ബെൻഫിക്കയോട് തോറ്റു: ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ യുവന്റസ് പുറത്ത്

പോർച്ചുഗൽ ക്ലബ്ബ് ബെൻഫിക്കയോട് തോറ്റ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് സ്റ്റേജ് കാണാതെ പുറത്ത്

Update: 2022-10-26 02:12 GMT
Editor : rishad | By : Web Desk
Advertising

ലിസ്ബൺ: പോർച്ചുഗൽ ക്ലബ്ബ് ബെൻഫിക്കയോട് തോറ്റ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് സ്റ്റേജ് കാണാതെ പുറത്ത്. 2013-14ന് ശേഷം ആദ്യമായാണ് യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തുപോകുന്നത്. മൂന്നിനെതിര നാല് ഗോളുകൾക്കായിരുന്നു ബെൻഫിക്കയുടെ ജയം. അടി, തിരിച്ചടി എന്ന നിലയിലായിരുന്നു ലിസ്ബണിലെ പോരാട്ടം.

ഇരട്ട ഗോളുകൾ നേടിയ റാഫ സിൽവയാണ് യുവന്റസിനെ മൂലക്കിരുത്തിയത്. തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാക്കി ബെൻഫിക്ക 17ാം മിനുറ്റിൽ തന്നെ ആദ്യ വെടിപൊട്ടിച്ചു. അന്റോണിയോ സിൽവയായിരുന്നു ഗോൾ നേടിയത്. ഗോളിന്റെ ആരവം അടങ്ങുംമുമ്പ് മോയിസ് കീനിന്റെ തിരിച്ചടി. സ്‌കോർ 1-1. 28ാം മിനുറ്റിൽ ലഭിച്ച പെനൽറ്റി മരിയോ വലയിലെത്തിച്ചതോടെ ബെൻഫിക്ക മുന്നിൽ.

35ാം മിനുറ്റിൽ റഫയുടെ ഗോളോടെ ബെൻഫിക്ക ലീഡ് ഉയർത്തി. 50ാം മിനുറ്റിൽ റാഫ വീണ്ടും വല കുലുക്കിയതോടെ ബെൻഫിക്ക 4-1 എന്ന നിലയിലായി. 77, 79 മിനുറ്റുകളിൽ രണ്ട് ഗോളുകൾ മടക്കിയതോടെ കളി ആവേശമായി. എന്നാൽ ബെൻഫിക്ക പ്രതിരോധത്തിലേക്ക് ആഞ്ഞുവലിഞ്ഞതോടെ യുവന്റസ് തീർന്നു. ഗ്രൂപ്പ് എച്ചിൽ ശക്തരായ പിഎസ്ജിയുമായി യുവന്റസിന് ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും കാര്യമില്ല. ഗ്രൂപ്പിൽ നിന്ന് പിഎസ്ജി, ബെൻഫിക്ക ടീമുകളാണ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

ഇരു ടീമുകളുടെയും അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ പതിനൊന്ന് പോയിന്റാണ്. യുവന്റസിന് പുറമെ ഇസ്രാഈൽ ക്ലബ്ബ് മകാബി ഹൈഫയാണ് ഗ്രൂപ്പ് എച്ചിലെ മറ്റു ടീം. അതേസമയം ഫുട്‌ബോളിലെ സൂപ്പർസ്റ്റാറുകളെല്ലാം നിറഞ്ഞാടിയ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇസ്രാഈൽ ക്ലബ്ബ് മകാബി ഹൈഫയെ പിഎസ്ജി തകർത്തു. എണ്ണം പറഞ്ഞ ഏഴ് ഗോളുകളാണ് മകാബിയുടെ വലയിൽ പിഎസ്ജി നിക്ഷേപിച്ചത്. മറുപടിയെന്നോണം മകാബി രണ്ടെണ്ണം അടിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News