സദൗയിയും കോയഫുമെത്തി; അമിത പ്രതീക്ഷയില്ലാതെ പുതിയ സീസണിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്
പ്രമുഖ താരങ്ങളെയെത്തിച്ച് മറ്റു ക്ലബുകൾ സ്‌ക്വാർഡ് ശക്തി കൂട്ടുമ്പോൾ ബ്ലാസ്‌റ്റേഴ്‌സ് മികച്ച കളിക്കാരെയടക്കം കൈവിടുകയാണെന്ന വിമർശനവും ശക്തമാണ്.
'ആദ്യ പകുതി വരെ സൂപ്പർ ഹിറ്റ്. രണ്ടാം പകുതി ശോകമൂകം. ക്ലൈമാക്സിലേക്കടുക്കുമ്പോൾ അവിടിവിടെയായി പ്രതീക്ഷയുടെ ചില മിന്നലാട്ടങ്ങൾ''. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസൺ ഒരു സിനിമയായി പരിവർത്തനം ചെയ്താൽ ഇങ്ങനെ വിലയിരുത്താം. പരിക്കും ഫോമില്ലായ്മയുമെല്ലാമായി അവസാന ലാപ്പിൽ കിതച്ച മഞ്ഞപ്പട, പ്ലേഓഫിൽ ഒഡീഷ എഫ്.സിയോട് കീഴടങ്ങി തലതാഴ്ത്തി മടങ്ങി.
പോയകാലത്തെ കുറിച്ച് വ്യാകുലപ്പെട്ടിട്ട് ഇനി കാര്യമില്ല. ഇനി പുതിയ സീസൺ, പുതിയ പരിശീലകൻ... പ്രതീക്ഷയുടെ പുതുനാമ്പുകൾ. ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം എഡിഷനിലേക്ക് ചുവടുവെക്കാൻ കൊമ്പൻമാർ സർവ്വ സന്നാഹത്തോടെ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ പത്തു തവണയും കൈവിട്ട മോഹകപ്പ് ഇത്തവണയെങ്കിലും സ്വന്തമാക്കാനുറച്ച്. മൂന്നാഴ്ചയായി പ്രീസീസൺ മത്സരത്തിനായി തായ്ലാൻഡിലാണ് താരങ്ങൾ. സന്നാഹത്തിൽ തായ്ലൻഡ് രണ്ടാം ഡിവിഷൻ ക്ലബ് സമുത് പ്രകാൻ സിറ്റിയെ കീഴടക്കി പ്രതീക്ഷയുടെ സൂചനയും കൊമ്പൻമാർ നൽകി. കഴിഞ്ഞ സീസണിൽ പരിക്കിന്റെ പിടിയിലായി ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ നായകൻ അഡ്രിയാൻ ലൂണ, ഘാന സ്ട്രൈക്കർ ക്വാമി പെപ്ര തുടങ്ങി പ്രധാന വിദേശ താരങ്ങളെല്ലാം കളത്തിലിറങ്ങി.പ്രീസീസൺ മത്സരം പൂർത്തിയാക്കി എത്തുന്ന മഞ്ഞപ്പടക്ക് മുന്നിലുള്ള ആദ്യ കടമ്പ ഡ്യൂറന്റ് കപ്പാണ്. ചാമ്പ്യൻഷിപ്പിനായി ടീം അടുത്തദിവസം തന്നെ കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും. ഇവാൻ വുകവനോവിചിന്റെ പകരക്കാരനായെത്തിയ സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയുടെ കീഴിൽ ഇറങ്ങുന്ന ടീമിന് മുന്നിലുള്ള ആദ്യ വെല്ലുവിളിയും ഇതാകും.
