ലയണൽ സ്കലോണി: ഈ മനോഹര കാലത്തിന് നിങ്ങൾക്ക് നന്ദി


ഇപ്പോൾ ബ്രസീൽ അനുഭവിക്കുന്ന വേദനയിലുമധികം കണ്ണീർകുടിച്ചുതീർത്ത കാലം അർജന്റീന ആരാധകർക്കുമുണ്ടായിരുന്നു. ‘‘അസ്തമയത്തിന് ശേഷം ഒരു ഉദയം ഇല്ലെങ്കിൽ അതൊരു സൂര്യനല്ലാതിരിക്കണം എന്നുതുടങ്ങുന്ന വരികൾ’’ അർജന്റീന ആരാധകരുടെ സ്റ്റാറ്റസുകളിൽ നിറഞ്ഞ ഒരു കാലം. മാരിയോ ഗോഡ്സെയുടെ കാലിൽനിന്നുമുയിർത്ത വെടിയുണ്ടയിൽ പൊലിഞ്ഞ 2014 ലോകകപ്പ് ഫൈനൽ. അതിന്റെ വേദനമാറും മുമ്പേ രണ്ട് കോപ്പ ഫൈനൽ തോൽവികൾ. തുടർ പരാജയങ്ങളിൽ മനം മടുത്ത് അർജന്റീനയുടെ കുപ്പായമൂരുന്നെന്ന് മെസ്സി പ്രഖ്യാപിച്ച വേദനയുടെ ദിനം. വൈകാതെ റഷ്യൻ ലോകകപ്പിലെ നാണം കെട്ട പുറത്താകലും.

ലയണൽ മെസ്സിയെന്ന മനുഷ്യന്റെ മുഖമൊന്ന് വാടിയാൽ അതിനൊത്ത് തളരുകയും മെസ്സിയുടെ കാലുകൾ ചലിച്ചാൽ മാത്രം നീങ്ങുകയും ചെയ്തിരുന്ന ഒരുടീം. എതിരാളികളോട് ജയിക്കാൻ കിരീടങ്ങൾ കണ്ട് കൂടെക്കൂടിയവരല്ല ഞങ്ങളെന്ന് ആരാധകർ പറയുന്ന കാലത്താണ് കാര്യമായി മുൻപരിചയം പോലുമില്ലാത്ത ലയണൽ സ്കലോണിയെ കോച്ചായി നിയമിക്കുന്നത്. അയോഗ്യനെന്നും ട്രാഫിക് േബ്ലാക്ക് പോലും നിയന്ത്രിക്കാൻ പ്രാപ്തിയില്ലാത്തവനെന്നും അർജൈൻൻ ദൈവം മറഡോണ തന്നെ വിളിച്ച സ്കലോണി ആൽബിസെലസ്റ്റകളുടെ കാൽപന്ത് ചരിത്രത്തെ എന്നെന്നേക്കുമായി മാറ്റുന്നതാണ് പിന്നീട് ലോകം കാണുന്നത്.
2019 കോപ്പയിൽ തോറ്റുതുടങ്ങിയ അവർ 2021ലെ കോപ്പയിൽ ഉണർന്നെണീറ്റു. ഒടുവിൽ കിരീടങ്ങളെത്തായ ബ്യൂനസ് ഐറിസിലെ ഇരുട്ടുമുറിയിൽ ഏറെക്കാലത്തിന് ശേഷം കിരീടത്തിന്റെ തിളക്കം പടർന്നു. വൈകാതെ സൗദിയോട് തോറ്റുതുടങ്ങിയ ലോകകപ്പിനൊടുക്കം അറേബ്യയിലെ മണൽത്തരികളെപ്പോലും നൃത്തമാടിച്ചവിധമുള്ള ഫൈനൽ വിജയം. ലോകം ജയിച്ച ആ സംഘത്തിന് പിന്നീടുള്ള കോപ്പയും ബ്രസീലിനെതിരായവിജയവുമെല്ലാം തങ്ങളുടെ സുവർണകിരീടത്തിൽ വെക്കുന്ന തൂവലുകൾ മാത്രമാണ്.
