'ഗഫൂർക്ക ഉള്ളപ്പോൾ പിന്നെന്തിന് ടെൻഷൻ': പ്രീസീസണിൽ യുഎഇ ക്ലബുകളെ നേരിടാൻ കേരളബ്ലാസ്റ്റേഴ്‌സ്
കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന പല വിദേശതാരങ്ങളും ഇക്കുറി ഒപ്പമില്ലെങ്കിലും പകരം വന്നവർ മികച്ച കളി പുറത്തെടുക്കാൻ കെൽപ്പുള്ളവരാണെന്നാണ് ഇവാൻ പറയുന്നത്.
കൊച്ചി: അടുത്ത സീസണിന് മുന്നോടിയായി കേരളബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരങ്ങൾക്ക് തുടക്കമിടുന്നു. ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീസീസൺ പരിശീലനം ആരംഭിച്ച ക്ലബ്ബ്, ഓഗസ്റ്റ് പകുതിയോടെ യുഎഇയിലേക്കു തിരിക്കും. യുഎഇ ടൂറിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രൊമോയും പുറത്തിറങ്ങി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ ഹിറ്റായ ഗഫൂര്‍ക്കയെ കടമെടുത്താണ് ബ്ലാസ്റ്റേഴ്സിന്റെ പ്രൊമോ.
'ഇവിടുത്തെ പണിക്കാര്‍ ആരാന്ന് ചോദിച്ചാ, ഗഫൂര്‍കാ ദോസ്ത് എന്ന് പറഞ്ഞാല്‍ മതി, ബാക്കിയൊക്കെ ഞമ്മളേറ്റു എന്ന ഡയലോഗാണ് പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലകന്‍ ഇവാന്‍ വുകോമിനോവിച്ച് കളിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് വീഡിയോയിലുള്ളത്. യുഎഇ പ്രൊ ലീഗിൽ കളിക്കുന്ന അല്‍ നാസ്ര്‍ എസ്‌സി, ദിബ എഫ്‌സി എന്നീ ക്ലബ്ബുകൾക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും സൗഹൃദ മത്സരങ്ങള്‍ കളിക്കും.2022 ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ അല്‍നാസ്ര്‍ എസ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസൺ സൗഹൃദ മത്സരം.
ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടും. മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴിയായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം. ഈ മാസമാദ്യം കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഏറെ ആത്മവിശ്വാസത്തോടെയാണ് വരും സീസണിനെ നോക്കിക്കാണുന്നത്. കഴിഞ്ഞ സീസണേക്കാൾ മികച്ച ടീമാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളതെന്ന അഭിപ്രായമുള്ള അദ്ദേഹം മത്സരങ്ങൾക്കനുസരിച്ച് ടീം ലൈനപ്പിൽ മാറ്റം വരുത്താനുള്ള കൂടുതൽ സാധ്യത ഇക്കുറി ബ്ലാസ്റ്റേഴ്സിനുണ്ടെന്നും പറയപ്പെടുന്നുണ്ട്.
കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന പല വിദേശതാരങ്ങളും ഇക്കുറി ഒപ്പമില്ലെങ്കിലും പകരം വന്നവർ മികച്ച കളി പുറത്തെടുക്കാൻ കെൽപ്പുള്ളവരാണെന്നാണ് ഇവാൻ പറയുന്നത്.
Summary- Kerala Blasters will face UAE clubs in the preseason