പുതിയ സീസണ് മുന്നോടിയായി അടിമുടി മാറ്റമാണ് ബ്ലാസ്റ്റേഴ്സ് വരുത്തിയത്. കഴിഞ്ഞ തവണത്തെ പല പ്രധാന മുഖങ്ങളും ഇത്തവണ മഞ്ഞജഴ്സിയിലില്ല. ഐ.എസ്.എൽ കഴിഞ്ഞ സീസണിലെ ടോപ് ഗോൾ സ്‌കോററും മഞ്ഞപ്പടയുടെ ഗോളടി മെഷീനുമായിരുന്ന ദിമിത്രിയോസ് ഡയമന്റകോസിന്റെ മടക്കമാണ് ആരാധകരെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്. ഫ്രീ ട്രാൻസ്ഫറിൽ കൊൽക്കത്തൻ ക്ലബ് ഈസ്റ്റ് ബംഗാളുമായാണ് ഗ്രീക്ക് താരം പോയത്. 2022-24 സീസണുകളിലായി 37 മാച്ചിൽ നിന്ന് 28 ഗോളുകളാണ് ദിമി അടിച്ചുകൂട്ടിയത്.
മാർക്കോ ലെസ്‌കോവിചാണ് ടീം വിട്ട മറ്റൊരു പ്രധാനി. 2021ൽ മഞ്ഞപ്പടയുടെ ഭാഗമായ ക്രൊയേഷ്യൻ പ്രതിരോധതാരം നിർണായക സേവുകളിലൂടെ ആരാധക മനംകവർന്നിരുന്നു. മധ്യനിരയിലെ കരുത്തായിരുന്ന ഡെയ്സുകി സകായ്, യുവ താരം ജെക്സൻ സിങ്, മുന്നേറ്റതാരം ഫെഡോർ സെർണിച്, ഗോൾകീപ്പർ കരൻജിത്ത് സിങ് കളംമാറിയ താരങ്ങൾ നിരവധി. ബ്ലാസ്റ്റേഴ്സിലെ ഈ വിറ്റഴിക്കൽ മേളയ്ക്കെതിരെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ പ്രതികരണമാണ് നടത്തിയത്. മറ്റു ക്ലബുകളുടെ സ്‌ക്വാർഡ് ശക്തിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ബ്ലാസ്റ്റേഴ്സ് ശരാശരി മാത്രമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. പ്രധാന താരങ്ങളെ നിലനിർത്തുന്നതിന് പകരം വിറ്റഴിച്ച് ലാഭമുണ്ടാക്കുന്നതിലാണ് മാനേജ്‌മെന്റിന്റെ ശ്രദ്ധയെന്നും സമൂഹ മാധ്യമങ്ങളിൽ ആരാധകർ പ്രതികരിച്ചു.
കരുത്തും നിഴലുമായ താരങ്ങൾ പോയി മറയുമ്പോഴും പുതിയ ഒരുപിടി പുതിയ മുഖങ്ങളെ കൂടാരത്തിലെത്തിക്കാനായെന്നാണ് മലയാളി ക്ലബ് മറുപടിയായി പറയുന്നത്. അതിൽ മികച്ച സൈനിങായി വിലയിരുത്തുന്നത് നോവ സദൗയിയുടേതാണ്. മൊറോക്കയിൽ നിന്നുള്ള ഈ തീപ്പൊരി താരമാകും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തെ നയിക്കുക. എഫ്.സി ഗോവയുടെ താരമായിരുന്ന 30 കാരൻ കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ 11 ഗോളും അഞ്ച് അസിസ്റ്റുമായി തിളങ്ങിയിരുന്നു. ദിമിത്രിയോസിന്റെ മികച്ച റീപ്ലൈസ്മെന്റായാണ് സദൗയിയെ വിലയിരുത്തുന്നത്. കരാറിലെത്തിയ ശേഷം മൊറോക്കൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.'' കേരളത്തിലെ ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നതാണ്. ബ്ലാസ്റ്റേഴ്സിനായി അവർ സൃഷ്ടിക്കുന്ന അന്തരീക്ഷം അത്ഭുതപ്പെടുത്തുന്നതാണ്. ഏതൊരു ഫുട്ബോളറും കൊതിക്കുന്നത്'' . ആരാധകരുടെ ആരവങ്ങൾക്ക് നടുവിൽ വാശിയോടെ പോരാടാൻ സദൗയുണ്ടാകുമെന്നുറപ്പ്.
