വെട്ടിക്കുറച്ചത് പതിനഞ്ച് പോയിന്റ്: വെട്ടിലായി യുവന്റസ്
ട്രാൻസ്ഫർ നിയമങ്ങൾ പാലിക്കാത്തത് ഇറ്റാലിയൻ സീരി എ വമ്പന്മാരായ യുവന്റസിന് നൽകിയത് വൻ തിരിച്ചടി
ടൂറിൻ: ട്രാൻസ്ഫർ നിയമങ്ങൾ പാലിക്കാത്തത് ഇറ്റാലിയൻ സീരി എ വമ്പന്മാരായ യുവന്റസിന് നൽകിയത് വൻ തിരിച്ചടി. പിഴയായി പതിനഞ്ച് പോയിന്റ് കുറക്കാനാണ് ഇറ്റാലിയൻ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്.
അതോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുവന്റസ് ചെന്നെത്തിയത് പത്താം സ്ഥാനത്ത്. 22 പോയിന്റാണ് യുവന്റസിന്റെ അക്കൗണ്ടിലുള്ളത്. ഇതോടെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനുള്ള യുവന്റസിന്റെ സാധ്യതകൾക്കും മങ്ങലേറ്റു. നാപ്പോളി, എ.സി മിലാൻ, ഇന്റർമിലാൻ എന്നിവരാണ് ഇപ്പോൾ ആദ്യ മൂന്നിലുള്ളത്. അതേസമയം വിധിക്കെതിരെ ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് ക്ലബ്ബ് അധികൃതർ.
പോയിന്റ് വെട്ടിക്കുറച്ചത് താരങ്ങളുടെ മൂല്യം പെരിപ്പിച്ച് കാണിക്കുകയും അധികൃതർക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്നും കണ്ടെത്തിയതോടെയാണ് ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ നടപടിയുമായി മുന്നോട്ട് നീങ്ങിയത്. നടപടിയുടെ ഭാഗമായി യുവിന്റെ നിലവിലെ സ്‌പോർട്‌സ് ഡയറക്ടർ ഫെഡറിക്കോ ചെറൂബിനിയെയും 16 മാസത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍ യുവന്റസ് ചെയര്‍മാന്‍ ആന്‍ഡ്രിയ അഗ്നെല്ലിക്ക് 24-മാസത്തേയും നിലവിലെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഫെഡറികോ ചെറുബിനിക്ക് 16-മാസത്തെയും വിലക്കാണുള്ളത്.