വിജയ കഥകളിലും മിശിഹായുടെ വീരപുരാണങ്ങളിലും മതിമറന്നിരിക്കുന്നവനല്ല താനെന്ന് സ്കലോണി ഒരിക്കൽ കൂടി തെളിയിക്കുന്നു. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോനുമെന്റലിൽ ഇന്നലെ കിക്കോഫ് വിസിലുയർന്നത് മുതൽ കണ്ടതും അതാണ്. മത്സരത്തിന്റെ ആദ്യ കിക്ക് മുതൽ മൈതാനത്ത് കണ്ടത് 42 അൺബ്രോക്കൺ പാസുകൾ. ലോകത്തെ ഏറ്റവും മികച്ച ലീഗെന്ന് അറിയപ്പെടുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇതുവരെ 289 മത്സരങ്ങൾ നടന്നു. കിക്കോഫിന് ശേഷം ഒരു ടീമും 11 പാസുകൾക്കപ്പുറം പോയിട്ടില്ല. അഥവാ സ്കലോണിയുടെ കളിക്കൂട്ടം സെറ്റ് ചെയ്തുവെക്കുന്ന ബെഞ്ച്മാർക്കുകൾ വലുതാണ്.
ഫുട്ബോൾ കളിക്കേണ്ടത് തലച്ചോർ കൊണ്ടാണെന്നും കാൽ വെറുമൊരു ടൂൾ ആണെന്നും യൊഹാൻ ക്രൈഫ് പറഞ്ഞിട്ടുണ്ട്. ഇന്നലെ അർജന്റീന കളത്തിൽ നടപ്പാക്കിയതും അതുതന്നെയാണ്. മൈതാനത്തെ അർജന്റീന ശരിക്കും ഒരു യുദ്ധക്കളമാക്കി. ഏതൊക്കെ ഇടനാഴികളിലൂടെയാണ് അർജന്റീനൻ പടയാളികൾ വരുന്നതെന്ന് മനസ്സിലാക്കാൻ ബ്രസീലുകാർക്ക് ഒരിക്കലുമായില്ല.
പന്തുമായി കുതിക്കുന്നവനോടൊപ്പം അർജന്റീന താരങ്ങൾ ഒന്നടങ്കം അണിചേരും. അതുകണ്ട് വിറളി വിളിച്ച് വരുന്ന കാനറികൾക്ക് പൊസിഷൻ തെറ്റും. അതിനിടയിലുള്ള സ്പെയ്സിലൂടെ ഗോളിലേക്ക് പാതയൊരുക്കും. ഇന്നലെ ബ്രസീലിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചതും ഈ തന്ത്രമായിരുന്നു.
ഈ ചിത്രമൊന്ന് നോക്കൂ. ഇതിൽ വലതു ഭാഗത്ത് ഒരു അർജന്റീന താരവുമില്ല. അതുകൊണ്ടുതന്നെ ബ്രസീൽ പ്രതിരോധനിരയുടെ ശ്രദ്ധയെല്ലാം ഇടതുവശത്താണ്. ഇത് അർജന്റീന ബ്രസീലിനായി ഒരുക്കിയ ഒരു ട്രാപ്പായിരുന്നുവെന്നതിന് തുടർന്നുള്ള നിമിഷങ്ങൾ സാക്ഷി. ശൂന്യമായിക്കിടക്കുന്ന വലതുവശത്തെ സ്പെയിസിലേക്ക് മൊളിന ഓടിക്കയറുന്നു.
അതോടെ ഇടതുവശത്ത് നിന്നും പന്ത് മൊലീനക്ക് കൈമാറുന്നു. ആളില്ലാത്ത വലത് മൂലയിലൂടെ അനായാസം ബോക്സിലേക്ക് കയറുന്ന മൊളിന ചിതറിക്കിടക്കുന്ന ബ്രസീൽ ഡിഫൻസിലൂടെ പന്ത് എൻസോക്ക് നൽകുന്നു. ചെറിയ ഡിഫ്ലക്ഷൻ ഉണ്ടെങ്കിലും ആ പന്ത് പ്രതീക്ഷിച്ചിരുന്ന എൻസോ അനായാസം ഫിനിഷ് ചെയ്യുന്നു.