എന്നും ബ്ലാസ്റ്റേഴ്സിന് തലവേദനയായത് പ്രതിരോധമായിരുന്നു. ഗോളടിച്ച് കൂട്ടുമ്പോഴും സ്വന്തം പോസ്റ്റിൽ ഗോൾ വന്നുനിറയുന്ന അവസ്ഥ. കഴിഞ്ഞ സീസണിൽ ഒരു പരിധി വരെ ടീമിന്റെ രക്ഷകനായത് മാർകോ ലെസ്‌കോവിചായിരുന്നു. എന്നാൽ ലെസ്‌കോയും അടുത്തിടെ കളംവിട്ടു. ഇനി ആരാകും പകരക്കാരൻ. ആഴ്ചകളായി ആരാധകർ തേടിയ ചോദ്യത്തിനുള്ള ഉത്തരവും ദിവസങ്ങൾക്ക് മുൻപ് ബ്ലാസ്റ്റേഴ്സ് നൽകി. ഫ്രഞ്ച് താരം അലക്സാന്ദ്രെ കോയെഫിനെയാണ് പ്രതിരോധ കോട്ടകാക്കാനായി കേരളത്തിലേക്ക് പറന്നെത്തിയത്. ഫ്രഞ്ച് ലീഗ് വണ്ണിലും ലാലീഗയിലുമായി മുന്നൂറിലേറെ മത്സരങ്ങൾ കളിച്ചു പരിചയമുള്ള താരം. ഫ്രാൻസ് രണ്ടാം ഡിവിഷൻ ക്ലബായ കായെനിൽ നിന്നാണ് അൽജീരിയൻ വംശജനായ ഈ 32 കാരന്റെ വരവ്. ഇതോടെ മോണ്ടിനെഗ്രോയുടെ മിലോസ് ഡ്രിംസിചിനൊപ്പം പ്രതിരോധ കരുത്തായി മറ്റൊരു വിദേശ താരംകൂടിയായി. മികച്ച ലോങ്‌ബോൾ നൽകാൻ കെൽപുള്ള താരമായ കൊയെഫ്, ഏരിയൽ ചലഞ്ചിലും മുന്നിലാണ്. ലെഫ്റ്റ് ബാക്കായി നവോച സിങ്, ഗോൾകീപ്പർ നോറ ഫെർണാണ്ടസ്, വിങർ ലാൽതംമാവിയ എന്നിവരും 2024-25 സീസണിൽ ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ കളത്തിലിറങ്ങും.
അമിത പ്രതീക്ഷയില്ല. എന്നാൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുമില്ല. കഴിഞ്ഞ സീസണിലെ വണ്ടർ പ്രകടനം നടത്തിയ മലയാളിതാരങ്ങളായ മുഹമ്മദ് അസർ, മുഹമ്മദ് ഐമൻ, വിബിൻ മോഹൻ, കെ.പി രാഹുൽ എന്നിവരെല്ലാം കരുത്ത് ചോരാടെ ഇത്തവണയും കൂടെതന്നെയുണ്ട്. ഇവർക്കൊപ്പം പുതിയ ഒരുപിടി താരങ്ങളും. പുതിയ സീസണിന് മുന്നോടിയായി ഒരു വിദേശ സ്ട്രെക്കറെ കൂടിയെത്തിക്കുമെന്നും പറയുന്നു. അങ്ങനെയെങ്കിൽ കലൂർ ജവഹൽലാൽ നെഹ്റു സ്റ്റേഡിയത്തിൽ മഞ്ഞക്കടലിരമ്പത്തെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയത്തിലേക്ക് പന്തുതട്ടും. കപ്പിനും ചുണ്ടിനുമിടയിൽ അനവധി തവണ നഷ്ടമായ ആ ഐ.എസ്.എൽ മോഹകപ്പും സ്വപ്നംകണ്ട്.