റൊണാള്‍ഡോ ക്ലബ് വിടുന്നത് സ്ഥിരീകരിച്ച് യുവന്‍റസ്

ടോട്ടനമില്‍ നിന്ന് ഹാരി കെയ്‌നിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് റൊണാള്‍ഡോയുമായി കരാറിലെത്താന്‍ സിറ്റി തീരുമാനിച്ചത്

Update: 2021-08-27 13:26 GMT
Editor : ubaid | By : Web Desk
Advertising

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുന്നത് സ്ഥിരീകരിച്ച് പരിശീലകനായ മാസ്സിമിലിയാനോ അല്ലെഗ്രി. യുവന്റസിൽ തുടരാൻ തനിക്ക് ഉദ്ദേശമില്ലെന്ന് റൊണാൾഡോ തന്നോട് വ്യക്തമാക്കിയതായി സീരി എയിൽ എംപോളിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അല്ലെഗ്രി വെളിപ്പെടുത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറാന്‍ തത്വത്തില്‍ ധാരണയായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ടോട്ടനമില്‍ നിന്ന് ഹാരി കെയ്‌നിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് റൊണാള്‍ഡോയുമായി കരാറിലെത്താന്‍ സിറ്റി തീരുമാനിച്ചത്.

 "ഇന്നലെ, ക്രിസ്റ്റ്യാനോ എന്നോട് പറഞ്ഞു, ഇനി യുവന്റസിനായി കളിക്കുന്നില്ലെന്ന്. അതുകൊണ്ട് റൊണാള്‍ഡോയെ നാളെ മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എല്ലാം മാറിക്കൊണ്ടിരിക്കും, ഇത് ജീവിത നിയമമാണ്. യുവന്റസ് ഇവിടെയുണ്ടാകും, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചെറുപ്പക്കാർക്കിടയിൽ ഒരു മാതൃക എന്ന നിലയിലും അദ്ദേഹം ചെയ്തതിന് അദ്ദേഹത്തോട് നന്ദി പറയണം. എന്നാൽ ഞാൻ പറഞ്ഞതുപോലെ, യുവന്റസിന് മുന്നോട്ട് പോയേ പറ്റൂ." അല്ലെഗ്രി പറഞ്ഞു. 

നിലവിൽ ഇറ്റലിയിൽ സീരി എയിൽ യുവന്റസിനായി കളിക്കുന്ന റൊണാൾഡോ ഇറ്റാലിയൻ ക്ലബുമായി അടുത്ത സീസണിലേക്കുള്ള കരാർ ഒപ്പിട്ടിട്ടില്ല. താരത്തിനായി ശമ്പള ഇനത്തിൽ വലിയ തുകയാണ് യുവന്റസ് ചെലവിടുന്നത്. താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് കൈമാറുന്നതിലൂടെ ലാഭിക്കുന്ന തുക അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന് ഒരാശ്വാസം നൽകുമെന്ന വിലയിരുത്തൽ കൂടിയുണ്ട്. 

ചാമ്പ്യൻസ് ലീഗ് നേടുക എന്ന ലക്ഷ്യത്തോടെ റൊണാൾഡോയെ 2018ൽ വലിയ തുക മുടക്കി റയൽ മാഡ്രിഡിൽ നിന്നും ടീമിലെത്തിച്ച യുവന്റസിന് പക്ഷെ താരം ക്ലബിലെത്തി മൂന്ന് വർഷങ്ങൾ തികയുമ്പോഴും ചാമ്പ്യൻസ് ലീഗ് കിട്ടാക്കനിയാണ്. അതിനുപുറമെ അവർ കയ്യടക്കി വെച്ചിരുന്ന സീരി എ ലീഗ് കിരീടം കഴിഞ്ഞ സീസണിൽ അവർക്ക് നഷ്ടമായിരുന്നു. താരം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സീരി എ ലീഗ് കിരീടങ്ങളും ഒരു ഇറ്റാലിയൻ കപ്പും നേടിയിട്ടുണ്ട്.

നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ യുനൈറ്റെഡിന്റെ ചുവപ്പ് ജേഴ്‌സിയിൽ കളിച്ചിട്ടുള്ള താരം ലീഗിലേക്കുള്ള തന്റെ രണ്ടാം വരവിൽ അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്‌സിയിൽ അണിനിരക്കുമോ എന്നതാണ് അവരുടെ ആകാംക്ഷ. യുണൈറ്റഡിനായി 292 കളികളിൽ നിന്നും 118 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News