സ്കലോണി ഈടീമിനുള്ളിൽ തുന്നിയുണ്ടാക്കിയ ഇഴയടുപ്പം അതിഭീകരമാണ്. യൂറോപ്യൻക്ലബ് സീസണുകളുടെ ഇടവേളകളിൽ ലാറ്റിന അമേരിക്കയിൽ വന്ന് പന്തുതട്ടിപ്പോകുന്ന വെറുമൊരു ടീം മാത്രമല്ലിത്. ഓരോ താരങ്ങളും തമ്മിൽ പരസ്പരം സാഹോദര്യത്തിന്റെയും മനസ്സിലാക്കലിന്റെയും വലിയ ബോണ്ട് സൂക്ഷിക്കുന്നു. തല്ലാനും കൊല്ലാനും കരളുപങ്കിടാനും തയ്യാറായ ഒരു സംഘം. എന്നാൽ ബ്രസീൽ ടീമിനെ നോക്കൂ. ഞങ്ങൾ ഇനിയും പരസ്പരം അറിഞ്ഞിട്ടില്ല എന്ന് മാർക്യനോസ് പറഞ്ഞിട്ട് അധികദിവസമായിട്ടില്ല. മെസ്സിയെന്ന ഗ്രഹത്തിന് ചുറ്റും കറങ്ങിയിരുന്ന ഒരു കൂട്ടത്തിന് അപ്പുറത്ത് ഒരു ടീമിനെ വാർത്തെടുക്കുക കൂടിയാണ് സ്കലോണി ചെയ്യുന്നത്. ഉറുഗ്വാക്കെതിരെയുള്ള വിജയത്തിന് പിന്നാലെ മെസ്സിയടക്കമുള്ള പ്രമുഖ താരങ്ങളുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്കലോണിയുടെ മുന്നിൽ ചോദ്യമെത്തിയിരുന്നു. അന്ന് സ്കലോണിയുടെ മറുപടി ഇങ്ങനെ.
‘‘ടീമിൽ പ്രധാനപ്പെട്ട പലരുമില്ലായിരിക്കാം. പക്ഷേ കളത്തിലുള്ളത് മികച്ച താരങ്ങളാണ്. ഏതെങ്കിലും പേരുകളല്ല, അതിനും അപ്പുറത്താണ് ഈ ടീം. ഇതൊരു ദേശീയ ടീമാണ്. ഒരാളില്ലെങ്കിൽ മറ്റൊരാൾ ഉയർന്നുവരും’’.
സ്കലോണിയെന്ന മനുഷ്യൻ കളത്തിനപ്പുറത്തും തന്റെ ക്ലാസ് തെളിയിച്ച ദിവസമാണ് കടന്നുപോയത്. മത്സരം ബോറടിപ്പിച്ചെന്ന് ഗ്യാലറിയെ കാണിക്കാനും ബ്രസീലിനെ പുച്ഛിക്കാനുമായി എമിലിയാനോ മാർട്ടിനസ് പന്ത് ജഗിൾ ചെയ്തുതുടങ്ങിയതേയുള്ളൂ. ഉടനെത്തന്നെ ടച്ച് ലൈനിന് അരികെ നിന്നും അരുതെന്ന് സ്കലോണിയുടെ കൽപ്പനയെത്തി. റഫീന്യയുടെ പ്രകോപനപരമായ പ്രസ്താവനയെ അതേ വൈകാരികതയിൽ തന്നെയാണ് അർജന്റീന താരങ്ങൾ നേരിട്ടത്. കളത്തിൽ റഫീന്യയോട് കോർത്ത അവർ മത്സരശേഷം പരിഹസിക്കുന്ന ചാന്റുകൾ ചൊല്ലുകയും ചെയ്തു.
പക്ഷേ റഫീന്യയുടെ പ്രസ്താവനയെ സ്പോർട്സ്മാൻ സ്പിരിറ്റിനാൽ നേരിട്ട സ്കലോണി റഫീന്യയെ ചേർത്തുപിടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഖത്തർ ലോകകപ്പ് കാലത്താണ് അർജന്റീനക്ക് ലാ സ്കലോനേറ്റ എന്ന പേരു പതിയുന്നത്. മെസ്സിയെ മുൻ സീറ്റിലിരുത്തി ഡ്രൈവ് ചെയ്യുന്ന സ്കലോണിയുടെ ചിത്രവും അന്ന് പരന്നു. ഇന്നിപ്പോൾ മുൻ സീറ്റിൽ നിന്നും മെസ്സി ഇറങ്ങിയാലും ഈ വണ്ടി ലക്ഷ്യസ്ഥാനത്ത് തന്നെയെത്തും. ബ്രസീൽ ആരാധകരും ഇപ്പോൾ തേടുന്നത് ഇതുപോലൊരു മാനേജറെയാണ്. തങ്ങളുടെ ദുരിത കാലത്തിന് അറുതി വരുത്താൻ ഇതുപോലൊരു രക്ഷകൻ വരുമെന്ന് അവരും കിനാവ് കാണുന്നു.