സൗഹൃദപ്പോരാട്ടത്തിൽ യുവന്റസിനെ തകർത്ത് ബാഴ്‌സലോണ: തകർപ്പൻ ജയം

ലാ ലിഗ സീസണ് മുന്നോടിയായുള്ള ജോവാൻ ഗാമ്പർ ട്രോഫി മത്സരത്തിലായിരുന്നു ബാഴ്‌സയുടെ മിന്നും വിജയം.

Update: 2021-08-09 02:53 GMT
Editor : rishad | By : Web Desk
Advertising

അർജന്റീനൻ സൂപ്പർതാരം ലയണൽ മെസി പോയതിന്റെ സങ്കടത്തിലാണ് ബാഴ്‌സലോണ. ആരാധകരും ഏറെക്കുറെ ബാഴ്‌സയിൽ നിന്ന് മാനസികമായി അകന്നുകഴിഞ്ഞു. ഇതിനിടയിൽ പ്രീസീസൺ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സലോണ. എതിരാളിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയുള്ള യുവന്റസും. ലാ ലിഗ സീസണ് മുന്നോടിയായുള്ള ജോവാൻ ഗാമ്പർ ട്രോഫി മത്സരത്തിലായിരുന്നു ബാഴ്‌സയുടെ മിന്നും വിജയം.

അതും എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്. സൗഹൃദപ്പോരാട്ടമാണെങ്കിലും ഇരു ടീമുകളിലെയും പ്രധാന താരങ്ങൾ ബൂട്ടുകെട്ടി. ബാഴ്‌സയിൽ മെസിയുണ്ടായിരുന്നുവെങ്കിൽ മെസി-റൊണാൾഡോ എന്ന നിലയിൽ ആഘോഷിക്കപ്പെടേണ്ട മത്സരമായിരുന്നു ആളും ആരവവുമില്ലാതെ അടങ്ങിയത്. മെംഫിസ് ഡിപെ, മാർട്ടിൻ ബ്രാത്ത്‌വെയിറ്റ്, റിഗ്വി പിഗ്വ് എന്നിവരാണ് ബാഴ്‌സക്കായി ഗോൾ നേടിയത്.

കളി തുടങ്ങി മൂന്നാം മിനുറ്റിൽ തന്നെ ഡിപെയിലൂടെ ബാഴ്‌സ മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു ബാഴ്‌സയുടെ രണ്ടാം ഗോൾ(57) കളിയുടെ എക്‌സ്ട്രാ ടൈമിലാണ് ബാഴ്‌സയുടെ വിജയം ഉറപ്പിച്ച ഗോൾ വന്നത്. അതേസമയം ബാഴ്സ വിട്ട ലയണല്‍ മെസി പിഎസ്ജിയിലേക്കെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരവുമായി പിഎസ്ജി ധാരണയിലെത്തിയെന്നും മെഡിക്കല്‍ പരിശോധന പൂർത്തിയായാല്‍ കരാർ നിലവില്‍ വരുമെന്നുമാണ് വിവരം.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News