കാത്തിരുന്ന് കണക്കുകൂട്ടി കളം വരച്ച സ്‌കലോണിയും അതിന് തീ പകർന്ന 4 പരിചാരകരും; ഈ ലോകകപ്പ് വിജയം ഇവര്‍ക്കുകൂടി അവകാശപ്പെട്ടതാണ്
പലരും ചാരമെന്ന് പരിഹസിച്ച അർജന്റീയെയാണ് 4 വർഷം മുൻപ് സ്‍കലോണി ഏറ്റെടുത്തത്. അവിടെ നിന്ന് ചാരത്തെ ഊതി ഊതി കനലാക്കി, തീയാക്കി....
ദോഹ: അർജന്റീനയുടെ ലോകകപ്പ് വിജയം അടയാളപ്പെടുത്തുക പരിശീലകരുടെ കൂടി പേരിലായിരിക്കും. മുഖ്യപരിശീലകൻ ലയണൽ സ്‌കലോണിയും ഒപ്പം നാല് സഹപരിശീലകരും. പരിശീലക സംഘത്തിന്റെ കണക്കുകൂട്ടലുകളുടെ ഫലം കൂടിയാണ് ലോകകിരീടം. അർജന്റീന കിരീടം നേടുമ്പോൾ വാഴ്ത്തപ്പെടുക 10 നമ്പർ ജേഴ്‌സിയണിഞ്ഞ ലയണൽ മെസിയും അയാൾക്കായി സർവതും ത്യജിക്കാൻ തയ്യാറായ മറ്റ് 10 പേരുമാണ്. എന്നാൽ കാത്തിരുന്ന് കണക്കുകൂട്ടി കളം വരച്ച ഒരു പരിശീലകനും അതിന് തീ പകർന്ന 4 പരിചാരകരമുണ്ട്. സൈഡ് ലൈന് പുറത്തെ അർജന്റീന.
പലരും ചാരമെന്ന് പരിഹസിച്ച അർജന്റീയെയാണ് 4 വർഷം മുൻപ് സ്‍കലോണി ഏറ്റെടുത്തത്. അവിടെ നിന്ന് ചാരത്തെ ഊതി ഊതി കനലാക്കി, തീയാക്കി മാറ്റി. ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ വശ്യതയും പന്തുകൊണ്ടുള്ള കവിതയും സ്‍കലോണിയുടെ രീതിയായിരുന്നില്ല. എതിരാളിയെ അറിഞ്ഞ് കളിക്കണം. ഗോൾ അടിക്കണം ജയിക്കണം. അതിന് ടീമിന്റെ സ്ഥിരം രീതികളെയും താരങ്ങളെയും പൊളിച്ചു വാർത്തു. യുറോപ്യൻ ലീഗുകളിൽ കളിക്കുന്ന യുവതാരങ്ങളെ സംഘത്തിലെത്തിച്ചു.അവരെ കളത്തിൽ മെസ്സിയെഏൽപ്പിച്ചു.കളിയും കളവും പിടിച്ചു.ഒടുവിൽ ലോകകിരീടവും.
ഈ കാലയളവിലെ അർജന്റീനിയൻ വിജയഗാഥയുടെ അവകാശി സ്‍കലോണി മാത്രമല്ല. തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടിയ 4 പേർ കൂടിയുണ്ട്. പാബ്ലോ ഐമർ, വാൾട്ടർ സാമുവൽ, റോബർട്ടോ അയാളാ.. മാർട്ടിൻ ടോക്കേലി.സ്‍കലോണിയുടെ സമകാലികരിൽ പ്രധാനിയാണ് പാബ്ലോ ഐമർ. മുൻ മധ്യനിരതാരമായ ഐമറിന്റെ കണ്ടെത്തലാണ് ഡിപോളും, പരാഡസും ലോസെൽസോയുമെല്ലാം. മുൻ പ്രതിരോധതാരങ്ങളായ വാർട്ടർ സാമുവലും റോബർട്ടോ അയാളയുമണ് അർജന്റീനയുടെ പ്രതിരോധത്തിൽ കളി മെനയുന്നത്. ക്രിസ്റ്റ്യൻ റോമേറോയും ലിസാൻഡ്രോ മാർട്ടിനസും ഇവരുടെ സംഭാവനയാണ്.
ഈ സംഘത്തിലെ നാലാമനാണ് മാർട്ടിന് ടോക്കേലി. അർജന്റീനിയൻ ഗോൾ വലയ്ക്ക് കീഴിൽ എമിലിയാനോ മാർട്ടിനസ് ചിറകു വിരിക്കുമ്പോൾ അത് ടോക്കേലിയുടെ കൂടി വിജയമാണ്. ലോകം കീഴടക്കി മിശിഹയും അനുചരന്മാരും വാഴുമ്പോൾ ഇവരും വാഴ്ത്തപ്പെടണം.