ഹാട്രിക്കുമായി കളംനിറഞ്ഞ് ഛേത്രി; ബെംഗളൂരുവിനോട് വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്, 4-2
ജയത്തോടെ ബെംഗളൂരു പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു
ബെംഗളൂരു: ആദ്യപകുതിയിൽ ബെംഗളൂരു കടന്നുകയറ്റം. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ്. ക്ലൈമാക്‌സിൽ നിരാശപ്പെടുത്തുന്ന തോൽവി. ബെംഗളൂരു തട്ടകമായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ ആദ്യ ജയത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. രണ്ടിനെതിരെ നാലുഗോളുകൾക്കാണ് ആതിഥേയരുടെ ജയം. ബെംഗളൂരു നിരയിൽ സുനിൽ ഛേത്രി (8,73,90+8) ഹാട്രിക് സ്വന്തമാക്കി. ജയത്തോടെ പോയന്റ് ടേബിളിൽ ബെംഗളൂരു തലപ്പത്തെത്തി. ബ്ലാസ്റ്റേഴ്‌സ് 10ാം സ്ഥാനത്തേക്ക് വീണു.
Defeat in Bengaluru #BFCKBFC #KBFC #KeralaBlasters #ISL pic.twitter.com/sjGffXckg0
— Kerala Blasters FC (@KeralaBlasters) December 7, 2024
അടിയും തിരിച്ചടിയും കണ്ട സൗത്ത് ഇന്ത്യൻ ഡർബിയിൽ ആദ്യാവസാനം പൊരുതിയാണ് മഞ്ഞപ്പട തലതാഴ്ത്തി മടങ്ങിയത്. തുടക്കത്തിൽ കളിയിൽ ആധിപത്യം പുലർത്തിയ ബെംഗളൂരു എട്ടാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ മുന്നിലെത്തി. റിയാൻ വില്യംസ് ബോക്‌സിലേക്ക് നൽകിയ ക്രോസ് ഉയർന്നുചാടി ഹെഡ്ഡറിലൂടെ ഛേത്രി വലയിലാക്കി. 38ാം മിനിറ്റിൽ മികച്ച പാസിംഗ് ഗെയിമിനൊടുവിൽ ആതിഥേയർ രണ്ടാം ഗോളും നേടി. എഡ്ഗർ മെൻഡിസിൽ നിന്ന് സ്വീകരിച്ച പന്തുമായി മുന്നേറി റിയാൻ വില്യംസ് ലീഡ് രണ്ടാക്കി ഉയർത്തി.
FULL TIME. SUPER SATURDAY! #WeAreBFC #BFCKBFC #ನೀಲಿಎಂದೆಂದಿಗೂ pic.twitter.com/yBsF6RJjR9
— Bengaluru FC (@bengalurufc) December 7, 2024
ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന സന്ദർശകർ രണ്ടാം പകുതിയിൽ മികച്ച കംബാകാണ് നടത്തിയത്. 56ാം മിനിറ്റിൽ ബെംഗളൂരുവിനെ ഞെട്ടിച്ച് ആദ്യ ഗോൾ മടക്കി. നോഹ സദൗയി നൽകിയ പന്ത് ജീസസ് ജിമിനസ് കൃത്യമായി ഫിനിഷ് ചെയ്തു. 67ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ക്രോസ് എതിർ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഫ്രെഡി ലാൽവൻമാവിയ ഗോളാക്കിമാറ്റി(2-2). ഒപ്പംപിടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് തുടരെ ബെംഗളൂരു ബോക്‌സിലേക്ക് ഇരമ്പിയെത്തി. എന്നാൽ 73ാം മിനിറ്റിൽ പ്രതിരോധത്തിലെ പിഴവിൽ നിന്ന് ബെംഗളൂരു മൂന്നാം ഗോൾനേടി. പകരക്കാരനായി ഇറങ്ങിയ പെരേര ഡയസ് പന്തുമായി മുന്നേറി ബോക്‌സിൽ ആരും മാർക്ക് ചെയ്യാതെ നിൽക്കുകയായിരുന്ന ഛേത്രിയിലേക്ക് തളികയിലെന്നപോലെ പന്ത് നൽകി. ഛേത്രിയുടെ ക്ലിനിക്കൽ ഫിനിഷ്. അവസാന മിനിറ്റിൽ മഞ്ഞപ്പട തുടരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ബെംഗളൂരുവിന്റെ രക്ഷകനായി അവതരിച്ചു. ഒടുവിൽ കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ നാലാംഗോളും ഹാട്രികും തികച്ച് ബെംഗളൂരു മറ്റൊരു ജയം കൂടി സ്വന്തമാക്കി.