർക്കാനാകാത്തതാണ്. നിങ്ങളുടെ വിജയമാണ് എന്റെ വിജയം. നിങ്ങളുടെ പരാജയം എന്റേതുമാണ്. വിമർശനങ്ങളെ ഞാൻ സ്വീകരിക്കുന്നു. എന്റെ പെനാൽറ്റി മികച്ചതായിരുന്നില്ല. മാപ്പു ചോദിക്കുന്നു. എന്നാൽ ആരാണ് ഞാൻ, ഞാൻ എവിടെ നിന്ന് വരുന്നു എന്നതിൽ ഒരിക്കലും ഖേദം പ്രകടിപ്പിക്കില്ല. ഞാൻ മാർക്കസ് റാഷ്‌ഫോർഡ്. ദക്ഷിണ മാഞ്ചസ്റ്ററിലെ വിതിങ്ടണിൽ നിന്നുള്ള 23 വയസ്സുള്ള കറുപ്പൻ' - അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇറ്റലിക്കെതിരെയുള്ള ഫൈനലിൽ റാഷ്‌ഫോർഡിന് പുറമേ, ജോർഡാൻ സാഞ്ചോ, ബുകായോ സാക്ക എന്നിവരും പെനാൽറ്റി പാഴാക്കിയിരുന്നു. ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. ഇതിന് പിന്നാലെയാണ് താരങ്ങൾ കടുത്ത വംശീയാധിക്ഷേപത്തിന് വിധേയരായത്. കളിക്കാര്‍ക്ക് പിന്തുണയുമായി പ്രധാനമന്ത്രി ജോറിസ് ബോൺസൺ, ലണ്ടൻ മേയർ സാദിഖ് ഖാൻ, ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ, ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

അധിക്ഷേപ ഉള്ളടക്കമുള്ള ആയിരക്കണക്കിന് ഉള്ളടക്കങ്ങളാണ് ട്വിറ്റർ നീക്കം ചെയ്തത്. നൂറു കണക്കിന് ആരാധകരുടെ അക്കൗണ്ടുകൾ അടച്ചുപൂട്ടുകയും ചെയ്തു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News