'കൈമാറ്റക്കരാർ': പുതിയ നീക്കവുമായി കേരളബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും
മൂന്ന് വർഷത്തെ കരാറാണ് പ്രീതം കോട്ടാലിന് ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതുപ്രകാരം 2026 വരെ താരത്തിന് മഞ്ഞപ്പടയില്‍ തുടരാം
കൊല്‍കത്ത: കളിക്കാരെ പരസ്പരം കൈമാറാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സും മോഹന്‍ ബഗാനും. ഹോർമിപം റൂയിവ (കേരള ബ്ലാസ്റ്റേഴ്സ് ), പ്രീതം കോട്ടാൽ ( മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റസ്) എന്നീ കളിക്കാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ടാണ് കാര്യമായ ചര്‍ച്ചകള്‍. കരാറിന്റെ ഭാഗമായി ട്രാൻസ്ഫർ ഫീസും പരിഗണിക്കുന്നുണ്ട്. മൂന്ന് വർഷത്തെ കരാറാണ് പ്രീതം കോട്ടാലിന് ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതുപ്രകാരം 2026 വരെ താരത്തിന് മഞ്ഞപ്പടയില്‍ തുടരാം. സമാനമായൊരു ഓഫര്‍ ഹോര്‍മിപാമിന് മോഹന്‍ബഗാനും നല്‍കുന്നു.
റൂയിവയും കോട്ടാലും ഉൾപ്പെടുന്ന കളിക്കാരുടെ കൈമാറ്റ സാധ്യതകൾ ഇതിനകം തന്നെ ഇരുടീമുകളും സജീവമാക്കിയിട്ടുണ്ട്. കൈമാറ്റത്തിലൂടെ ടീമിന് ആവശ്യമായ പൊസിഷനില്‍ കളിക്കാരെ വിന്യസിക്കാന്‍ ക്ലബ്ബുകള്‍ക്കാവും. ഡല്‍ഹി എഫ്.സിയില്‍ നിന്ന് അന്‍വര്‍ അലിയെ എത്തിച്ചത്തോടെ ടീമില്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് മോഹന്‍ ബഗാന്‍. അൻവർ അലിയെ മോഹൻ ബഗാൻ ടീമിലെത്തിച്ചതോടെ അവരുടെ പ്രതിരോധ നിര ശക്തിപ്പെടുത്താനാണ് മോഹന്‍ബഗാന്‍ ലക്ഷ്യമിടുന്നത്. ഇനി ഹോര്‍മിപാം കൂടി വരികയാണെങ്കില്‍ ബാക് ലൈന് വീര്യംകൂടും. രാജ്യത്തെ ഏറ്റവും മികച്ച യുവ സെന്റർ ബാക്കുകളിൽ ഒരാളാണ് ഹോര്‍മിപാം.
യുവ ഡിഫൻഡറായ ഹോർമിപം റൂയിവ അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. അഞ്ച് വർഷത്തേക്കാണ് കരാര്‍ നീട്ടിയിരുന്നത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയില്‍ താരത്തിന്റെ പ്രകടനത്തില്‍ ക്ലബ്ബിനും ആരാധകര്‍ക്കും ആശങ്കകളൊന്നുമില്ല. അതേസമയം സെന്റര്‍ ബാക്കില്‍ പന്ത് തട്ടുന്ന പ്രീതം കോട്ടാല്‍ മോഹന്‍ബഗാന്റെ നായകസ്ഥാനം കൂടി അലങ്കരിക്കുന്നുണ്ട്.
പ്രീതം കോട്ടാലിലൂടെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത് പ്രതിരോധ ചുമതല നിറവേറ്റാന്‍ കഴിയുന്ന ശക്തനായൊരു നായകനെക്കൂടിയാണ്. കോട്ടാലിന്റെ പരിചയ സമ്പത്തും നേതൃപാടവവും ബ്ലാസ്റ്റേഴ്‌സിന്റെ പിൻനിരയെ ശക്തിപ്പെടുത്തുമെന്നാണ് ക്ലബ്ബ് കണക്കുകൂട്ടുന്നത്. അതേസമയം 2023 - 2024 സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഇതുവരെ രണ്ട് കളിക്കാരെ മാത്രമാണ് പുതുതായി സൈന്‍ ചെയ്തത്. ഓസ്‌ട്രേലിയന്‍ മുന്നേറ്റ നിര താരം ജോഷ്വ സൊറ്റിരിയൊ, വെസ്റ്റ് ബംഗാള്‍ പ്രതിരോധ താരം പ്രാബിര്‍ ദാസ് എന്നിവരെ ആണ് 2023 - 2024 സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഇതുവരെ സ്വന്തമാക്കിയത്.