ബ്ലാസ്റ്റേഴ്‌സിൽ ഇത്രയ്ക്ക് ആത്മാർത്ഥതയുള്ള വിദേശതാരങ്ങളെ കണ്ടിട്ടില്ല: ഐഎം വിജയൻ

"കോച്ച് ഇവാൻ വുകുമനോവിച്ച് നിശ്ശബ്ദ കൊലയാളിയാണ്. ടീം ഗോൾ നേടുമ്പോഴും നഷ്ടപ്പെടുത്തുമ്പോഴും അദ്ദേഹം ശാന്തനാണ്."

Update: 2022-03-20 08:25 GMT
Editor : abs | By : abs
Advertising

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം നേടുമെന്ന് ഫുട്‌ബോൾ ഐക്കണും മുൻ ഇന്ത്യൻ നായകനുമായ ഐഎം വിജയൻ. കളിയെ ആത്മാർത്ഥതയോടെ സമീപിക്കുന്ന വിദേശ കളിക്കാരാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൂപ്പർലീഗ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയൻ.

'ഒന്നിൽ പിഴച്ചാല്‍ മൂന്നില്‍ എന്നാണ് കേരളത്തിൽ പറയാറുള്ളത്. നമ്മൾ ഇത്തവണ ഗോവയിൽ നിന്ന് കപ്പ് കേരളത്തിലേക്ക് കൊണ്ടുവരും. സ്വന്തം മണ്ണിൽ മാത്രമേ കേരളം കിരീടം നേടുകയുള്ളൂ എന്നൊരു വിശ്വാസമുണ്ടായിരുന്നു ആദ്യം. എന്നാൽ ഇപ്പോൾ ഗോവയിലും ട്രോഫി ജയിക്കാനുള്ള ശേഷി കേരളം നേടിയിട്ടുണ്ട്. സെമി ഫൈനൽ പോലെ ഫൈനലിലും കേരളം മികച്ച കളി പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ' - വിജയൻ പറഞ്ഞു.

വിദേശ കളിക്കാരെ കുറിച്ച് താരം വിലയിരുത്തിയതിങ്ങനെ; 'ബ്ലാസ്‌റ്റേഴ്‌സിൽ ഇത്രയ്ക്ക് ആത്മാർത്ഥമായി കളിക്കുന്ന വിദേശ കളിക്കാരെ മുമ്പു കണ്ടിട്ടില്ല. ലൂനയൊക്കെ പിന്നിൽ ഇറങ്ങി വന്നാണ് ഡിഫൻഡ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഗോളുകൾ ഏറ്റവും മികച്ചതാണ്. ലൂനയെ പോലെ ഗോൾ സ്‌കോർ ചെയ്യുന്ന താരങ്ങളുണ്ടെങ്കിൽ ആരെയും പേടിക്കേണ്ടതില്ല'.

മുൻ സീസണുകളിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയെയും വിജയൻ വിലയിരുത്തി. 'മുൻ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് മികച്ച കളിക്കാരുണ്ടായിരുന്നു. എന്നാൽ ആദ്യ കളി ജയിച്ച ശേഷം പിന്നീട് കൂടുതൽ കളികളും തോറ്റു. എന്നാൽ ഈ സീസണിൽ അതല്ല സ്ഥിതി. കോച്ച് ഇവാൻ വുകുമനോവിച്ച് നിശ്ശബ്ദ കൊലയാളിയാണ്. ടീം ഗോൾ നേടുമ്പോഴും നഷ്ടപ്പെടുത്തുമ്പോഴും അദ്ദേഹം ശാന്തനാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നട്ടെല്ലാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ കീഴിൽ ടീം വിജയിക്കുമെന്നതിൽ സംശയമില്ല'- വിജയൻ കൂട്ടിച്ചേർത്തു. 

ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഫറ്റോർഡയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഐഎസ്എല്ലിലെ കലാശപ്പോര്. ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ജംഷഡ്പൂരിനെ ഇരുപാദങ്ങളിലുമായി 2-1ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. എടികെ മോഹൻബഗാനെ തോൽപ്പിച്ച് ഹൈദരാബാദും. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News